Sunday, November 13, 2022

വിജയത്തിന്റെ രസതന്ത്രം

വിജയത്തിന്റെ രസതന്ത്രം

- കഥ -


ഒരു പഴകടയിൽ നിന്ന് സാധനങ്ങൾ വാങ്ങിതിരിച്ചു കാറിലേക്ക് കയറുമ്പോൾ "ഫാസിൽക്കാ" എന്ന പുറകിൽ നിന്നുള്ള വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി. ഒരു ചെറുപ്പക്കാരൻ എന്റെ അടുത്തേക്ക് വന്നു.

 - "അസ്സലാമു അലൈക്കും"

 - "വ അലൈക്കുമുസ്സലാം"

 (ഞങ്ങൾ പരസ്പരം അഭിവാദ്യം ചെയ്തു.)

 - "നമ്മളെയൊക്കെ ഓർമ്മയുണ്ടോ?" എന്ന് ആ വ്യക്തി ചോദിച്ചു.

 - "കണ്ടിട്ട് ഒരു പരിചയമുള്ള മുഖം പോലെ. പക്ഷേ, ശരിക്കും അങ്ങ് മനസ്സിലാവുന്നില്ല."

 - "എന്റെ ഓർമ്മ ശരിയാണെങ്കിൽ, നമ്മൾ ഒരു തവണ മാത്രമേ നേരിട്ട് കണ്ടിട്ടുള്ളൂ.. ഞാൻ റഹീമാണ്. നിങ്ങളുടെ സുഹൃത്തായ നൗഷാദ്ക്കായുടെ കുടുംബക്കാരനാണ്. ഇപ്പൊ ഓർമ്മ വന്നോ?"

 - "മാഷാ അല്ലാഹ്.. ആ മനസ്സിലായി. ഇപ്പോഴാണ് ആളെ പിടികിട്ടിയത്. നീയാകെ മാറിപ്പോയല്ലോടാ.."😊


(അങ്ങനെ പറയാൻ ഒരു കാരണം കൂടിയുണ്ട്.)


വർഷങ്ങൾക്കു മുമ്പ്. ഞാൻ ഡിഗ്രി രണ്ടാംവർഷ വിദ്യാർഥിയാണ്. എന്റെ പ്രിയ സുഹൃത്തായ നൗഷാദിന്റെ സഹോദരിയുടെ കല്യാണത്തിനാണ് ഞാൻ റഹീമിനെ ആദ്യമായി കാണുന്നത്. കല്യാണദിവസം പന്തലിൽ കുടുംബക്കാരായ മുതിർന്നവരും കുട്ടികളും കളിച്ചും അതിഥികളെ സ്വീകരിച്ചും സംസാരിച്ചു കൊണ്ടും ഓരോരോ തിരക്കിലാണ്. നൗഷാദാകട്ടെ അവന്റെ കൂടെ മുമ്പ് പഠിച്ച സുഹൃത്തുക്കൾക്ക് വീട്ടിലേക്ക് വഴി പറഞ്ഞു കൊടുക്കുകയും ചെയ്യുന്നുണ്ട്. ഫോൺ കട്ട് ചെയ്ത് എന്റെ അടുത്തേക്ക് വന്ന് എന്നോടും മറ്റു സുഹൃത്തുക്കളോടുമായി നൗഷാദ് സംസാരത്തിലേർപ്പെട്ടു. അങ്ങനെ ഉപ്പയെയും മറ്റു കുടുംബാംഗങ്ങളെയും നൗഷാദ് പരിചയപ്പെടുത്തിത്തന്നു. ഞാൻ മുമ്പ് പെരുന്നാളിനും മറ്റുമൊക്കെയായി നൗഷാദിന്റെ വീട്ടിൽ പോയിട്ടുണ്ടെങ്കിലും ഈ പറയപ്പെട്ട കുടുംബക്കാരെ ആദ്യമായിട്ടാണ് കാണുന്നത്. പെരുന്നാൾ ഒക്കെ ആയിട്ട് ഓരോരുത്തര് ഓരോ വഴിക്ക് പോകുമ്പോഴാണ് ഞാൻ അവിടെ എത്തിയിരുന്നത്.

- "ങ്ങളൊക്കെ ഇവന്റെ കൂടെ പഠിക്കുന്നവരാണ് ല്ലേ..?"

- "ഹാ.. അതെ.." നൗഷാദിന്റെ ഉപ്പക്ക് ഞങ്ങൾ മറുപടി നൽകി.

- "എങ്കിൽ വാ ഭക്ഷണം കഴിക്കാം. ഇപ്പോൾ കുറച്ച് സീറ്റ്ണ്ട്.."

- " ഞങ്ങൾ വരാം. കുറച്ചു പേരും കൂടി എത്താനുണ്ട്." നൗഷാദ് മറുപടി നൽകി.

- "ന്നാ അങ്ങനെ ആകട്ടെ.." എന്ന് പുഞ്ചിരിയോടെ പറഞ്ഞു ഉപ്പ അതിഥികളെ സ്വീകരിക്കാൻ ചെന്നു.

 നേരത്തെ വെള്ളം കൊണ്ട് വന്നിരുന്ന ഒരു പയ്യൻ ഞങ്ങളുടെ അടുത്തുനിന്ന് ഓരോന്നായി വീക്ഷിക്കുന്നത് കണ്ടു. കണ്ടാൽ എട്ടിലോ ഒൻപതിലോ പഠിക്കുന്ന പ്രായം കാണും.

 - "എന്താ നിന്റെ പേര്?" എന്ന് ഞാൻ ചോദിച്ചു.

 - " ഓന്റെ പേര് റഹീം" എന്ന നൗഷാദ് എനിക്ക് മറുപടി തന്നു.

 - "നീ വരുന്ന ആളുകളെ ശ്രദ്ധിക്ക് ട്ടോ.. എല്ലാവർക്കും വെള്ളം കൊണ്ട് കൊടുക്ക്." എന്ന് പറഞ്ഞ് നൗഷാദ് അവനെ തിരികെയയച്ചു.

 ഇത് കണ്ടപ്പോൾ ഞാൻ നൗഷാദിനെ ഒന്ന് ശ്രദ്ധിച്ചു. "അവൻ പെട്ടെന്ന് എന്നോട് ചാടിക്കയറി ആ ചെക്കന്റെ പേര് പറഞ്ഞു. പിന്നെ വെള്ളം കൊടുക്കാനെന്നും പറഞ്ഞ് അവനെ മാറ്റിനിർത്തി." എന്താണ് സംഭവം? എന്റെ മനസ്സ് മന്ത്രിച്ചു.

ഇതൊക്കെ ശ്രദ്ധിച്ച നൗഷാദ് തിരക്കൊഴിഞ്ഞപ്പോൾ എന്നോട് കാര്യം പറഞ്ഞു.

- "എടാ അവന് നല്ലതുപോലെ സംസാരിക്കാൻ കഴിയില്ല. എല്ലാവരും കൂടി നിൽക്കുമ്പോ അവനൊരു വിഷമവും ആവണ്ട എന്ന് കരുതിയിട്ടാണ് ഞാൻ ഉത്തരം പറഞ്ഞത്."

- "ഹോ..അങ്ങനെയുണ്ടോ?! അവൻ കുറച്ചു നേരമായി നമ്മളെ ശ്രദ്ധിക്കുന്നത് കണ്ടു. എന്തോ അടുപ്പം കാണിക്കുന്നത് പോലെ തോന്നിയിട്ടാണ് ഞാൻ പേര് ചോദിച്ചത്. മുമ്പ് പെരുന്നാളിന് ഇവിടെ വന്നപ്പോൾ ഞാൻ ഇറങ്ങാൻ നേരത്താണല്ലോ അവൻ വന്നത്. അന്ന് കണ്ട് പരിചയപ്പെടാനും കഴിഞ്ഞില്ല. അതാണ്. അവന് വിഷമമായി കാണോ?" ഞാൻ നൗഷാദിനോട് ചോദിച്ചു.

- "ഹേയ്.. അതൊന്നും ഇല്ല. അവൻ പൊളിയാ.. അങ്ങനെ പെട്ടെന്ന് തളരുന്ന ആളൊന്നുമല്ല."

അതുകേട്ടപ്പോൾ എനിക്ക് സമാധാനമായി. ഞാൻ കാരണം ഒരാൾക്ക് ഒരു വിഷമം ഉണ്ടാകരുതല്ലോ.

പിന്നെ പലപ്പോഴും ഞങ്ങൾ സംസാരിക്കുമ്പോൾ ഈ പയ്യന്റെ കാര്യം ഓർമ്മയിൽ വരും. എന്താണെന്നറിയില്ല. അവന്റെ കാര്യം മാത്രം ഓർമ്മയിൽ തങ്ങിനിൽക്കുന്നത് എന്ന്. കൈകാലുകൾ നഷ്ടപ്പെട്ടവരെയും സംസാരശേഷിയും കാഴ്ചശക്തിയും പൂർണമായി നഷ്ടപ്പെട്ടവരെയുമൊക്കെ നേരിൽ കണ്ടിട്ടുണ്ട്. എന്നിട്ടും അല്പം മാത്രം ബുദ്ധിമുട്ടുകളോടെ സംസാരിക്കുന്ന ഇവനെ മാത്രം... ഓരോ കാര്യങ്ങളായി നൗഷാദിനോട് ഞാൻ ചോദിച്ചറിയും. അങ്ങനെ അവനെ അടുത്ത് മനസ്സിലാക്കാൻ സാധിച്ചു.

- "എന്റെ അകന്ന കുടുംബക്കാരനാണ് റഹീം. അയൽവാസിയുമാണ്. ഓന്റെ ഉമ്മക്കും ഉപ്പാക്കും അവൻ ഒറ്റ മകനാ.. പിന്നെ രണ്ടു പെങ്ങൾമാരും. മൂത്തത് എന്റെ തുണയാ.. B.sc ക്ക് പഠിക്കാ.. 4 മാസം മുമ്പ് നിക്കാഹ് കഴിഞ്ഞു. ചെക്കൻ ഗൾഫിലാണ്. പിന്നെയുള്ളത് അനിയത്തിയാണ് അവൾ അഞ്ചിലോ ആറിലോ മറ്റോ ആണ്. പഠിക്കാനൊക്കെ ഇവൻ മിടുക്കനാ. ഇവനെന്നല്ല പെങ്ങൾമാരും അടിപൊളിയാ.. പക്ഷേ, ഇവന്റെ ചെറുപ്പം മുതൽ സംസാരം അത്ര ക്ലിയർ അല്ല. സാധാരണ ഒരു ഒന്നര വയസ്സാകുമ്പോൾ തന്നെ കുട്ടികൾ ചെറുങ്ങനെ സംസാരിക്കല്ലോ... രണ്ടു വയസ്സ് കഴിഞ്ഞിട്ടും ഇവനൊന്നും പറയുന്നില്ല. അങ്ങനെ ഡോക്ടറെ കാണിച്ചപ്പോൾ ആണ് ചെറുനാവിന് എന്തോ ബുദ്ധിമുട്ടുള്ളത് അറിയുന്നത്. കുറെ കാണിച്ചു. കുറേ ടെസ്റ്റുകൾ ഒക്കെ ചെയ്തു. അങ്ങനെ ഇപ്പോ കാണുന്ന രൂപത്തിൽ കുറച്ചൊക്കെ സംസാരിച്ചു തുടങ്ങി. എന്നാലും വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല."

- "എന്നാലും അൽഹംദുലില്ല. ഇത്രയെങ്കിലും ആയില്ലേ.." ഞാൻ ഇടക്ക് കേറി ചോദിച്ചു.

- " ആ ആയി.. അതല്ല ഞാൻ പറഞ്ഞത്. അവർ കാണിച്ച ഡോക്ടർമാരെ നോക്കുമ്പോൾ ഇവനിങ്ങനെ സംസാരിച്ചാൽ പോരാ.. ഇല്ലാത്ത പണം മുടക്കിയും കടം വാങ്ങിയുമൊക്കെ ഔക്കർക്കാ ഇവനുവേണ്ടി ചികിത്സ തേടിയിട്ടുണ്ട്. എത്ര ആയിട്ടും വലിയ മാറ്റം ഒന്നുമില്ല. അവസാനമാണ് ഒരു കൗൺസിലിങ്ങിന് പോയത്." "അബൂബക്കർ എന്നാണ് അവന്റെ ഉപ്പാന്റെ പേര്. ഞങ്ങൾ 'ഔക്കർക്കാ' എന്ന് വിളിക്കും."

- "എന്നിട്ട്..?"

- "അവര് കുറെ തെറാപ്പി ഒക്കെ ചെയ്യിപ്പിച്ചു. അങ്ങനെയാണ് ഈ രൂപത്തിലേക്കെങ്കിലും അവൻ എത്തിയത്. മിണ്ടാതിരിക്കുന്നത് നോക്കണ്ട. അവൻ ഊമയൊന്നുമല്ല. സംസാരിക്കും. പക്ഷേ, അവൻ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ ആർക്കൊക്കെയാണ് സാധിക്കുകയെന്ന് അവനു തോന്നുന്നവരോട് മാത്രം. അവന്റെ വീട്ടുകാരോടും, ഈ കാര്യങ്ങളൊക്കെ അറിയുന്ന ഞങ്ങൾ കുറച്ച് അയൽവാസികളോട് മാത്രമേ അവൻ സംസാരിക്കൂ.. വളരെ കുറച്ച് സുഹൃത്തുക്കളെ അവനുള്ളൂ." അങ്ങനെ തുടങ്ങി നൗഷാദിന് അറിയാവുന്ന ഒരുവിധം കാര്യങ്ങളൊക്കെ അവൻ പറഞ്ഞു തന്നു. കേട്ടപ്പോൾ വിഷമം തോന്നി.

 "നമുക്കെല്ലാം നല്ല സ്ഫുടമായി സംസാരിക്കാനുള്ള കഴിവ് പടച്ച റബ്ബ് നമുക്ക് തന്നിട്ടുണ്ട്. നല്ല ആരോഗ്യവും തന്നിട്ടുണ്ട്. എന്നിട്ടും നമ്മൾ എന്തിനുവേണ്ടി ചെലവഴിക്കുന്നു? " എന്ന ചിന്ത അപ്പോൾ എന്റെ മനസ്സിൽ ഉയർന്നുവന്നു.

ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ഒരിക്കൽ, ഫേസ്ബുക്ക് തുറന്ന് നോക്കിയപ്പോൾ ഒരു friend Request ശ്രദ്ധയിൽപ്പെട്ടു. പേരും ഫോട്ടോയും കണ്ടപ്പോൾ തന്നെ എനിക്ക് ആളെ പിടികിട്ടി. ഞാൻ Accept ചെയ്തു. കുറേ ദിവസങ്ങൾക്കു മുമ്പ് request അയച്ചതാണെന്ന് തോന്നുന്നു. വല്ലപ്പോഴും മാത്രം ഫേസ്ബുക്ക് തുറക്കുന്ന ഞാൻ അത് കണ്ടിട്ടുമില്ല. "Hi" എന്ന് ഞാൻ മെസ്സേജ് അയച്ചു. അന്ന് രാത്രി തന്നെ അതിൽ റിപ്ലൈയും വന്നു.

- "Hello, അറിയോ?" എന്നായിരുന്നു അവന്റെ മറുപടി.

നൗഷാദ് എന്നോട് പറഞ്ഞ കാര്യങ്ങൾ അവനെ അറിയിക്കാതെ ഞാൻ മെസ്സേജ് തുടർന്നു.

- " ഏത് ക്ലാസിലാ പഠിക്കുന്നത്?" ഞാൻ ചോദിച്ചു.

- "ഒമ്പതാം ക്ലാസ്."

അങ്ങനെ സ്കൂളിനെ കുറിച്ചും വീട്ടുകാരെക്കുറിച്ചും കൂട്ടുകാരെ കുറിച്ചും അവനെക്കുറിച്ചും അങ്ങനെ പല കാര്യങ്ങളായി ഞാൻ ചോദിച്ചറിഞ്ഞു. ഞാൻ പലപ്പോഴും ടെക്സ്റ്റ് മെസ്സേജുകളും വോയിസ് മെസ്സേജുകളും അയക്കുമെങ്കിലും അവൻ ടെക്സ്റ്റ് മെസ്സേജ് മാത്രമേ എനിക്ക് അയക്കാറുള്ളൂ.

സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാത്ത അവൻ ഉമ്മയുടെയും ഉപ്പയുടെയും ഫോണിൽ ഫേസ്ബുക്ക് എടുത്താണ് എനിക്കും അവന്റെ മറ്റു സുഹൃത്തുക്കൾക്കും മെസ്സേജ് അയക്കാറുള്ളത്. ഇടക്ക് എപ്പോഴെങ്കിലും മാത്രമേ മെസ്സേജ് അയക്കാറുള്ളൂ. എങ്കിലും ഞങ്ങളുടെ സൗഹൃദം വളർന്നു. അങ്ങനെ അവന്റെ വീട്ടുകാര്യങ്ങളും വ്യക്തിപരമായ കാര്യങ്ങളുമൊക്കെ പങ്കുവെക്കും. ഇടക്ക് ഞാൻ ഒന്ന് സംസാരിപ്പിക്കാൻ തീരുമാനിച്ചു. വെറുതെ ഒന്ന് അറിയാൻ വേണ്ടി.

 - "ഹ്.. ഹ്.. ക.. ക..ക.. ക.." എന്നിങ്ങനെ പല അക്ഷരങ്ങളായി വിക്കി വിക്കി അവൻ എന്നോട് സംസാരിച്ചു.

ആദ്യമായിട്ടാണ് അവൻ സംസാരിക്കുന്നത് ഞാൻ കേൾക്കുന്നത്. നൗഷാദ് മുമ്പേ പറഞ്ഞിരുന്നു. 'അവൻ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ ആർക്കൊക്കെയാണ് സാധിക്കുകയെന്ന് അവനു തോന്നുന്നവരോട് മാത്രമേ അവൻ സംസാരിക്കൂ എന്ന്.' ഇന്ന് അവൻ സംസാരിച്ചപ്പോൾ എനിക്ക് തന്ന പരിഗണനയും അവന്റെ മനസ്സിൽ എനിക്കുള്ള സ്ഥാനവും മനസ്സിലാക്കാൻ സാധിച്ചപ്പോൾ അതിയായ സന്തോഷം തോന്നി. വീണ്ടും ഓരോ കാര്യങ്ങളായി ചോദിച്ചറിഞ്ഞു.

- "LP സ്കൂളിൽ പഠിക്കുമ്പോഴാണ് ഞാൻ എല്ലാവരോടും കൂടെ കളിച്ചു തുടങ്ങിയത്. ചിലപ്പോഴൊക്കെ മറ്റു കുട്ടികൾ പൊട്ടൻ എന്നും മറ്റു പേരുകളും വിളിച്ച് എന്നെ കളിയാക്കും. അത്യാവശ്യമൊക്കെ പഠിക്കുമായിരുന്നു ഞാൻ. എന്നാൽ ക്ലാസിൽ ഹോംവർക്ക്, പത്രവാർത്ത, ഡയറി എന്നിവയൊക്കെ മറ്റുള്ളവരെ പോലെ വായിക്കാൻ നിൽക്കുമ്പോൾ 'ബ.. ബ..ബ..' എന്ന് പറഞ്ഞു കുട്ടികൾ എന്നെ കളിയാക്കും. ദേഷ്യവും സങ്കടവുമൊക്കെ വരും. കണ്ണ് നിറച്ച് ടീച്ചറെ മുഖത്തുനോക്കുമ്പോൾ കുട്ടികളെയെല്ലാം ടീച്ചർ ശിക്ഷിക്കും. പിന്നെ ആ ദേഷ്യവും കൂടി എന്നോട് വീണ്ടും തീർക്കും. ഒരു ദിവസം ഉപ്പയോട് കാര്യം പറഞ്ഞു. അങ്ങനെ ഉപ്പയും ടീച്ചറും സംസാരിച്ച് വായനയുമായി ബന്ധപ്പെട്ട എല്ലാത്തിൽ നിന്നും എന്നെ മാറ്റി നിർത്തി." ആ ഒമ്പതാം ക്ലാസുകാരൻ അവന്റെ സങ്കടങ്ങൾ അവന്റേതായ ഭാഷയിൽ എന്നോട് പറഞ്ഞു. ടെക്സ്റ്റ് മെസ്സേജ് ആണ് അയക്കുന്നത് എങ്കിലും മറുഭാഗത്ത് നിൽക്കുന്ന അവന്റെ കണ്ണ് നിറയുന്നത് എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു.

- "നിന്റെ best friend ആരാ?" എന്ന് ഞാൻ ചോദിച്ചു.

- "എന്റെ ഉപ്പ" എന്ന് അവൻ ഉത്തരം പറഞ്ഞു. ഞാൻ അത്ഭുതപ്പെട്ടുപോയി. സാധാരണ ഇങ്ങനെ ഒരു ചോദ്യം വന്നാൽ ഓരോ കുട്ടികളുടെ പേരാണ് പറയാറ്.

- " അതെന്താ?"ഞാൻ ചോദിച്ചു.

- " ഉപ്പാക്ക് എന്റെ എല്ലാ കാര്യങ്ങളും അറിയാലോ. ഞാൻ ഒറ്റമകനും ആണ്. എനിക്കാണെങ്കിൽ വീട്ടിൽ കമ്പനിക്ക് ആരുമില്ല. ഉപ്പ തന്നെ കമ്പനി ഉള്ളൂ. പിന്നെ നൗഷാദ്ക്ക ഓരോ കാര്യത്തിനും എന്റെ കൂടെ വിളിക്കും. ബൈക്കിലാണല്ലോ, ഒന്ന് കറങ്ങാലോ എന്ന് കരുതി ഞാൻ കൂടെ പോകും.🤪" പുഞ്ചിരിയോടെ അവൻ തുടർന്നു.

- "പിന്നെ മൂത്താപ്പ, എളാപ്പമാർ ഒക്കെ കമ്പനിയാണ്. പക്ഷേ..."

- "പക്ഷേ..?" ഞാൻ ചോദിച്ചു.

- "അവർ എന്നോട് വർത്താനം പറയുമ്പോൾ എന്നോട് പാവം തോന്നുന്നത് പോലെയാണ് സംസാരിക്കുക. എനിക്ക് അങ്ങനെ സംസാരിക്കുന്നത് ഇഷ്ടമില്ല. ചെറുപ്പം മുതൽ സ്കൂളിൽ നിന്ന് തന്നെ കേട്ടു മടുത്തു."

അവന്റെ വാക്കുകളിലെ ആ പക്വത ഒരു ഒമ്പതാം ക്ലാസുകാരന്റെ പക്വതയായിരുന്നില്ല. അതിനുള്ള കാരണം മുതിർന്നവരോട് കൂടിയുള്ള സഹവാസമാണെന്ന് അറിഞ്ഞപ്പോഴാണ് മനസ്സിലായത്. ഇടക്ക് മാത്രമേ മെസ്സേജ് അയക്കുകയുള്ളൂവെങ്കിലും ഞങ്ങളുടെ സൗഹൃദവും വളർന്നു. അവൻ ചെറിയ പയ്യനുമാണ്. ആ ഒരു പ്രായത്തിൽ അവനല്ലാത്ത മറ്റു സുഹൃത്തുക്കളൊന്നും എനിക്ക് ഉണ്ടായിരുന്നില്ല.

ഡിഗ്രി കഴിഞ്ഞ് ഞാനും നൗഷാദും സുഹൃത്തുക്കളുമൊക്കെ പലവഴിയിൽ പിരിഞ്ഞു. ചിലർ ഒരോ ജോലികളിൽ പ്രവേശിച്ചു. മറ്റു ചിലർ ഉപരിപഠനത്തിനായി പലയിടങ്ങളിലും എത്തി. പഠിച്ച ജോലി ആകുന്നതിനു മുമ്പ് കുറച്ചുകാലം ഞാൻ ഗൾഫിൽ പോയിരുന്നു. അന്ന് ജോലി തിരക്കുകളും മറ്റും കാരണം റഹീമുമായി അധികം ബന്ധം ഉണ്ടായിരുന്നില്ല. എങ്കിലും നൗഷാദും മറ്റു സുഹൃത്തുക്കളും ഇടയ്ക്ക് വിളിക്കുമായിരിന്നു.

(മാസങ്ങളും വർഷങ്ങളും കടന്നുപോയി.)

- "നിങ്ങൾ എന്താ ഇവിടെ"? റഹീം ചോദിച്ചു. ചോദ്യം കേട്ടപ്പോൾ തന്നെ എനിക്ക് സന്തോഷമായി. ഞാൻ പറഞ്ഞത് ശരിയാണ്. അവൻ ആകെ മാറിപ്പോയി. ചെറിയ അടയാളങ്ങൾ എവിടെയൊക്കെയോ ആയി ബാക്കിയുണ്ടെങ്കിലും മറ്റുള്ളവരെ പോലെ സംസാരിക്കാൻ അവൻക്കിന്ന് സാധിക്കുന്നുണ്ട്.

- "KATF (കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ) ന്റെ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. അതിനു വന്നതാ.."

- "നിങ്ങളെയിപ്പോ തീരെ കിട്ടുന്നില്ല." അവൻ തമാശയിൽ പറഞ്ഞു. "ഗൾഫിൽ പോയ വിവരവും നാട്ടിൽ അധ്യാപകനായതും ഒക്കെ നൗഷാദ്ക്ക പറഞ്ഞിരുന്നു."

- "ഹോ.., മാഷാ അല്ലാഹ്.. നിന്റെ കാര്യങ്ങളൊക്കെ ഉഷാറായല്ലോ.."

- "അൽഹംദുലില്ലാഹ്.. അതെ..സംഭവം ഞാൻ പറഞ്ഞു തരുന്നുണ്ട്. ഇപ്പോൾ എനിക്ക് കുറച്ചു തിരക്കുണ്ട്. പെട്ടെന്ന് നിങ്ങളെ കണ്ടപ്പോൾ വന്നതാണ്. എന്റെ നമ്പർ നോട്ട് ചെയ്തോളൂ.." എന്ന് പറഞ്ഞ് പരസ്പരം ഫോൺ നമ്പർ കൈമാറി അവൻ തിരിച്ചു പോയി.

മടക്കയാത്രയിൽ എനിക്ക് അതിയായ ആകാംക്ഷയായിരുന്നു. "എങ്ങനെയാണ് അവൻ ഇത്ര ഉഷാറായത്?" എന്ന് അറിയാൻ എന്റെ മനസ്സ് വെമ്പൽ കൊണ്ടു. അന്നുതന്നെ ഞാൻ അവനോട് കാര്യം അന്വേഷിച്ചു. എന്തും എപ്പോഴും ചോദിക്കാമായിരുന്ന സൗഹൃദം മുന്നേ ഞങ്ങൾ വളർത്തിയെടുത്തിരുന്നു. കുറച്ചു വൈകിയെങ്കിലും വാട്സാപ്പിൽ അവന്റെ മറുപടി വന്നു. മറുപടിയുടെ രൂപം കണ്ടപ്പോൾ തന്നെ എനിക്ക് സന്തോഷം തോന്നി. ആദ്യമൊക്കെ ടെക്സ്റ്റ് മെസ്സേജ് മാത്രം അയക്കുന്ന അവൻ ഇപ്രാവശ്യം വോയിസ് ആയിട്ടാണ് അയച്ചത്. എന്നോട് ആയതുകൊണ്ടാണോ ഇങ്ങനെ മെസ്സേജ് അയച്ചത് എന്നും അറിയില്ല. എന്തായാലും മറുപടിക്ക് കാതോർത്തു.

 - "ഫാസിൽക്ക..അസ്സലാമു അലൈക്കും. ഇന്ന് രണ്ടു മൂന്നു തിരക്കിൽ പെട്ടുപോയി അതാണ് റിപ്ലൈ വൈകി പോയത്."

 - "അത് സംഭവം.. പത്താം ക്ലാസ് കഴിഞ്ഞ് ഞാൻ സയൻസാണ് ഞാൻ എടുത്തത്. എല്ലാ പ്രാവശ്യത്തെയും പോലെ അധ്യാപകന്മാരോട് ഉപ്പ എന്റെ കാര്യങ്ങൾ പറയും. പക്ഷേ, പ്ലസ് വണ്ണിലും പ്ലസ് ടുവിലും പഠിക്കുന്ന സമയത്ത് നമ്മൾ കുറച്ചുകൂടി വലുതാവുമല്ലോ.. അപ്പോൾ സുഹൃത്തുക്കൾക്കളും അധ്യാപകന്മാരും ആ നിലക്ക് മാത്രമേ പെരുമാറാറുള്ളൂ. അതുകൊണ്ട് അത്ര പ്രശ്നം ഉണ്ടായില്ല."

 - "ഒരു ദിവസം ക്ലാസിൽ ഒരു തർക്കമുണ്ടായി. അത് പിന്നെ സംസാരമായി അടിയായി അങ്ങനെ എന്തൊക്കെയോ ആയി. അതിൽ ഞാനും പങ്കെടുത്തിരുന്നു. 😁 ദേഷ്യം വല്ലാതെ വന്നപ്പോൾ ഞാൻ തിരിച്ച് പ്രതികരിക്കുകയും ചെയ്തു. സാധാരണ പറയുന്ന വാക്കിനേക്കാളുപരി കൂടുതൽ വാക്കുകൾ എന്റെ വായിൽ നിന്നും പുറത്തുചാടി. അന്ന് ക്ലാസ് അധ്യാപകൻ നല്ല പണിഷ്മെന്റും തന്നു. എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ എന്റെ മുഖത്തേക്ക് തുറിച്ചു നോക്കിയപ്പോഴാണ് എന്നെ ഞാൻ തന്നെ ശ്രദ്ധിച്ചത്."

 - "ഈ കാര്യം അധ്യാപകന്റെയും ശ്രദ്ധയിൽപ്പെട്ടു. അങ്ങനെ ഓരോ കാര്യങ്ങൾ സംസാരിപ്പിച്ചു. പക്ഷേ, അന്ന് എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. സ്കൂളിലെ സൈക്കോളജി അധ്യാപകന്റെ പരിചയത്തിലുള്ള ഉയർന്ന സൈക്കോളജിസ്റ്റിനെ ഉപ്പാക്ക് സാർ പരിചയപ്പെടുത്തി കൊടുത്തു. സ്പീച് തെറാപ്പി വീണ്ടും ആരംഭിച്ചു. സംസാരത്തിൽ വലിയ മാറ്റങ്ങൾ ഒന്നുമുണ്ടായില്ലെങ്കിലും പ്ലസ് ടു കഴിഞ്ഞ് എന്ത് എന്ന് ചോദ്യത്തിനുള്ള ഉത്തരം എനിക്ക് അവിടെ കിട്ടി. സത്യത്തിൽ ആ ഉത്തരമാണ് എന്നെ ഇവിടെ നിങ്ങളുടെ മുന്നിൽ വീണ്ടും എത്തിച്ചത്."

 - "ഡിഗ്രിക്ക് BA സൈക്കോളജി എടുത്തു. താല്പര്യത്തോടെയും അനുഭവത്തോടെയും എടുത്തതിനാൽ എനിക്ക് ഈ വിഷയം അത്ര പ്രയാസമായി തോന്നിയില്ല എന്ന് മാത്രമല്ല, എന്റെ യഥാർത്ഥ പ്രശ്നം എന്താണ് എന്ന് എനിക്ക് മനസ്സിലാക്കാനും സാധിച്ചു. 'എനിക്ക് കഴിയില്ല, എന്നെ ആർക്കും മനസ്സിലാവുകയില്ല, ഇതൊന്നും എന്നെക്കൊണ്ട് പറ്റില്ല' എന്ന അബോധ മനസ്സിലെ നെഗറ്റീവ് ചിന്തയായിരുന്നു എന്റെ വിജയങ്ങൾക്ക് തടസ്സമെന്ന് ഞാൻ തിരിച്ചറിഞ്ഞു."

 - "ആ സൈക്കോളജിസ്റ്റിനെ വീണ്ടും കണ്ടു. തെറാപ്പി മെച്ചപ്പെട്ട നിലയിൽ വീണ്ടും ആരംഭിച്ചു. ചിന്തകൾ മാറിത്തുടങ്ങി. സംസാരം മെച്ചപ്പെട്ടു. അങ്ങനെ ഇപ്പോൾ ഞാൻ നിങ്ങളോട് സംസാരിക്കുന്നു. ഇതുപോലെ കേരളത്തിലെ പലരോടും ഞാൻ സംസാരിക്കുന്നുണ്ട്. ഇപ്പോൾ കൗൺസിലർ എന്നതിന് പുറമേ ഞാനൊരു മോട്ടിവേഷൻ സ്പീക്കർ കൂടിയാണ്. അൽഹംദുലില്ലാഹ്.. സംസാരം കുറച്ചുകൂടി ശരിയാകാൻ ഉണ്ട് എന്നറിയാം. സാവധാനം ശരിയാകും. Insha Allah" പല വോയ്‌സുകളിലായി അവന്റെ അനുഭവങ്ങൾ അവൻ പങ്കുവെച്ചു.

 - "മാഷാ അല്ലാഹ്, അൽഹംദുലില്ലാ... ഒരു അധ്യാപകൻ എന്ന നിലയിൽ പല ഒരുപാട് ഉപദേശങ്ങൾ എന്റെ കുട്ടികൾക്ക് ഞാൻ നൽകാറുണ്ട്. ഇതിനേക്കാൾ വലിയ അനുഭവം ഇനി എനിക്ക് ലഭിക്കാനില്ല... സന്തോഷം... ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്താൻ നിനക്കും, നമ്മൾക്ക് എല്ലാവർക്കും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു, അതിനായി പ്രാർത്ഥിക്കുന്നു... 🤲🤲" ഞാൻ അവനെ ആശംസാ വാക്കുകൾ കൊണ്ട് മൂടി.

നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഒരു പ്രതിഭ ഉറങ്ങിക്കിടക്കുന്നുണ്ട്. അപൂർവ്വം ചിലർ അത് സ്വയം കണ്ടെത്തി മുന്നോട്ടു നീങ്ങുന്നു. എന്നാൽ മറ്റുള്ളവരുടെ സഹായത്തോടെ പ്രതിസന്ധികളെ തരണം ചെയ്ത ഒരു യുവാവിന്റെ അനുഭവത്തിനാണ് നിങ്ങൾ ഇവിടെ സാക്ഷിയായത്. മറ്റുള്ളവരുടെ കഴിവുകൾ അംഗീകരിക്കുക, അവരെ വളർത്തിക്കൊണ്ടുവരിക എന്നതുകൊണ്ട് നമ്മൾക്ക് ഒരിക്കലും ഒരു നഷ്ടവും ഉണ്ടാകില്ല. അവരുടെ പ്രാർത്ഥനകളിൽ എപ്പോഴും നമ്മൾ നിറഞ്ഞു കിടക്കും. നമ്മൾക്കും ഉയരാൻ ആ പ്രാർത്ഥന മാത്രം മതിയാകും. വിജയാശംസകളോടെ..


✍️കെ.എം ജസീലുദ്ധീൻ ചെറൂപ്പ

No comments:

Post a Comment

ഉരക്കുഴി വെള്ളച്ചാട്ടം

രചന: കെ.എം ജസീലുദ്ധീൻ യമാനി ചെറൂപ്പ  വായനക്കു മുമ്പ്  "പരമകാരുണികനും കരുണാനിധിയുമായ നാഥന്റെ തിരുനാമത്തിൽ ആരംഭിക്കുന്നു." യാത്ര ചെയ...