Friday, October 14, 2022

കഥ - ആത്മാവിന്റെ നോവ്

ആത്മാവിന്റെ നോവ്


ഇതെന്റെ അവസാന യാത്രയായിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല. കുറേ സ്വപ്നങ്ങൾ ബാക്കിവെച്ചാണ് ഞാൻ മടങ്ങുന്നത്.

അഞ്ചുവർഷം മുമ്പാണ് ഫസലും മുനീറയും തമ്മിലുള്ള വിവാഹം നടന്നത്. ഫസൽ ഡിഗ്രിക്ക് ഫൈനലിന് പഠിക്കുന്ന സമയത്താണ് മുനീറയെ ആദ്യമായി കാണുന്നത്. തൊട്ടടുത്ത സ്കൂളിലെ എസ്എസ്എൽസി വിദ്യാർഥിനിയായിരുന്നു മുനീറ. കാണാൻ വലിയ കുഴപ്പമില്ലാത്ത, ഒരു സാധാരണ കൂലിപ്പണിക്കാരന്റെ മകൾ. കോളേജിലെ അവസാന പരീക്ഷയടുത്ത സമയത്ത് ബസ്സിന് കാത്തിരിക്കുമ്പോഴായിരുന്നു ഫസൽ മുനീറയെ ആദ്യമായി കണ്ടത്. തുടർന്ന് പല ദിവസങ്ങളിലായി കാണുകയും സംസാരിക്കുകയും ചെയ്തു. അങ്ങനെ അവർ പോലുമറിയാതെ മനസ്സിലെവിടെയോ സ്നേഹം തളിർത്തു. ഫസൽ ഡിഗ്രി കഴിഞ്ഞുപോയി. ഫോണിൽ മെസ്സേജ് ചെയ്ത് മാത്രമായിരുന്നു പിന്നീട് അവരുടെ സ്നേഹ സംഭാഷണങ്ങൾ.

സാമ്പത്തികമായി അത്ര മെച്ചപ്പെട്ട നിലയിൽ ആയിരുന്നില്ല ഫസലിന്റെ കുടുംബം. ഉപ്പാക്ക് മാസത്തിൽ കിട്ടുന്ന വളരെ കുറഞ്ഞ ശമ്പളം മാത്രമായിരുന്നു ഏക വരുമാനമാർഗ്ഗം. മൂത്ത മൂന്ന് പെങ്ങമ്മാരെ കെട്ടിച്ച കടം വേറെയും. അതുകൊണ്ടുതന്നെ ക്ലാസ്സ് കഴിഞ്ഞ് വൈകുന്നേര സമയങ്ങളിൽ കഴിയുന്ന ജോലി ചെയ്തായിരുന്നു പഠനം മുന്നോട്ടു കൊണ്ടുപോയത്. ഡിഗ്രി കഴിഞ്ഞ ശേഷം ഗൾഫിൽ പോയി ജോലി ചെയ്തു തന്റെ കുടുംബം കരകയറ്റി. ഉപ്പയുടെ കടങ്ങളെല്ലാം വീട്ടി. പഴയവീട് പൊളിച്ചു പുതുക്കി പണിതു. അങ്ങനെയിരിക്കെ ഫസലിന്റെ കല്യാണ ആലോചന തകൃതിയായി നടന്നു. മുനീറയുടെ കാര്യം വീട്ടിൽ പറഞ്ഞപ്പോൾ ഇരു കുടുംബങ്ങൾക്കും സമ്മതമായിരുന്നു. നാട്ടിലുള്ളപ്പോൾ സജീവ പൊതു പ്രവർത്തകനായിരുന്ന ഫസലിനെ കുറിച്ച് പൊതുവേ നല്ല അഭിപ്രായമായിരുന്നു. രണ്ടുമാസത്തെ ലീവിന് വന്നപ്പോഴായിരുന്നു ഫസലിന്റെ വിവാഹം. അങ്ങനെ ആശിച്ച പോലെ മുനീറയോടൊപ്പമുള്ള ജീവിതം.

ലീവ് കഴിഞ്ഞ് വീണ്ടും ഫസൽ തിരികെ ഗൾഫിൽ പോയി. ഗൾഫിൽ വലിയ ഒരു ഷോപ്പിലെ സാധാരണ പണിക്കാരൻ ആയതിനാൽ ഇടയ്ക്ക് ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ മാത്രമേ ലീവ് കിട്ടുകയുള്ളൂ. പ്രിയതമയുമായി അധികകാലം ജീവിക്കാൻ കഴിയാതിരുന്ന ഒരു വിഷമം മനസ്സിൽ ഇപ്പോഴും ഉണ്ട്.

- "ഫസലോ എത്താണ്ണീ അന്റെ വർത്താനം? ജ്ജെന്നേ വന്നു?" സെയ്താലിക്ക ചോദിച്ചു.
മുമ്പ് പാർട്ട്‌ ടൈം ജോലി ചെയ്തിരുന്ന കടയുടെ തൊട്ടടുത്ത ചെറിയ കച്ചവടക്കാരനായിരുന്നു സെയ്താലിക്ക. അരിയും പച്ചക്കറികളും മസാലകളും മറ്റുചില സാധനങ്ങളും വിൽക്കുന്ന ഒരു ചെറിയ കടക്കാരൻ. അഞ്ചു വർഷത്തിനുശേഷം സെയ്താലിക്കയെ കണ്ടപ്പോൾ പഴയ ഊർജ്ജമൊന്നും മുഖത്ത് കാണുന്നില്ല. രണ്ടു പെൺമക്കളെ കെട്ടിച്ചയക്കാൻ അദ്ദേഹം കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. ഫസലിന്റെ കല്യാണത്തിനാണ് അവസാനമായി അദ്ദേഹത്തെ കാണുന്നത്. ഫസൽ നാട്ടിൽ വരുമ്പോൾ ഇടക്കൊക്കെ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലം സന്ദർശിച്ച് ബന്ധങ്ങൾ പുതുക്കാറുണ്ട്. കാരണം പഠിക്കുന്ന സമയത്ത് ജോലി ചെയ്യുമ്പോൾ ഫസലിന് പല സഹായങ്ങളും ചെയ്തു കൊടുത്തവരാണ് അവിടെയുള്ളവർ. കഴിഞ്ഞ തവണ വന്ന സമയത്ത് സെയ്താലിക്ക ചെറിയ മകളുടെ കല്യാണ തിരക്കിലാണ് എന്ന് കേട്ടു. അതുകൊണ്ട് കാണാൻ സാധിച്ചിട്ടില്ല. കല്യാണത്തിന് മുമ്പ് ഫസൽ വീണ്ടും തിരിച്ചു പോവുകയും ചെയ്തു.
- "ഞാൻ വന്നിട്ട് ഒരാഴ്ചയായി സെയ്താലിക്ക. എന്താ ങ്ങളെ വർത്താനം? സുഖം തന്നെയല്ലേ? മക്കളൊക്കെ അവരെ വീട്ടിലേക്കും അല്ലേ?"
- "അൽഹംദുലില്ലാഹ്... ആ മൂത്തോള് ഇവിടെ ഉണ്ട്. ഓൾക്ക് രണ്ട് കുട്ട്യളാ.. ചെറിയോൾക്ക് ഒന്നും. ഏഴ് മാസായി."
- "Masha Allah, ഓലെ പുതിയാപ്ലമാരൊക്കെ എന്താ ചെയ്യുന്നത്?"
- "മൂത്തോൾടെ പുയ്യാപ്ല ഗൾഫിലാ. സൗദീലെയ്...ചെറിയോൾത് ഇവിടെ നാട്ടിൽ തന്നെ. ഒരു കമ്പിനീല് ക്ലർക്കാ.."
- "ഹാ.. അല്ലാ, എന്താ ജമീലത്താന്റെ വർത്താനം? എത്രയായി കണ്ടിട്ട്.. ജമീല താത്ത ഉണ്ടാക്കുന്ന കപ്പ ബിരിയാണി ങ്ങള് എനിക്ക് മുമ്പ് തന്നിട്ടുണ്ട്. ഇപ്പോഴും അതിന്റെ രുചി മറക്കാൻ കഴിയുന്നില്ല."
- "ഹ.. ഹ.. അൻക്ക് ഇപ്പളും അതൊക്കെ ഓർമ്മണ്ട് ല്ലേ...?! ന്നാലും ന്റെ പഹയാ തിന്നുന്ന കാര്യത്തിൽ ജ്ജ് പണ്ടേ ഉഷാറാണല്ലോ"😁 - ഒരു ചെറു പുഞ്ചിരിയോടെ സെയ്താലിക്ക പറഞ്ഞു. സെയ്താലിക്ക ആൾ നല്ല രസികനാണ്. അദ്ദേഹത്തോട് സംസാരിച്ചിരിക്കുന്നത് തന്നെ നല്ല രസമാണ്. മുമ്പ് കടയിൽ തിരക്ക് ഒഴിയുമ്പോൾ സെയ്താലിക്കയോട് സംസാരിച്ചിരിക്കാറുണ്ടായിരുന്നു. വർഷം ഇത്ര കഴിഞ്ഞിട്ടും കടക്കോ സംസാരത്തിനോ ഒരു മാറ്റവുമില്ല.

- "അൽഹംദുലില്ലാഹ് നല്ല വർത്താനം തന്നെ. ഓളെ മുട്ടിൻ കൈക്ക് എപ്പളും കടച്ചിലാ... കുറച്ചു മുമ്പ് വീണതാ.. പിന്നങ്ങനെ തന്നെ ആണ്."
- "എന്നിട്ട് കാണിച്ചില്ലേ?"
- ഓ കാണിക്കുന്നുണ്ട്. ഞമ്മക്കൊക്കെ വയസ്സായീലെ കുട്ട്യേ..." - സെയ്താലിക്ക വീണ്ടും പറഞ്ഞു.
- "എന്നാൽ ഞാൻ പോട്ടെ, ചങ്ങായിമാരെ കണ്ടിട്ട് കുറച്ചായി. വീടുപണി നടക്കുന്നുമുണ്ട്. മുകളിൽ ഒരു റൂം മാത്രമേ ഉണ്ടാക്കിയിരുന്നുള്ളൂ. ബാക്കി പണി നടക്കുന്നുണ്ട്. മറ്റത് സൗകര്യം കുറവായിരുന്നു. പെങ്ങമ്മാര് ഒക്കെ വരുമ്പോ ഓൽക്കും വേണ്ടേ നിക്കാ..."
- "അല്ലാഹ്.. ഞാൻ ചോയ്ക്ക്യാൻ മറന്നു. എന്താ വാപ്പന്റിം ഉമ്മന്റിം പെണ്ണുങ്ങളിയൊക്കെ വർത്താനം?" - സെയ്താലിക്ക ചോദിച്ചു.
- "അൽഹംദുലില്ലാഹ് നല്ല വർത്താനം. വാപ്പ ഇപ്പൊ താമരശ്ശേരിക്ക് അടുത്തുള്ള പള്ളിയിലെ മൊല്ലാക്കയാണ്. ചെറിയ ചെറിയ അസുഖം ഉള്ളതൊഴിച്ചു വേറെ കുഴപ്പങ്ങളൊന്നുമില്ല. ഉമ്മക്കും പെങ്ങന്മാർക്കും അൽഹംദുലില്ലാഹ് നല്ല വർത്താനം. പിന്നെ എനിക്ക് രണ്ടു മക്കൾ ആയി ട്ടോ. മൂത്തത് മോനാ..മൂന്നു വയസ്സായി. ചെറുത് മോളും. ഒമ്പതു മാസം."
- "അൽഹംദുലില്ലാഹ്.. വാപ്പനെ ഞാൻ കുറച്ചു മുമ്പ് കണ്ടിരുന്നു. ഞാൻ ബസ്സ് കാത്തിരിക്കുമ്പോൾ ആരുടെയോ കൂടെ സ്കൂട്ടർമല് വർത്താനം പറഞ്ഞ് പോകുന്നത് കണ്ടു. നിന്റെ കല്യാണത്തിന് കണ്ട പരിചയം മാത്രമല്ലേ ഉള്ളൂ.."
- "ഹാ.."
- "ന്നാ ജ്ജ് പൊയ്ക്കോ.. ഞാനിനി ചോറ് തിന്നാൻ ഉച്ചയ്ക്കേ പീട്യ പൂട്ടുള്ളൂ...ജ്ജ് എല്ലാരിം കൂട്ടി പിന്നെ ഒരീസം വരേണ്ടി."
- "ഇൻശാ അല്ലാഹ്.. ഞാൻ ഒരു ദിവസം വരുന്നുണ്ട്."

ഇത് പറഞ്ഞു എല്ലാരോടും സലാം പറഞ്ഞു ഫസൽ പടിയിറങ്ങി.
തിരിച്ചു വരുമ്പോൾ ഫസലിന്റെ ഉറ്റ ചങ്ങാതിയായ ശിഹാബിനെ വഴിയിൽ വെച്ച് കണ്ടു. അയൽവക്കത്ത് തന്നെ ഉള്ള, എപ്പോഴും കൂടെ ഉണ്ടാകുന്ന കൂട്ടുകാരനാണ് ശിഹാബ്. ചെറുപ്പം മുതൽ ഒന്നിച്ച് കളിച്ചു വളർന്നവർ. പഠിക്കാൻ അത്ര താല്പര്യം ഇല്ലാതിരുന്ന ശിഹാബ് പ്ലസ് ടു കഴിഞ്ഞ് പിന്നെ ഓരോ ജോലിയിലേക്ക് തിരിയുകയായിരുന്നു. ശിഹാബാണ് ഫസലിന് പാർട്ട്‌ ടൈം ആയി ആ ജോലി ശരിയാക്കി കൊടുത്തത്. അവൻ ആദ്യം ജോലി ചെയ്തത് അവിടെ ആയിരുന്നു. പിന്നെ കുറച്ചു കാലം ഗൾഫിൽ പോയി. ഇപ്പൊ നാട്ടിൽ ഓരോ ബിസിനസ്സും മറ്റുമായി നല്ല നിലയിലാണ്.
- "യ്യെവിട്ന്നാ വെര്ണെ?" ശിഹാബ് ചോദിച്ചു.
- "ഞാൻ നമ്മളെ ആ പഴയ ഷോപ്പിൽ ഒക്കെ ഒന്ന് പോയി. അവിടെ കുറെ ചങ്ങാതിമാരും ഉണ്ടല്ലോ.. പിന്നേയ്.., നമ്മളെ ആ പഴയ നാസർക്കായേയും സെയ്താലിക്കായേയും ഒക്കെ കണ്ടു. നാസർക്ക ആ പഴയ പോലെ തന്നെയുണ്ട്. ഒരു മാറ്റവുമില്ല. സെയ്താലിക്ക ആകെ ഒന്ന് ക്ഷീണിച്ചു. മക്കളെ കല്യാണവും ഒക്കെയായി, നല്ല പ്രായവും ഉണ്ടല്ലോ."
- "ഹാ.." "നീയിനി എങ്ങോട്ടാ?" ശിഹാബ് ചോദിച്ചു
- "വീട്ടിലേക്ക് കുറച്ചു സാധനം വാങ്ങാനുണ്ട്. ഇന്ന് രാത്രി പെങ്ങമ്മാരോടൊക്കെ നിൽക്കാൻ വരാൻ പറഞ്ഞിട്ടുണ്ട്. കുറേ ആയല്ലോ ഒന്നിച്ചുകൂടിയിട്ട്."
- "ഹോ... എങ്കിൽ നിന്റെ പണി നടക്കട്ടെ. നീ ഫ്രീ ആവുകയാണെങ്കിൽ എന്നെ ഒന്നു വിളിക്ക്‌. പിന്നേയ് എന്താ ഫുഡ്‌?" പുഞ്ചിരിയോടെ അവൻ ചോദിച്ചു.
- "മന്തി ആക്കിയാലോന്നാ.. കുട്ടികളൊക്കെ ഉള്ളതല്ലേ.. നീ വരില്ലേ.."
- "ഹേയ്.., ഞാൻ വെറുതെ ചോദിച്ചതാ. എന്നാൽ നീ പോയി സാധനം വാങ്ങി വാ.."
- "ശരി, പിന്നെ.. നീ വാ ട്ടോ"
- "നോക്കട്ടെ, പെണ്ണ്ങ്ങള് ഓളെ വീട്ടിലാ.. ഓളെ കൊണ്ടൊരാൻ പോകണം. വന്നിട്ട് സമയം വൈകിയില്ലെങ്കിൽ വരാം.."
- "ശരി"

അത് പറഞ്ഞു കട ലക്ഷ്യമാക്കി ഫസൽ ബൈക്കോടിച്ചു. ഏകദേശം നാല് കിലോമീറ്ററിന് അടുത്തുണ്ട് നല്ല സാധനങ്ങൾ കിട്ടുന്ന കടയിലേക്കുള്ള ദൂരം. കടയിലേക്ക് പോകുന്ന വഴിയിൽ ഒരു വളവിൽ വച്ച് ചരലിൽ ബൈക്കിന്റെ പിന്നിലെ ടയർ തെന്നി. നിയന്ത്രണം നഷ്ടമായ ഫസൽ എതിരെവന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. സംഭവം കണ്ട നാട്ടുകാർ ഓടിക്കൂടി ഫസലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇടിയുടെ ആഘാതത്തിൽ തലക്ക് ക്ഷതമേറ്റിരുന്നു. ഒരു കൈയും പൊട്ടിയിട്ടുണ്ട്. അവനെയും കൊണ്ട് കാറിൽ ചീറിപ്പായുമ്പോൾ ശരീരത്തിൽ നിന്നും രക്തം വാർന്നൊലിക്കുന്നത് അവന് കാണാമായിരുന്നു. ഒരു തണുപ്പ് അവനെ പൊതിയുന്നത് പോലെ അനുഭവപ്പെടാൻ തുടങ്ങി. പതിയെ കാഴ്ച മങ്ങി തുടങ്ങി. അതുവരെ കേട്ടുകൊണ്ടിരുന്ന ശബ്ദങ്ങൾ ഒരു മൂളൽ പോലെ തോന്നി.

വാഹനം ആശുപത്രിയിലെത്തി. അവനെ കൊണ്ടുപോയവരും അവിടെയുണ്ടായിരുന്ന ആളുകളും അവനെ പിടിച്ച് ഒരു സ്‌ട്രെക്ച്ചറിൽ കിടത്തി. ഡോക്ടർ പരിശോധന തുടങ്ങി. ശരീരത്തിൽ കത്തി വെക്കുന്നത് വേദനയോടെ അനുഭവപ്പെട്ടു. സാധാരണ വേദനിക്കുമ്പോൾ ആർത്ത് കരയുന്നതുപോലെ ഇപ്പോൾ അവന് ഒന്നിനും സാധിക്കുന്നില്ല.
- "ലാ ഇലാഹ ഇല്ലല്ലാഹ്...."
വൈകാതെ ഡോക്ടർ മറ്റുള്ളവരോടായി പറഞ്ഞു.
- " അറിയിക്കേണ്ടവരെ അറിയിച്ചോളൂ.. പോയി."

ഇന്നാലില്ലാഹ്... വീട്ടിലേക്ക് സാധനം വാങ്ങാനും മറ്റും വാഹനമെടുത്ത് പുറത്തുപോയ ഫസലിനെ നാട്ടുകാർ എല്ലാവരും കൂടിയാണ് വീട്ടിലേക്ക് കൊണ്ടുപോയത്. ഇന്ന് വ്യാഴാഴ്ച ആയതു കൊണ്ട് പതിവുപോലെ ഉപ്പ വീട്ടിൽ വന്നിട്ടുണ്ട്. സാധാരണ വ്യാഴാഴ്ച മദ്രസ വിട്ടാൽ ഉപ്പ വീട്ടിലെത്തി, വെള്ളിയാഴ്ച ജുമുഅക്ക് പോയി തിരിച്ചു വരാറാണ് പതിവ്. ഏക അമ്മോനെ കാണാൻ പെങ്ങമ്മാരുടെ കുട്ടികളും എത്തിയിട്ടുണ്ട്. മയ്യിത്ത് വീട്ടിലെത്തിയപ്പോഴേക്കും ആ വാർത്ത വീട്ടിൽ പരന്നിരുന്നു. പഞ്ചായത്ത് കിണറിന് അടുത്തുള്ള വളവിൽ ഒരു ബൈക്ക് അപകടത്തിൽപ്പെട്ടു എന്നും ആൾ ആശുപത്രിയിൽ ആണ് എന്നും മാത്രമേ വീട്ടുകാർക്ക് അറിവുണ്ടായിരുന്നുള്ളൂ. അത് ഫസലാണ് എന്ന് അവന്റെ സുഹൃത്തുക്കൾ പറഞ്ഞാണ് അറിയുന്നത്. പെരുന്നാള് പോലെ സന്തോഷത്തിലായിരുന്ന വീട്ടുകാർ കൂട്ടക്കരച്ചിലായി. വിവരമറിഞ്ഞ നാട്ടുകാർ എല്ലാം ഫസലിന്റെ വീട്ടിൽ ഒത്തുകൂടി. രാത്രി വളരെ വൈകി. കസേരയും പായയും നിരത്തിയ വീട്ടുമുറ്റത്ത് ആംബുലൻസ് വന്നു നിർത്തി. ഏകദേശം വെള്ളിയാഴ്ച പുലർച്ച സമയത്തിന് അടുത്തായപ്പോഴാണ് മയ്യിത്ത് വീട്ടിലെത്തിയത്.

ഏകമകനെ നഷ്ടപ്പെട്ട വേദനയോടെ കലങ്ങിയ കണ്ണുമായി ഉപ്പ മകന്റെ മയ്യത്തിനെ വരവേറ്റു. " നീ മിണ്ടാതെ ഇങ്ങനെ കിടക്കുന്നത് കാണാൻ വേണ്ടിയാണോ ഞങ്ങളെ വിളിച്ച് വരുത്തിയത്?" എന്ന് പറഞ്ഞു ഉറക്കെ കരഞ്ഞു കൊണ്ട് പെങ്ങൾമാരും അവിടെയുണ്ട്. നൊന്തുപെറ്റ ഉമ്മയും പ്രിയതമനെ നഷ്ടപ്പെട്ട ഭാര്യ മുനീറയും കരഞ്ഞു അവശയായി മറ്റൊരു മുറിയിൽ കിടപ്പുണ്ട്. കുട്ടികൾ എന്നെ കാത്തിരുന്നു ഉറങ്ങി.

"എല്ലാവരുടെയും സങ്കടങ്ങൾ കണ്ടിട്ട് എനിക്ക് സഹിക്കാൻ വയ്യ. സ്നേഹിക്കാൻ മാത്രം അറിയുന്ന ഉപ്പയും ഉമ്മയും, തങ്ങളുടെ കുഞ്ഞനിയനെ സ്വന്തം മകനെപ്പോലെ പരിപാലിച്ച പെങ്ങൾമാർ. എങ്ങനെയാണല്ലാഹ് അവരെ ഞാൻ ആശ്വസിപ്പിക്കുക?! അഞ്ചുവർഷം മുമ്പാണ് മുനീറയെ ഞാൻ കല്യാണം കഴിക്കുന്നത്. കല്യാണം കഴിക്കുമ്പോൾ എനിക്ക് ഇരുപത്തിനാലും മുനീറക്ക് പത്തൊമ്പതും വയസ്സ് മാത്രമാണ് പ്രായം. ഞങ്ങൾ തമ്മിലുള്ള സ്നേഹം ആരംഭിച്ച മുതൽ തന്നെ എന്റെ എല്ലാ കാര്യങ്ങളും നല്ലതുപോലെ അറിയാമായിരുന്നു അവൾക്ക്.❤️ എന്നെ സഹായിച്ചവൾ, ഞാൻ തളരുമ്പോൾ എനിക്ക് ഊർജ്ജം തന്നവൾ, ഗതിയറിയാതെ പകച്ചു നിന്നപ്പോൾ സഹായഹസ്തമായി എന്റെ കൂടെ നിന്നവൾ. പലപ്പോഴും തോന്നിയിട്ടുണ്ട് അവൾക്കാണോ എന്നെക്കാൾ കൂടുതൽ പ്രായമെന്ന്. എന്റെ എല്ലാ കാര്യങ്ങളും എന്റെ അഭാവത്തിലും അവൾ ശ്രദ്ധിക്കുമായിരുന്നു. അന്നുമുതൽ ഞാൻ തീരുമാനിച്ചതായിരുന്നു ഒരിക്കലും അവളുടെ കണ്ണ് നിറക്കാൻ ഞാൻ കാരണക്കാരൻ ആകില്ലെന്ന്. എന്നാൽ ഇന്ന് ഞാൻ തോറ്റുപോയി. അവളുടെ ആ തണലും സ്നേഹവും എനിക്ക് വേണമായിരുന്നു. അങ്ങനെ അവൾ എന്റെ ഭാര്യയായി, എല്ലാമായി. എന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. പഠിക്കാൻ നല്ല മിടുക്കിയായിരുന്ന അവൾ എന്നെയും എന്റെ വീട്ടുകാരെയും ആലോചിച്ച് മാത്രമാണ് പഠനം നിർത്തിയത്. സ്നേഹമല്ലാതെ മറ്റൊന്നും എന്നിൽ നിന്ന് അവളോ അവളിൽ നിന്ന് ഞാനോ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ അവസാനശ്വാസം വരെ അവൾ അത് പാലിച്ചു. എങ്ങനെയാണല്ലാ അവൾക്ക് സഹിക്കാൻ പറ്റുക? എന്നെ അത്രയ്ക്ക് സ്നേഹിച്ച എന്റെ റൂഹിന്റെ പാതിയാണത്.😭അല്ലാഹ് എന്റെ പൊന്നുമക്കൾ. കളിപ്പിച്ചു കൊതിതീർന്നിട്ടില്ല. ഞാൻ ലീവ് കഴിഞ്ഞു വീണ്ടും ഗൾഫിൽ പോയപ്പോഴാണ് എന്റെ പൊന്നുമോളുടെ ജനനം. തിരികെ നാട്ടിലെത്തി അവളെ കൊഞ്ചിച്ചു തുടങ്ങിയതേയുള്ളൂ..അപ്പോഴേക്കും.. സാധനം വാങ്ങാൻ അടുത്തുതന്നെയുള്ള കടയിൽ പോയിരുന്നെങ്കിൽ എനിക്ക് ഇന്ന് ഈ ഗതി വരുമായിരുന്നോ?"😭
- "എന്താ മാമാ മാമൻ എഴുന്നേൽക്കാത്തത്?" ഉറക്കിൽ നിന്ന് എഴുന്നേറ്റു വന്ന കുട്ടികൾ ചോദിച്ചു.

"അവരുടെ ഏറ്റവും നല്ല ചങ്ങാതി ആരാണെന്ന് ചോദിച്ചാൽ 'മാമൻ' എന്ന് അവർ പറയുമായിരുന്നു. ആ മാമൻ ഇന്ന് മുതൽ അവരെ തൊട്ട് വിദൂരത്താണ്. മയ്യത്തു എടുക്കാൻ നേരം "ഇക്കാ" എന്ന് പറഞ്ഞു കൊണ്ട് അടക്കിപിടിച്ച വായിൽ നിന്ന് മുനീറയുടെ തേങ്ങൽ ഞാൻ കേട്ടു. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്‌. ഓടിപ്പോയി കെട്ടിപ്പിടിച്ച് ആവളെ ആശ്വസിപ്പിക്കണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല. കൈകാലുകൾ ചലിക്കുന്നില്ല." സലാം പറഞ്ഞും കണ്ണീർ പൊഴിച്ചും പ്രാർത്ഥനയോടെ വീട്ടുകാർ ഫസലിനെ യാത്രയാക്കി. തഹ്‌ലീലിന്റെ ഈരടികൾ ഉയർന്നു.

രാവിലെ എട്ടുമണിക്ക് ആയിരുന്നു ഫസലിന്റെ പേരിലുള്ള മയ്യത്ത് നിസ്കാരം. ജനങ്ങൾ പള്ളിയിൽ തിങ്ങി നിറഞ്ഞു. മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം ഫസലിന്റെ ഉപ്പ മൊയ്തീൻ മൊല്ലാക്ക തന്നെയാണ്. പള്ളിയിലെ ഉസ്താദ് മരണത്തെക്കുറിച്ചും പാരത്രിക ലോകത്തെ കുറിച്ചും ജനങ്ങൾക്ക് മുന്നറിയിപ്പ് കൊടുക്കുന്നുണ്ട്. ഒപ്പം ഫസലിനെ കുറിച്ചും. ചെറുപ്പം മുതൽ ഉപ്പയുടെ കൂടെ പള്ളിയിൽ വരാറുണ്ടെന്നും ദീനിന്റെ കാര്യത്തിൽ സാധിക്കുന്ന പോലെ പ്രവർത്തിക്കാറുണ്ടെന്നും ദീർഘകാലം പ്രവാസം ആയിരുന്നുവെന്നും പറഞ്ഞുകൊണ്ട് ഫസലിനെ ഒന്നുകൂടി ജനങ്ങൾക്ക് പരിചയപ്പെടുത്തി കൊടുത്തു.
- "നാട്ടിലെ പല കാര്യങ്ങൾക്കും ഇടപെടുന്ന വ്യക്തി എന്ന നിലക്ക് ജീവിതത്തിന്റെ ദുർബല നിമിഷത്തിൽ ആർക്കെങ്കിലും മനസ്സാ വാചാ കർമ്മണാ വല്ല തെറ്റും വന്നു പോയിട്ടുണ്ടെങ്കിൽ എല്ലാവരും ഈ മയ്യിത്തിന് പൊറുത്തു കൊടുക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു." എന്ന് ഉസ്താദ് പറഞ്ഞപ്പോൾ ആ ഉപ്പയുടെ കണ്ണുകൾ നിറഞ്ഞു. തന്റെ ഏക മകന്റെ മയ്യിത്തിന്റെ മുന്നിൽ നെഞ്ചുറപ്പോടെ നിൽക്കാൻ ഏത് പിതാവിനാണ് സാധിക്കുക?

മയ്യത്ത് നിസ്കാരത്തിൽ പ്രിയ സുഹൃത്ത് ശിഹാബും സെയ്താലിക്കയുമൊക്കെയുണ്ട്. ശിഹാബിനോടും സെയ്താലിക്കയോടും അവസാനമായി സംസാരിക്കുമ്പോൾ ഇത് അവന്റെ അവസാന യാത്ര ആയിരിക്കുമെന്ന് അവർക്ക് അറിയുമായിരുന്നില്ല. അറിയുമെങ്കിൽ ശിഹാബ് ഒരിക്കലും അതിന് അനുവദിക്കുമായിരുന്നില്ല. കാരണം, ഒപ്പം പഠിച്ചതാണെങ്കിലും ഫസലിനെക്കാൾ ഒരു വയസ്സ് അധികം ഉണ്ടായിരുന്നു ശിഹാബിന്. അതുകൊണ്ടു തന്നെ ഒരു സുഹൃത്ത് എന്നതിനേക്കാളുപരി ഒരു ജേഷ്ഠനെ പോലയായിരുന്നു ഫസൽ ശിഹാബിനെ കാണാറുണ്ടായിരുന്നത്. സെയ്താലിക്കക്ക് ഒരു മകനെ പോലെയും.

- "പള്ളിക്കാട്ടിലെ മീസാൻ കല്ലുകളിൽ എന്റെ പേരും വായിക്കുന്ന ഒരു ദിവസം വരും." എന്ന് ഫസൽ ചിലപ്പോഴൊക്കെ പറയുമായിരുന്നു. ആ ദിവസം വന്നെത്തി. 😰

അപകടമരണങ്ങളെ തൊട്ടും പെട്ടെന്നുള്ള മരണത്തെ തൊട്ടും അല്ലാഹു എല്ലാവരെയും കാത്തുരക്ഷിക്കട്ടെ. ആമീൻ... കൊണ്ട് പോകാൻ ഒന്നും കരുതിവെച്ചിട്ടില്ല. കൂട്ടിനായ് ഒന്നുമില്ല. പറയാതെ ഇറങ്ങിപ്പോയാൽ ഒന്നും തോന്നരുത്.😊 പൊരുത്തപ്പെട്ടു തരിക. ഞാൻ നിങ്ങളോട് ചെയ്ത തെറ്റുകൾക്കെല്ലാം..🙏 ദുആ ചെയ്യും എന്ന പ്രതീക്ഷയോടെ...



                   - കെ.എം ജസീലുദ്ധീൻ ചെറൂപ്പ

4 comments:

ഉരക്കുഴി വെള്ളച്ചാട്ടം

രചന: കെ.എം ജസീലുദ്ധീൻ യമാനി ചെറൂപ്പ  വായനക്കു മുമ്പ്  "പരമകാരുണികനും കരുണാനിധിയുമായ നാഥന്റെ തിരുനാമത്തിൽ ആരംഭിക്കുന്നു." യാത്ര ചെയ...