Monday, February 10, 2020

തെറ്റിദ്ധരിക്കപ്പെട്ട ഇന്ത്യൻ ഭരണാധികാരി

തെറ്റിദ്ധരിക്കപ്പെട്ട ഇന്ത്യൻ ഭരണാധികാരി
- ചരിത്ര പഠനം -


✍️ കെ. എം. ജസീലുദ്ധീൻ ചെറൂപ്പ 

  ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള ഇന്ത്യൻ പോരാട്ടത്തിൽ ആ പേരിന് പകരം വയ്ക്കാൻ മറ്റൊരു പേരില്ല. ടിപ്പുസുൽത്താൻ എന്നല്ലാതെ.

ടിപ്പു സുൽത്താൻ 


 മൈസൂർ സാമ്രാജ്യത്തിലെ അധിപൻ,  ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ ശഹീദായ ആദ്യ ഇന്ത്യൻ ഭരണാധികാരി, മതേതര ഇന്ത്യയെ പ്രായോഗികമായി സ്വപ്നം കണ്ട സുൽത്താൻ, മിസൈൽ സാങ്കേതിക വിദ്യ പരീക്ഷിച്ചു വിജയിച്ച ധിഷണാശാലി, ഇന്ത്യാ  ചരിത്രത്തിൽ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട സ്വാതന്ത്ര്യസമരസേനാനി കൂടിയാണ് ഇദ്ദേഹം. 

 ഹൈദരലി ഖാൻ ആണ് പിതാവ്. ഒരു സാധാരണ പട്ടാളക്കാരൻ ആയിരുന്നു ഹൈദരലി ഖാൻ. അസാമാന്യമായ ധീരത കൊണ്ട് അദ്ദേഹം മൈസൂർ പട്ടാളത്തിന്റെ പ്രധാനിയായി മാറി. 1755 - ൽ വടയാർ രാജാവിന്റെ മന്ത്രിയായ നഞ്ജരാജന്റെ പടത്തലവനായി ഹൈദരലി നിയമിതനായി. സ്ഥാനക്കയറ്റം കിട്ടിയ ഹൈദർ കോയമ്പത്തൂരിനും മധുരക്കുമിടയിലുള്ള നാട്ടുരാജാക്കന്മാരെ കീഴ്പ്പെടുത്തി. അവരിൽ നിന്നും കിട്ടിയ കപ്പവും നികുതിയും ഉപയോഗിച്ച് സൈനികശക്തി വിപുലപ്പെടുത്തി. 

 അൽപ കാലത്തിനുള്ളിൽ പേര് കേട്ട പടത്തലവനായി ഹൈദരലി മാറി. പിതാവിന്റെ സ്നേഹം എന്തെന്നറിയാതെ വളർന്ന പടത്തലവന് ഒരു കുഞ്ഞു പിറക്കാൻ ഏറെ വൈകി. 

 ടിപ്പുസുൽത്താൻ ഔലിയ എന്ന മഹാന്റെ അടുത്ത് പോയി സങ്കടങ്ങൾ പറയുക പതിവായിരുന്നു ഹൈദരലി ഖാന്. ഒരു ആൺകുഞ്ഞ് പിറക്കുമെന്ന് അദ്ദേഹം ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. അധികം വൈകാതെ ഭാര്യ ഫക്രുന്നിസ ഗർഭിണിയായി. ഒരു ആൺകുഞ്ഞ് പിറന്നു. ആ കുട്ടിക്ക് തന്റെ ഗുരുവിന്റെ പേര് തന്നെ നൽകി. ടിപ്പുസുൽത്താൻ. പിതാമഹന്റെ പേര് കൂടി ചേർത്ത് ഫത്തഹ് അലി ടിപ്പു സുൽത്താൻ എന്നായി കുറിക്കപ്പെട്ടു. 

 1751 - ൽ മൈസൂരിലെ ദേവനഹള്ളിയിൽ വെച്ചാണ് ടിപ്പുവിന്റെ ജനനം. അഞ്ചു വയസ്സ് ആകുന്നതിനുമുമ്പ് തന്നെ മകനെ ഇസ്ലാമിക പാഠങ്ങൾ പഠിപ്പിക്കുന്നതിനായി പിതാവ് ഹൈദർ അലി ഖാൻ പ്രമുഖ പണ്ഡിതൻമാരെ തന്നെ ചുമതലപ്പെടുത്തിയിരുന്നു. പേർഷ്യൻ,  അറബി,  ഇംഗ്ലീഷ്,  കന്നഡ തുടങ്ങിയ ഭാഷകളിൽ കഴിവുറ്റ പണ്ഡിതന്മാർ ടിപ്പുവിന് ഉണ്ടായിരുന്നു. ഖുർആനും ഇസ്ലാമിക പഠനങ്ങളും മാത്രമല്ല കുതിരസവാരിയും അമ്പെയ്ത്തും ടിപ്പു അഭ്യസിച്ചു. വേദാന്തം,  തർക്കശാസ്ത്രം എന്നിവയിലും അദ്ദേഹം മികവ് തെളിയിച്ചു. 

 ഈ പഠന കാലത്ത് 9 വയസ്സ് വരെ ഉമ്മ ഫക്രുന്നിസയുടെ കൂടെ ദിണ്ടികളിലായിരുന്നു ടിപ്പു താമസിച്ചത്. ടിപ്പുവിനെ 10 വയസ്സായപ്പോഴാണ് പിതാവ് ഹൈദർ അലി ഖാൻ മൈസൂർ രാജാവായി ചുമതലയേറ്റത്. രാജാവായിരുന്നിട്ടും മഹത്തായ ജീവിതശൈലിയും ലാളിത്യവും ഹൈദരലിയും,  അതുതന്നെയായിരുന്നു തന്റെ മക്കളെയും അദ്ദേഹം പഠിപ്പിച്ചത്. അതിൽ വളരെ ശ്രദ്ധാലുവായിരുന്നു പിതാവ്. കുട്ടി പ്രായത്തിൽത്തന്നെ ടിപ്പുവും പിതാവിനോടൊപ്പം യുദ്ധത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. 

ഹൈദർ അലി ഖാൻ 

 1765 ഹൈദരലി മലബാറിലേക്ക് പുറപ്പെട്ടപ്പോൾ ബാലനായിരുന്ന ടിപ്പുവും കൂടെയുണ്ടായിരുന്നു. അധികം വർഷം കടന്നു പോകുന്നതിനു മുമ്പ് തന്നെ ടിപ്പു സൈനിക മേധാവിയായി മാറിക്കഴിഞ്ഞിരുന്നു. 16 വയസ്സുള്ള ടിപ്പുവിന് കീഴിൽ മൂവായിരത്തോളം വരുന്ന സൈനികർ അണിനിരന്നു. പിതാവിന്റെ നിഴലായി കൂടെ നിന്നിട്ടും തന്റെതായ ബുദ്ധിസാമർത്ഥ്യം കൊണ്ടും അഭ്യാസപാടവം കൊണ്ടും അദ്ദേഹം ഹൈദരലി ഖാനെ പോലും അത്ഭുതപ്പെടുത്തി. ചില മുന്നേറ്റങ്ങളിൽ ഹൈദർ ടിപ്പുവിനെ ചുമതലപ്പെടുത്തുകയും ചെയ്തു. നാളെ തന്റെ നാടിനെ ധീരമായി നയിക്കാനുള്ള ഒരു ഭരണാധികാരിയെ വളർത്തിയെടുക്കുകയായിരുന്നു പിതാവ്. 

 ഒരു സാധാരണ പട്ടാളക്കാരൻ ആയിരുന്നിട്ടും  തന്റെ പിതാവിന്റെ സ്ഥാനക്കയറ്റങ്ങൾ കണ്ടുവളർന്ന ടിപ്പു സാധാരണക്കാരനെയും  അദ്ധ്വാനിക്കുന്നവനെയും ബഹുമാനിക്കാനും തെല്ലും മറന്നില്ല. ആ കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സൈനിക ശക്തിയായിരുന്നു മൈസൂർ രാജ്യം. ഈ രാജ്യം വെട്ടിപ്പിടിക്കാൻ ബ്രിട്ടീഷുകാർ വളരെ ആഗ്രഹിച്ചിരുന്നു. പലപ്പോഴും മറ്റു ഇന്ത്യൻ രാജാക്കളായ നവാബ് മാരും നൈസാമുമാരും അതിനു വേണ്ട സഹായങ്ങളും ചെയ്തു കൊടുത്തു. വമ്പിച്ച വാഗ്ദാനങ്ങൾ നൽകിയായിരുന്നു ബ്രിട്ടീഷുകാർ നാട്ടുരാജ്യങ്ങളെ അധീനപ്പെടുത്തിയിരുന്നത്. 

 കാര്യങ്ങൾ എങ്ങനെയൊക്കെ ആയിരുന്നുവെങ്കിലും രാജാവായിരുന്ന ഹൈദരലി ഖാൻ ആ ശ്രമങ്ങളെയൊക്കെ പരാജയപ്പെടുത്തി. ഹൈദരലിയുടെ സേനയുടെ മുൻപന്തിയിൽ ടിപ്പുകൂടി വന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ സാമ്രാജ്യമായി മൈസൂർ മാറി. " ഹുദാദാദ് സൽത്തനത്ത് " എന്നായിരുന്നു മൈസൂരിന്റെ ഔദ്യോഗിക നാമം. 

 കേരളം അന്ന് പ്രധാനമായും മൂന്ന് ഭാഗങ്ങളായിരുന്നു.തിരുവിതാംകൂർ, കൊച്ചി, മലബാർ. ഈ ഇടങ്ങളിലെല്ലാം ഓരോ രാജാക്കന്മാരായിരുന്നു ഭരിച്ചിരുന്നത്. മലബാറിൽ അന്ന് ഭരണം നടത്തിയിരുന്നത് സാമൂതിരി രാജാക്കന്മാർ ആയിരുന്നു. ജാതി വ്യവസ്ഥകളും കഷ്ടപ്പാടുകളും പട്ടിണിയും നിറഞ്ഞ നാടായിരുന്നു കേരളം. കൃഷിയായിരുന്നു പ്രധാന വരുമാന മാർഗ്ഗം. 

 എന്നാൽ ഈ കൃഷി ഭൂമിയുടെ ഉടമസ്ഥാവകാശം ജന്മിമാർക്കായിരുന്നു. ഇവിടങ്ങളിൽ കുടിയന്മാരെ വെച്ച് കൃഷി ചെയ്യിച്ചു ലാഭം ജന്മിമാർ വീതംവെച്ച് എടുക്കുകയായിരുന്നു പതിവ്. പാവങ്ങളും താഴ്ന്ന ജാതിക്കാരുമായിരുന്നു കുടിയന്മാർ. ഇവരെ അടിമകളായിട്ടായിരുന്നു കണ്ടിരുന്നത്. നായന്മാരായിരുന്നു പടയാളികൾ. തങ്ങളുടെ യജമാനൻ പറയുന്ന ആർക്കുവേണ്ടിയും അവർ പോരാടണം. ഇവരുടെ തന്നെ ജോലിയിൽ പെട്ടതായിരുന്നു നികുതി പിരിവും. 

 ഈ കാരണങ്ങളാൽ അവർ മേൽജാതിക്കാരുടെ അവസ്ഥയിലേക്ക് ഉയർന്നുതുടങ്ങി. മേൽജാതിക്കാർക്കായിരുന്നു ഭരണത്തിനുള്ള അവകാശം. അതിനാൽ അങ്ങേയറ്റത്തെ ജാതീയ തിങ്ങിനിറഞ്ഞിരുന്നു  അക്കാലത്ത്. ചെറിയ ജാതിക്കാർ എന്തെങ്കിലും ചെറിയ തെറ്റ് ചെയ്താൽ വലിയ മർദ്ദനമായിരുന്നു ശിക്ഷ. എന്നാൽ വലിയ ജാതിക്കാർ എത്ര വലിയ തെറ്റ് ചെയ്താലും അവർ രക്ഷപ്പെടും. 

 മേൽജാതിക്കാരെ തൊടാനോ അവരുടെ അടുത്തേക്ക് ചെല്ലാനോ (തൊട്ടുകൂടായ്മ,  തീണ്ടിക്കൂടായ്മ) താഴ്ന്ന ജാതിക്കാർക്ക് അവകാശമില്ല. മേൽ ജാതിക്കാരായ സ്ത്രീകൾക്ക് അല്ലാതെ മേൽവസ്ത്രം,  തലപ്പാവ്, ചെരുപ്പ് എന്നിവ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ധരിക്കാൻ അവകാശം ഉണ്ടായിരുന്നില്ല. അതിനാൽ സ്ത്രീകൾ പോലും മേൽവസ്ത്രമില്ലാതെ ആണ് നടന്നിരുന്നത്. 

 ഈ അധർമ്മത്തിൽ ഒന്നും ചെവികൊടുക്കാതെ തങ്ങളുടെ സുഖങ്ങൾക്കും ആർഭാട ജീവിതങ്ങൾക്കും മാത്രമായിരുന്നു രാജാക്കന്മാർ ഒരുങ്ങിയിരുന്നത്.  തങ്ങളുടെ നാട്ടുകാർ ഇത്രമേൽ പ്രയാസം അനുഭവിച്ചിട്ടും തങ്ങളുടെ നാട്ടിൽ കച്ചവടത്തിന് വരുന്ന കച്ചവടക്കാരായ വിദേശികളെ സന്തോഷിപ്പിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. 

 അങ്ങനെ ബ്രിട്ടീഷുകാർ, ഡച്ചുകാർ,  ഫ്രഞ്ചുകാർ തുടങ്ങി വൈദേശിക ശക്തികൾ കേരളത്തിൽ വന്ന് ഇവിടുത്തെ ഫലഭൂയിഷ്ഠമായ മണ്ണ് തങ്ങളുടെ അധീനതയിൽ കൊണ്ടു വരാൻ ആഗ്രഹിച്ചു. അങ്ങനെ പല രീതിയിൽ പല പേരുകളിലുള്ള യുദ്ധങ്ങൾ അന്ന് കേരളത്തിലും തുടർന്ന് കേരളത്തിന് പുറത്തും അരങ്ങേറി. ഈ  യുദ്ധങ്ങളിലെല്ലാം ജനങ്ങൾ അതൃപ്തരായിരുന്നു. അവിടത്തെ നാട്ടുരാജാക്കന്മാരെ സാമൂതിരി പേടിപ്പിച്ചു നിർത്തിയത് പോലെ വടക്കേ മലബാർ കോലോത്തിരി രാജാവ് കൈയ്യടക്കി വച്ചിരുന്നു. 

 ഈ അവസരം മുതലെടുത്ത് ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും മലബാറിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരുന്നു. പരസ്പരം യുദ്ധം ചെയ്ത് ഈ നാട്ടുരാജ്യങ്ങൾ എല്ലാം ഒതുക്കി തീരുമെന്ന് അവർ മനസ്സിലാക്കി. ആ മോഹങ്ങൾക്ക് തിരശ്ശീലയിട്ടായിരുന്നു മൈസൂർ സൈന്യത്തിന്റെ മലബാർ പ്രവേശനം. 

 ആദ്യമായി മലബാർ ആക്രമിച്ചത് ഹൈദരലി ഖാനോ ടിപ്പുവോ അല്ല. അത് നഞ്ചരാജന്റെ  സൈന്യമായിരുന്നു. അതിനു സഹായിച്ചതാകട്ടെ പാലക്കാട്ടെ ഒരു ഹിന്ദു അധികാരിയും. ഈ വിപ്ലവത്തിൽ സാമൂതിരി രാജാവ് കപ്പം നൽകാമെന്ന് സമ്മതിച്ചു. എന്നാൽ പത്ത് വർഷം കഴിഞ്ഞിട്ടും അത് നൽകാതിരുന്ന സാമൂതിരിയിൽ നിന്നും 12 ലക്ഷം രൂപ പിഴ വാങ്ങാൻ വേണ്ടിയാണ് 1766 - ൽ ഹൈദരലി ഖാൻ ആദ്യമായി മലബാറിൽ പ്രവേശിക്കുന്നത്. 

 മലബാറിൽ എത്തിയ ഹൈദരലിയും ടിപ്പുവും കണ്ടത് ഇവിടുത്തെ താഴ്ന്ന ജാതിക്കാർ അനുഭവിക്കുന്ന അടിച്ചമർത്തലുകൾ ആയിരുന്നു. അതിൽ നിന്നെല്ലാം അവരെ കര കയറ്റി. സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം നൽകിയതും ഈ പറയുന്ന ഹൈദരലിയും ടിപ്പുവും തന്നെയായിരുന്നു. ശേഷം അവർ ശ്രീരംഗപട്ടണത്തിലേക്ക് തന്നെ മടങ്ങി. 

 ബ്രിട്ടീഷുകാരുടെ നേതൃത്വത്തിൽ കലാപം വീണ്ടും ആളിപ്പടർന്നു. നിയന്ത്രിക്കാൻ ഹൈദർ അലിയുടെ ഉദ്യോഗസ്ഥന്മാർക്ക് സാധിച്ചില്ല. കലാപം അടിച്ചമർത്താൻ ഹൈദർ - മീർ അസർ അലി ഖാൻ എന്ന സൈനിക മേധാവിയെ മലബാറിലേക്ക് അയച്ചു. ഹൈദരലി ഖാനെ പോലെയും ടിപ്പുവിനെ പോലെയും  നയതന്ത്രശാലിയും ദയാലുവും ആയിരുന്നില്ല മീർ അസർ അലി ഖാൻ. കലാപകാരികളെ വല്ലാതെ പ്രയാസപ്പെടുത്തുകയായിരുന്നു അവർ ചെയ്തത്. ഇതിനെത്തുടർന്ന് ഒരുപാട് ബ്രാഹ്മണന്മാർ മലബാറിൽ നിന്നും തിരുവിതാംകൂറിലേക്ക് അഭയാർഥികളായി പലായനം ചെയ്തു. ടിപ്പുവിനെ കുറിച്ച് ക്രൂരമായ കഥകൾ പ്രചരിക്കാൻ ഈ സംഭവം കാരണമായി. 

 1782 ൽ ടിപ്പു മലബാറിലേക്ക് നേരിട്ടെത്തി. ഇവിടെ കലാപം അടിച്ചമർത്തി സമാധാനം സ്ഥാപിക്കുന്ന സമയത്താണ് പിതാവിന്റെ രോഗം മൂർച്ഛിച്ച വിവരം ടിപ്പു കത്ത് വഴി അറിയുന്നത്. " താൻ മരിക്കാൻ പോവുകയാണെന്നും അതിനുമുമ്പു തന്റെ മുഖം ഒരു നോക്ക് കാണണമെന്നും " ആയിരുന്നു ആ കത്തിൽ ഉണ്ടായിരുന്നത്. യുദ്ധം നിർത്തിവെച്ച് ശ്രീരംഗപട്ടണത്ത് എത്തുമ്പോഴേക്കും പിതാവിനെ കബറടക്കിയിരുന്നു. 

 ശേഷം പുതിയ സുൽത്താൻ എന്ന നിലയിലാണ് ഹുദാദാദ് സൽത്തനത്തിലെ കൊട്ടാര ഉദ്യോഗസ്ഥർ പിന്നീട് ടിപ്പുവിനെ വിശേഷിപ്പിച്ചത്. അങ്ങനെ സ്വന്തം പിതാവ് പടുത്തുയർത്തിയ സാമ്രാജ്യത്തിന്റെ അധിപനായി മാറി. അധികാരമേറ്റ ടിപ്പുസുൽത്താൻ അദ്ദേഹത്തിന്റെ ജനങ്ങളുടെ ക്ഷേമത്തിനുള്ള താൽപര്യത്തെയും ദയാവായ്പ്പിനെയും കാണിച്ചുകൊടുത്തു. മതത്തിന്റെയോ സമുദായത്തിന്റെയോ പേരിലുള്ള യാതൊരു വിവേചനവും അദ്ദേഹം കാണിച്ചില്ല. എല്ലാവർക്കും തുല്യ നീതിയും തുല്യ അവകാശങ്ങളും.

 ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിലെ ജനങ്ങളെയെല്ലാം അദ്ദേഹം ഏകോപിപ്പിച്ചു. ജന്മിമാരുടെയും ഭൂപ്രഭുക്കളുടെയും അതിക്രമങ്ങളിൽ നിന്നും പാവപ്പെട്ടവരും താഴ്ന്ന വിഭാഗക്കാരുമായ ജനങ്ങൾക്ക് സംരക്ഷണം നൽകി. നീതിക്കും നിയമത്തിനും മുമ്പിൽ സർവ്വരെയും ഒരുപോലെ കണ്ടു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന മതപരമായ ശത്രുക്കളുടെയും ജാതി വ്യത്യാസങ്ങളുടെയും മതിലുകൾ തകർത്തു.

 പിതാവ് തുടങ്ങിവച്ചതിൽ നിന്നും ടിപ്പു പിന്മാറിയില്ല. പ്രത്യേകിച്ച്, ബ്രിട്ടീഷുകാരെയും അവരുടെ കൂലിപ്പണിക്കാരായ നാട്ടുരാജാക്കന്മാരെയും തോൽപ്പിച്ചേ അടങ്ങൂ എന്ന വാശിയിൽ പിതാവിനേക്കാൾ ഒരുപടി മുന്നിലായിരുന്നു ടിപ്പു. ബ്രിട്ടീഷ് പട്ടാളം മൈസൂർ പടയോട് പല മുന്നേറ്റങ്ങൾ നടത്തിയിട്ടും പരാജയമല്ലാതെ മറ്റൊന്നും അവർ രുചിച്ചിരുന്നില്ല.  ഇങ്ങനെ..., മൈസൂർ കടുവയെ  തോൽപ്പിക്കാൻ ശക്തി മാത്രം പോരാ തന്ത്രവും ചതിയും വഞ്ചനയും വേണം. അത് ആവിഷ്കരിക്കാനുള്ള ശ്രമം അവർ തുടങ്ങി.

ഹിന്ദു വികാരമുണർത്തി ആ കാലത്തെ മാറാട്ടക്കാരെയും മറ്റു സഖ്യങ്ങളെയും ചേർത്ത് മൈസൂർ സേനയുടെ  മൂന്ന് ഇരട്ടി വലിപ്പമുള്ള സൈനിക നിരയുമായി വലിയ ഒരു സഖ്യം യുദ്ധത്തിന്റെ കരാറിൽ ഒപ്പുവച്ചു. ടിപ്പുവിനെ നേരിടാൻ ഒറ്റുകാരെയും ചതിയൻമാരെയും ബ്രിട്ടീഷുകാർക്ക് വേണമായിരുന്നു. മൈസൂരിന് ചുറ്റുമുള്ള ചില നാട്ടുരാജാക്കന്മാരെ അവർ പാട്ടിലാക്കി. അവിടുത്തെ സമ്പന്നരെയും ഭൂപ്രഭുക്കളെയും പല സമ്മാനങ്ങളുമായി അവരെയും വശത്താക്കി. ടിപ്പുവിന്റെ സൈന്യത്തിലെ ഉദ്യോഗസ്ഥന്മാരേയും വിലക്കെടുക്കാൻ ബ്രിട്ടീഷുകാർക്ക് കഴിഞ്ഞു. ടിപ്പുവിന്റെ സ്വന്തം സേനയിലും ചതിയന്മാരും ഒറ്റുകാരും നുഴഞ്ഞുകയറി. എന്നാൽ ടിപ്പു ഇതൊന്നും പൂർണ്ണമായി അറിഞ്ഞിരുന്നില്ല. 

 ഒന്നര ലക്ഷത്തോളം വരുന്ന ബ്രിട്ടീഷ് സൈന്യം ബാംഗ്ലൂരിൽ വന്ന് താവളമുണ്ടാക്കി. ബ്രിട്ടീഷ് ചാരന്മാർ നിറഞ്ഞ ടിപ്പുവിന്റെ സൈന്യത്തിന്റെ  ചെറുപ്പം ടിപ്പുവിന് വേണ്ടത്ര സന്ദേശം ലഭിച്ചില്ല. അയ്യായിരത്തോളം വരുന്ന സൈന്യവുമായി ടിപ്പുവിന്റെ സൈന്യം അവരോട് ഏറ്റുമുട്ടി. ഇതിൽ പരാജയപ്പെട്ട ടിപ്പു സേനക്ക് ബാംഗ്ലൂർ നഷ്ടമായി. ഒടുവിൽ ബാംഗ്ലൂർ കോട്ടയും. ഇതിനെല്ലാം കാരണം ടിപ്പുവിന്റെ വിശ്വസ്തനായിരുന്ന കൃഷ്ണറാവു എന്നയാളായിരുന്നു. അയാളെ വധിച്ചു കളയാൻ ടിപ്പു കൽപ്പിച്ചു. കൃഷ്ണറാവു കത്തിച്ചുവെച്ച ചതിയുടെ കാട്ടു തീ അണക്കാൻ മരണംവരെ ടിപ്പുവിന് സാധിച്ചില്ല.

 ഒടുവിൽ ബ്രിട്ടീഷുകാരുമായി സഖ്യം ചേർന്ന് ശ്രീരംഗപട്ടണം ഉപരോധിക്കാൻ തുടങ്ങി. ഒരു വർഷം ഈ ഉപരോധം നീണ്ടു നിന്നു. ഒടുവിൽ ടിപ്പുവിന് യുദ്ധത്തിന് ഇറങ്ങേണ്ടി വന്നു. രണ്ടു നേതാക്കന്മാർക്ക് കീഴിൽ രണ്ടു സൈന്യത്തെ ടിപ്പു അവർക്കെതിരെ തിരിച്ചു വിട്ടു. പക്ഷേ പരാജയപ്പെട്ടു. എന്നിട്ടും ആ സൈന്യത്തെ ടിപ്പു നേരിട്ടു. തൽക്കാലം രക്ഷപ്പെട്ടു എങ്കിലും നാലിരട്ടി വലിപ്പമുള്ള സൈന്യവുമായി തിരികെ വന്നു മൈസൂർ സൈന്യത്തെ അവർ വളഞ്ഞു. വിശ്വസ്തരെന്നു കരുതിയിരുന്ന പല ഉദ്യോഗസ്ഥരും സ്വന്തം രാജ്യത്തെ  ഒറ്റിക്കൊടുത്തു.

ഒടുവിൽ രണ്ടാം സമാധാന കരാറിന് ടിപ്പു  തയ്യാറായി. അതിനുശേഷം യുദ്ധത്തിൽ തകർന്ന നഗരങ്ങൾ വേഗത്തിൽ അദ്ദേഹം പുനർനിർമ്മിച്ചു. മൈസൂർ നഗരം മുഴുവൻ പൂന്തോട്ടങ്ങളും വിശ്രമ കേന്ദ്രങ്ങളും പണിതു. സർക്കാർ അധീനതയിലുള്ള ഭൂമി കൃഷി ചെയ്യുമെന്ന വ്യവസ്ഥയിൽ കർഷകർക്ക് വകവച്ചു കൊടുത്തു. തൊഴിലില്ലായ്മയും ദാരിദ്ര്യവും ഇല്ലായ്മചെയ്യാൻ ഫാക്ടറികളും മില്ലുകളും പണിതു. വസ്ത്രം, കമ്പിളി  തുടങ്ങിയ വ്യവസായങ്ങൾക്ക് മൈസൂർ ലോകപ്രശസ്തി നേടിയ. ഇങ്ങനെ ഇന്ത്യാ രാജ്യം വലിയ സമ്പന്ന രാജ്യമായി പേരു കേട്ടു. ഇതിനു ടിപ്പു തുടക്കം കുറിച്ചു. വൈജ്ഞാനിക രംഗത്തും ഒരുപാട് പുരോഗതി ഇദ്ദേഹം ഉണ്ടാക്കി. 

 പക്ഷേ, ബ്രിട്ടീഷുകാർ വെറുതെ നിന്നില്ല. പിന്നെയും അക്രമം അഴിച്ചുവിട്ടു. 1779 വെല്ലൂരിൽ നിന്ന് വെള്ളപ്പട്ടാളം ശ്രീരംഗപട്ടണം ലക്ഷ്യമാക്കി പുറപ്പെട്ടു. ചതിയന്മാർ സൈന്യത്തിൽ നിന്ന് പൂർണമായി പുറത്തുചാടിയില്ല എന്ന വിവരം പൂർണമായി  ടിപ്പു അറിഞ്ഞിരുന്നില്ല. ഈ പട്ടികയിൽ ടിപ്പുവിന്റെ ഉന്നത ഉദ്യോഗസ്ഥരും ചേർന്നു.  ടിപ്പു പോർക്കളത്തിലേക്കിറങ്ങി. 4 വൻ സൈന്യവുമായിട്ടായിരുന്നു ശത്രുക്കളുടെ ആക്രമണം. ആദ്യം ബോംബെയിൽ നിന്ന് വരുന്ന ശത്രുക്കൾക്കെതിരെ ആഞ്ഞടിച്ച് വിജയവക്കിൽ എത്തിയ അദ്ദേഹം അദ്ദേഹത്തിന്റെ സൈനിക നേതാവായ " മീർ മുഈനുദ്ധീന് " സൈനിക നേതൃത്വം ഏൽപ്പിച്ച് ടിപ്പു മറ്റു സൈന്യങ്ങൾക്ക് നേരെ തിരിഞ്ഞു.

ഇയാൾ ചാരനായിരുന്നു എന്നത് ടിപ്പുവിന് ഒട്ടും അറിയില്ലായിരുന്നു. ശത്രു സൈന്യത്തിന് സ്വന്തം സൈന്യത്തെ അറവു മൃഗങ്ങളെപ്പോലെ വച്ചു നീട്ടി. അങ്ങനെ ശത്രുസൈന്യം അവരെ പരാജയപ്പെടുത്തി ശ്രീരംഗപട്ടണത്തിൽ കാലുകുത്തി. മൈസൂർ രാജാവിന്റെ കേന്ദ്രത്തിൽ ശത്രുവായ വെള്ളക്കാരന്റെ കാൽ ആദ്യമായി പതിഞ്ഞു. 

 ചതി മനസ്സിലാക്കിയ ടിപ്പുവിന് തന്റെ കോട്ട സംരക്ഷിക്കുകയല്ലാതെ വഴിയില്ല എന്ന് മനസ്സിലാക്കി തന്റെ കോട്ടയ്ക്കകത്തേക്ക് പിൻവാങ്ങി. ബ്രിട്ടീഷ് സേന നാല് ഭാഗത്ത് നിന്നും കോട്ട ഉപരോധിച്ചു. ടിപ്പു തിരികെ വന്നു കോട്ടയ്ക്കകത്ത് ഇടിച്ചു കയറിയ ആ വൈദേശിക ശത്രുക്കൾക്കെതിരെ പോരാടി. ഒരു പടച്ചട്ട പോലും അദ്ദേഹത്തിന്റെ  ശരീരത്തിൽ ഉണ്ടായിരുന്നില്ല എന്നാണ് ചരിത്രകാരന്മാർ പറയുന്നത്.

 അദ്ദേഹം നഗരത്തിലേക്ക് രക്ഷപ്പെടാതിരിക്കാൻ ശത്രുക്കൾ ഓരോ കോട്ട വാതിലുകളും അടച്ചു. ഈ കൊടും വഞ്ചന കണ്ടുനിന്ന ടിപ്പു സുൽത്താന്റെ സൈന്യാധിപൻ ചതിയനായ മിർ സാദിക്കിനെ വകവരുത്തി. അപ്പോഴേക്കും സുൽത്താൻ ശരിക്കും കെണിയിലകപ്പെട്ടിരുന്നു. 

 വെടിയുതിർത്തും വാൾവീശിയും തന്നോട് അടുക്കുന്ന ഓരോ പട്ടാളക്കാരനെയും അദ്ദേഹം ഒറ്റക്ക് നേരിട്ടു. വെടിയേറ്റ് ശരീരമാകെ മുറിവേറ്റിട്ടും ആ മൈസൂർ കടുവ കുതിരപ്പുറത്ത് നിന്ന് വീഴാതെ യുദ്ധം തുടർന്നു. സൈന്യങ്ങൾ മാത്രമല്ല; കോട്ടക്കകത്തെ ഹൈന്ദവരും സ്ത്രീകളും ടിപ്പുവിനോടൊപ്പം ബ്രിട്ടീഷ് പട്ടാളത്തെ നേരിടുന്നുണ്ടായിരുന്നു. 

 പട്ടാളക്കാരോട് ധീരമായി ചെറുത്തു നിൽക്കുന്നതിനിടയിൽ ടിപ്പുവിന്റെ കുതിര വെടിയേറ്റ് നിലത്ത് മുഖം കുത്തി വീണു. സുൽത്താൻ തെറിച്ചുവീണു. തലപ്പാവും കൈയിലുണ്ടായിരുന്ന തോക്കും വീണു. എങ്കിലും വാൾ തിരികെ എടുത്ത് ശത്രുക്കളെ ആഞ്ഞുവെട്ടി. പെട്ടെന്ന് ദൂരെ നിന്നു ചീറിപ്പാഞ്ഞു വന്ന രണ്ടു വെടിയുണ്ടകൾ അദ്ദേഹത്തിന്റെ പിന്നാമ്പുറം തുളച്ചുകയറി. അഞ്ച് മണിക്കൂർ തുടർച്ചയായി യുദ്ധം ചെയ്യുകയായിരുന്ന ടിപ്പുവിന് തരണം ചെയ്യാൻ സാധിച്ചില്ല. അടുത്ത വെടിയുണ്ട ടിപ്പുവിന്റെ ഹൃദയം തുളച്ചുകയറി. 

മൈസൂർ കടുവയുടെ ചാരത്ത് 


 സുൽത്താൻ മരിച്ചെന്നു കരുതി സുൽത്താന്റെ വജ്രം പതിച്ച വാൾ കൈക്കലാക്കാൻ ഒരു വെള്ള പട്ടാളക്കാരൻ ശ്രമിച്ചു. മരണത്തോടു മല്ലിടുന്ന ടിപ്പു ആ നിമിഷത്തിലും ധീരത കൈവിടാതെ സകല കരുത്തും കൈവരിച്ച് ഉയർന്നുപൊങ്ങി ആ  പട്ടാളക്കാരനെ വെട്ടിവീഴ്ത്തി. ഒടുവിൽ മറ്റൊരു പട്ടാളക്കാരൻ വീണ്ടും ടിപ്പുവിനെ നേരെ കാഞ്ചി വലിച്ചു. ആ വെടിയുണ്ട ടിപ്പുവിന്റെ ബാക്കിയുണ്ടായിരുന്ന  ജീവനും എടുത്തുകളഞ്ഞു. പൊടി മണ്ണിൽ കിടന്ന് മൈസൂർ കടുവ എന്ന ടിപ്പുസുൽത്താന്റെ  ചുണ്ടുകൾ അവസാനമായി മരണ മന്ത്രം മൊഴിഞ്ഞു... 

1 comment:

  1. ഉഷാർ നന്നായിട്ടുണ്ട്

    ReplyDelete

ഉരക്കുഴി വെള്ളച്ചാട്ടം

രചന: കെ.എം ജസീലുദ്ധീൻ യമാനി ചെറൂപ്പ  വായനക്കു മുമ്പ്  "പരമകാരുണികനും കരുണാനിധിയുമായ നാഥന്റെ തിരുനാമത്തിൽ ആരംഭിക്കുന്നു." യാത്ര ചെയ...