Sunday, December 29, 2019

ഒരു യാത്രക്കുറിപ്പ്

   ഒരു യാത്രക്കുറിപ്പ്


രചന: കെ. എം ജസീലുദ്ധീൻ ചെറൂപ്പ 


സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ന്റെ 60ആം വാർഷിക സമ്മേളനമായിരുന്നു 29-12-2019 ഞായറാഴ്ച കൊല്ലം അഷ്ടമുടിക്കായലിനരികെ ആശ്രാമം മൈതാനിയിൽ. സമസ്തയുടെ എല്ലാ സമ്മേളനങ്ങൾക്കും പോവുക എന്നത് എന്റെ ആഗ്രഹമാണ്. മിക്ക സമ്മേളനങ്ങൾക്കും പോകാറുമുണ്ട്. ഇതിനും പോകണം. പക്ഷെ എങ്ങനെ പോകും. ദിവസങ്ങൾക്ക് മുമ്പ് തന്നെ അതിനുള്ള കാര്യങ്ങൾ അന്വേഷിച്ചു. സാധാരണ ചെറൂപ്പേന്ന് വാഹനം ഉണ്ടാകാറുണ്ട്. പക്ഷെ ഇപ്രാവശ്യം ആൾക്കാര് കുറവായതുകൊണ്ട് അതും ഇല്ല. പിന്നെങ്ങനെ പോകും..?!

അവസാനം ട്രെയിനിൽ പോയാലോ എന്നായി ആലോചന. പക്ഷെ അത് റിസ്കായിരിക്കും. മാത്രവുമല്ല, മുഴുവൻ റിസർവേഷൻ സീറ്റുകളും ഫുള്ളായെന്ന് നേരത്തെ തന്നെ കേട്ടിരുന്നു. അപ്പൊ അതും പാളി. 

പെട്ടെന്ന് ഞാൻ എന്റെ എളാപ്പയെ വിളിച്ചു. എന്റെ ഭാഷയിൽ പറഞ്ഞാൽ ആപ്പാപ്പനെ. തെങ്ങിലക്കടവിൽ നിന്ന് ഒരു വണ്ടി പോകുന്നുണ്ട്. ഞാനൊന്ന് ചോദിച്ചു നോക്കട്ടെ. എന്ന് ആപ്പാപ്പ. ഓ.. ആയിക്കോട്ടെ.. 

അങ്ങനെ അത് റെഡിയായി. ചെറൂപ്പേന്ന് കുറച്ചു പേർ ഉണ്ട് എന്ന് ഞാൻ പറഞ്ഞു കേട്ടിരുന്നു.ശനിയാഴ്ച രാത്രി 10 മണിക്ക് പുറപ്പെടും എന്നായിരുന്നു സംഘാടകർ പറഞ്ഞത്. കൃത്യം 10 മണിക്ക് മുമ്പ് തന്നെ ഞാൻ അവിടെയെത്തി. ചെറൂപ്പേന്ന് കുറച്ചു പേർ ഉണ്ട് എന്ന് ഞാൻ പറഞ്ഞു കേട്ടിരുന്നു എന്ന് പറഞ്ഞല്ലോ.. പക്ഷെ ആരും വന്നില്ല...!!

അയൽ നാടാണെന്ന് പറഞ്ഞിട്ടെന്ത്‌കാര്യം ആരെയും എനിക്ക് വല്യ പരിചയം ഉണ്ടായിരുന്നില്ല. അപ്പോഴാണ് അനസിനെയും റഹീമുസ്താദിനെയും കണ്ടത്. ഹാവൂ.. ഭാഗ്യം... അറിയുന്ന രണ്ട് പേരെങ്കിലും ഉണ്ട്. ബാക്കി എല്ലാവരെയും പിന്നെ പരിചയപ്പെടാം. 

10:30pm ന് ബസ് വന്നു. അതങ്ങനേ ഉണ്ടാവുകയുള്ളൂ അല്ലോ... 10:40 ന്  റഹീമുസ്താദിന്റെ പ്രാർത്ഥനയോടെ യാത്ര തുടങ്ങി. രാത്രിയാണെങ്കിലും പുറത്തുള്ള കാഴ്ചകൾ കണ്ടു. രാത്രി യാത്ര ചെയ്യുമ്പോഴുള്ള കാഴ്ച വേറെ ലെവലാണ്. ഡിസംബർ മാസത്തിന്റെ അവസാനപത്തല്ലേ... നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. അതിനിടക്ക് എവിടെ നിന്നോ ഞാൻ നിദ്രയിലേക്ക് വഴുതിവീണു. 

ഒരു നീണ്ട യാത്ര.. പ്രഭാതനിസ്കാരത്തിന് ആലപ്പുഴയിലെ ഏതോ ഒരു പള്ളിയിൽ ബസ് നിർത്തി. അവിടെ നിന്ന് തന്നെ ബ്രഷ് ചെയ്തു. ഹാ.. ബസിന്റെ പേര് നോക്കാൻ മറന്നു. എന്തായാലും ആവശ്യം വരും. Zenon എന്നായിരുന്നു bus ന്റെ പേര്. നിസ്കാരം കഴിഞ്ഞു. എല്ലാരും ബസ്സിൽ കയറി. ബസ് മുന്നോട്ട് കുതിച്ചു. 

ഒരു വഴിയോര തട്ടുകടയിൽ നിന്ന് പ്രാതൽ കഴിച്ചു. യാത്ര വീണ്ടും തുടർന്നു. ആ യാത്രയിൽ ആലപ്പുഴയുടെയും കൊല്ലം ജില്ലയിലെ ചില ഭാഗങ്ങളുടെയും പ്രകൃതിയുടെ വശ്യമായ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് യാത്രയങ്ങനെ നീണ്ടു. ഒടുവിൽ 9:45 ന് ആശ്രമം മൈതാനിക്ക് അരികിലുള്ള ഒരു പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനം നിർത്തി. അമീറിന്റെ ഉൽബോധനങ്ങൾക്കു ശേഷം പുറത്തിറങ്ങി. 

നേരത്തെ തന്നെ എത്തി. ഇപ്പൊ തന്നെ സമ്മേളന നഗറിയിൽ പോയിട്ടെന്താ കാര്യം..? അസറിനു ശേഷമേ സമ്മേളനം തുടങ്ങൂ... ഞങ്ങൾ പല ടീമായി തിരിഞ്ഞു. ഇവിടെ ഒന്നര കിലോമീറ്റർ അകലെയാണ് ബീച്ച് എന്ന് google map നോക്കി കണ്ടുപിടിച്ചു. ഞങ്ങൾ ഏഴു പേർ ബീച്ചിലേക്കു നടന്നുനീങ്ങി. കേരളത്തിൽ ഏറ്റവും കുറഞ്ഞ കടൽതീരമുള്ള ജില്ലയാണ് കൊല്ലം. ആ ബീച്ച് കാണാൻ ആഗ്രഹം ഉണ്ടായത് ഈ അടുത്ത കാലത്തായിരുന്നു. ഇത്ര പെട്ടന്ന് അത് നടക്കുമെന്ന് കരുതിയിരുന്നില്ല. എന്തായാലും അവിടെയെത്തി. 

കൊല്ലം ബീച്ച് 



വളരെ മനോഹരമായിരുന്നു അവിടുത്തെ കാഴ്ചകൾ. നീല നിറം തോന്നിപ്പോകുന്ന നല്ല തെളിഞ്ഞ വെള്ളം. ഫോട്ടോയെടുത്തും സെൽഫിയെടുത്തും കുളിച്ചും കൂടെയുള്ളവർ ആഹ്ലാദം പങ്കിട്ടു. പെട്ടെന്ന് life guard വന്ന് എല്ലാറ്റിനെയും ആട്ടിയോടിച്ചു... 

ക്രിസ്തു മതസ്ഥരായിരുന്നു ആ തീരദേശക്കാർ. ക്രിസ്മസ് പരിപാടിക്ക് വേണ്ടി ബീച്ചിന്റെ അരികിൽ അവർ പലതും കെട്ടിയുണ്ടാക്കിയിട്ടുണ്ട്. അതെല്ലാം കണ്ട് സമ്മേളനനഗരിയിലേക്ക് തിരിഞ്ഞു. ഓട്ടോയിലാണ് പോയത്. ഓട്ടോ ഡ്രൈവറോട് സംസാരിച്ചുകൊണ്ടിരുന്നപ്പോ മൂപ്പര് പറഞ്ഞു : കപ്പലണ്ടി നല്ല വിലക്കുറവിൽ കിട്ടുന്ന നാടാണ് കൊല്ലം. കാരണം കശുവണ്ടി ഏറ്റവും ഉൽപാദിപ്പിക്കുന്ന നാട്. അത് ഉണ്ടാകുന്ന സ്ഥലവും അയാൾ തന്നെ പറഞ്ഞു തന്നു. ഞായറാഴ്ചയായത് കൊണ്ട് കടകൾ പലതും തുറന്നിട്ടില്ല. 

ഉച്ചഭക്ഷണം അന്വേഷിച്ചായിരുന്നു പിന്നത്തെ യാത്ര. അതും നടന്നുകൊണ്ട് തന്നെ. ഒരുപാട് അലഞ്ഞു തിരിഞ്ഞു. ഒടുവിൽ, ഏതോ ഒരു ആശുപത്രിയുടെ കാന്റീനിന്റെ മുമ്പിൽ എത്തി. അവിടെ നിന്ന് ഉച്ചഭക്ഷണം. 

അടുത്തത് നിസ്കാരമായിരുന്നു ലക്ഷ്യം. ലക്ഷ്യ പ്രാപ്തിക്കായി വീണ്ടും കൊറേ അലഞ്ഞു. ഒരു പള്ളി കണ്ടുമുട്ടുന്നത് വരെ.. നമ്മുടെ നാട്ടിലെ പോലെ ഓരോ കിലോമീറ്റർ കഴിയുമ്പോ ഓരോ സംഘടനയുടെ പള്ളി എന്ന പദ്ധതിയൊന്നും ആ നാട്ടിൽ ഇല്ല. തെക്കൻ കേരളമല്ലേ... അങ്ങനെ ആ നടത്തത്തിനിടയിൽ ഒരു ബോർഡ് കണ്ടു. നിസ്കാരപ്പള്ളി. എല്ലാരും അങ്ങോട്ട് പോയി. അവിടെ വെള്ളം തീർന്നു. എല്ലാരും മടങ്ങിതുടങ്ങി. 

കൂട്ടത്തിൽ നിന്ന് ഒരുത്തൻ പറഞ്ഞു : സമ്മേളനനഗരിക്ക് പുറത്തുള്ള കുളത്തിൽ നിന്നും വുളൂ ചെയ്ത് നിസ്കരിച്ചു അവിടെ കുറച്ചു നേരം റെസ്റ്റെട്ക്കാ.. പിന്നെ തുടങ്ങി കുളം തിരിഞ്ഞുള്ള നടത്തം. ചുരുക്കിപ്പറഞ്ഞാൽ, കൊല്ലം ജില്ല മുഴുവൻ ചിലപ്പോ നടന്നു കാണും. ആ നടത്തത്തിൽ ഒരു പള്ളിയുടെ മിനാരം കണ്ടു. മരുഭൂമിയിൽ ദാഹിച്ചുവലഞ്ഞ ഒരാൾ മരീചിക കണ്ട പോലെ എല്ലാരും അങ്ങോട്ട്‌ ഉളറി നടന്നു. 

പള്ളിമുറ്റത്തെത്തി. അവിടെയും കൊറേ ആൾക്കാർ. ഒരാൾ പറഞ്ഞു : വെള്ളമില്ല. സഹികെട്ട് തയമ്മും ചെയ്താലോ എന്ന് വരെയായി ഞങ്ങളുടെ അവസ്ഥ. വീണ്ടും നടന്നു. ഒരു വീട്ടിൽ ചെന്ന് കാര്യം പറഞ്ഞു. അയാൾ വുളൂ ചെയ്യാൻ സമ്മതിച്ചു. പോലീസ് സൂപ്രണ്ടായ അബ്ദുസ്സലാം എന്നയാളുടെ വീടായിരുന്നു അത്. അയാളോട് സംസാരിച്ചപ്പോഴാണ് മനസിലായത് അവിടെ മിക്ക സമയത്തും ഇത് തന്നെയാണ് അവസ്ഥയെന്ന്. 

ക്വാളിഫോ ബാക്ടീരിയ കാരണം കിണറ്റിലെ വെള്ളം ആരും ഉപയോഗിക്കാറില്ല. എന്തായാലും അവിടെ നിന്ന് പള്ളിയിലേക്ക് നടന്നു. നിസ്കരിക്കുന്നവരേക്കാൾ കൂടുതൽ പേർ ഉറങ്ങുന്നവരാണ്. നിസ്കാരം കഴിഞ്ഞു അവിടെ തന്നെ എല്ലാവരും കിടന്നു. 

കൃത്യം 4:30ന് കൊല്ലം ജില്ല സമസ്ത ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ കാഞ്ഞാർ അഹമ്മദ് കബീർ ബാഖവിയുടെ, വിശ്വശാന്തിക്ക് മതവിദ്യ എന്ന പ്രമേയത്തിൽ പ്രഭാഷണം നടത്തികൊണ്ട് സമാപന സമ്മേളനത്തിന് തുടക്കം കുറിച്ചു. കാലിക പ്രസക്തമായ പൗരത്വബില്ലിനെതിരെ അദ്ദേഹം ചരിത്രാദ്യായങ്ങളിലൂടെ കടന്നു ചെന്ന് തെളിവുസഹിതം ഖണ്ഡിച്ചു. സമസ്തയുടെ മഹാന്മാരായ പണ്ഡിതന്മാരുടെ സാന്നിധ്യത്തിൽ മൗലിദ് പാരായണവും ശേഷം ഭക്തിനിർഭയമായ ദുആയും. 

മഗ്‌രിബ് ബാങ്ക് കൊടുത്തു. എല്ലാവരും സമ്മേളനനഗരിയിൽ നിന്ന് തന്നെ ജമാഅത്തായി നിസ്കരിച്ചു. മഗ്‌രിബ് നിസ്കാരനന്തരം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉൽഘാടനവും തങ്ങളുസ്താദ് (സയ്യിദ് മുഹമ്മദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങൾ) തടിച്ചു കൂടിയ ജനസഞ്ചയത്തിന്റെ ഹൃദയാന്തരങ്ങളിൽ പുളകമണിയിക്കുന്ന ആവേശകരമായ അധ്യക്ഷപ്രസംഗവും നടത്തി. പിന്നെയങ്ങോട്ട് തക്ബീറിന്റെ ആരവങ്ങളായിരുന്നു. ശേഷം മത-രാഷ്ട്രീയ-സംഘടന നേതാക്കൾ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ശേഷം കെ.ടി. മാനു മുസ്‌ലിയാരുടെ മരുമകൻ ഉസ്താദ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെയും തൊട്ടുപിന്നാലെ അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെയും പ്രമേയ പ്രഭാഷണങ്ങൾ. 

മേൽ പറഞ്ഞതാണ് പരിപാടിയുടെ ചുരുക്കമെങ്കിൽ ഇന്നത്തെ ദിവസത്തിന്റെ ചുരുക്കം കാര്യമായിട്ട് നടത്തം തന്നെയായിരുന്നു. സുധീർഘമായ നടത്തത്തിനു ശേഷം ബസ്സിലെത്തി. മടക്കയാത്രയാരംഭിച്ചു. ഡിസംബർ മാസത്തിന്റെ കൊടും തണുപ്പിൽ അന്തിനേരത്ത് പ്രകൃതി വിറങ്ങലിച്ചു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. സാധാരണ ആ കാഴ്ച കണ്ട് യാത്രയിലെ അവസാന രാത്രി ഹയാത്താക്കുക എന്നത് പതിവായിരുന്നു. പക്ഷെ, ആ ദീർഘ നടത്തത്തിന്റെ ക്ഷീണം കാരണം അത് മുടങ്ങി. 

ബസ് 5:40 am ന് ചങ്ങരംകുളത്തെത്തി. പ്രഭാതനിസ്കാരം നിർവഹിച്ചു. ഇവിടെ അടുത്തുള്ള ഒരു കടയിൽ നിന്ന് ചായയും കുടിച്ചു. ഡിസംബർ മാസത്തിന്റെ കൊടും തണുപ്പിൽ, തിങ്കളിന്റെ പ്രഭാതപൊൻ കിരണങ്ങൾ ഒരു പൂ വിടരും പോലെ വെളിവായിത്തുടങ്ങി. പുല്ലിൽ ഉറ്റി വീണ ഹിമഗണങ്ങൾ, ആരും കേൾക്കാൻ കൊതിക്കുന്ന കിളിനാഥങ്ങൾ. 

യാത്ര വീണ്ടും തുടർന്നു. പ്രഭാത സമയത്ത് കുറ്റിപ്പുറം പാലത്തിന് മുകളിലൂടെയുള്ള യാത്ര വളരെ ആനന്ദകരമായിരുന്നു. ശാന്തമായി ഒഴുകുന്ന ഭാരതപ്പുഴയുടെ വശ്യമായ സൗന്ദര്യം, ആരും അതൊന്ന് കണ്ടിരുന്നുപോകും. ഒരുപാട് അയ്യപ്പഭക്തന്മാർ അവിടെ കുളിക്കാനിറങ്ങിയിട്ടുണ്ട്. 

വാഹനം പിന്നെയും ഒരുപാട് മുന്നോട്ട് സഞ്ചരിച്ചു. ചരിത്രമുറങ്ങുന്ന ഒരുപാട് പൈതൃകങ്ങൾ വഴിവക്കിൽ ഉണ്ടായിരുന്നു.  അവകൾക്കോരോന്നിനും വലിയ കഥകൾ പറയാനുണ്ടാവും. അങ്ങനെ ആ നീണ്ട യാത്രകൊടുവിൽ 08:53 ന് തെങ്ങിലക്കടവിൽ പരിസമാപ്തി. ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ആ കൂട്ടായ്മക്ക്, ആ യാത്രാസംഘത്തിന് സ്നേഹത്തോടെ വിടചൊല്ലി. 


        by:   JKM Cherooppa

5 comments:

ഉരക്കുഴി വെള്ളച്ചാട്ടം

രചന: കെ.എം ജസീലുദ്ധീൻ യമാനി ചെറൂപ്പ  വായനക്കു മുമ്പ്  "പരമകാരുണികനും കരുണാനിധിയുമായ നാഥന്റെ തിരുനാമത്തിൽ ആരംഭിക്കുന്നു." യാത്ര ചെയ...