Friday, December 27, 2019

എന്‍റെ ആദ്യത്തെ ഗ്രഹണ നിസ്കാരം

എന്‍റെ ആദ്യത്തെ ഗ്രഹണ നിസ്കാരം 





(ഒരു flow കിട്ടാൻ കോഴിക്കോടൻ ഭാഷയിൽ തന്നെ ആയിക്കോട്ടെ)

സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം..! സൂര്യഗ്രഹണത്തെ കുറിച്ച് യാതൊരു പരിചയവും ഇല്ല. ആകെ കേട്ടത്  "സൂര്യഗ്രഹണംന്ന് പർഞ്ഞാ പൂച്ച പെറ്ണമായിര്യാ. പത്ത് കൊല്ലം കൂടുമ്പോ ഒരിക്ക്യ മാത്രം ണ്ടാവ്ണാ" എന്ന നാടന്മാരുടെ ചില വർത്താനങ്ങൾ മാത്രം. സത്യത്തിൽ എന്താണ് സൂര്യഗ്രഹണം..?!

സ്കൂളിൽ സൂര്യഗ്രഹണത്തിനുള്ള ഒരുക്കങ്ങൾ രണ്ടുമൂന്നീസം മുമ്പ് തന്നെ തുടങ്ങിയിരുന്നു. ഗ്രഹണം നോക്കാനുള്ള കണ്ണട എങ്ങനെ ഉണ്ടാക്കാ... എന്നതായിരുന്നു മിക്കവാറും സയൻസിന്റെയും സോഷ്യലിന്റെയും ക്ലാസ്സുകളിലെ പ്രധാന ചർച്ചാവിഷയങ്ങൾ,  പിന്നെ work കളും... അന്ന് അതൊക്കെ ചെയ്യാൻ വളരെ വലിയ ആവേശമായിരുന്നു. കാരണം ക്ലാസ്സ് ടൈം വെറുതെ തീര്വല്ലോ...

എന്തായാലും ഗ്രഹണ ദിവസം ആയി. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ഗ്രഹണം ആയതു കൊണ്ട് സ്കൂളിന് അവധിയായിരുന്നു. അതോണ്ട് വീട്ടുകാർ എല്ലാരും ചെറൂപ്പയിലെ കോഴിശ്ശേരി മഠത്തിൽ എന്ന ഞങ്ങളുടെ തറവാട്ട് വീട്ടിൽ ഒരുമിച്ചുകൂടി. എല്ലാരും ഗ്രഹണം കാണാനുള്ള ദൃതിയിലാണ്. ഉച്ചക്ക് 12 മൺക്യന്നെയായിരുന്നു ഗ്രഹണം. എല്ലാവരും ജുമുഅ നിസ്കാരത്തിന് പള്ളിയിലേക്കു നീങ്ങി. നിസ്കാരം കഴിഞ്ഞു പൊർത്തെർങ്ങ്യപ്പോ പോണോലും വെര്ണോലും മാനത്തേക്ക് നോക്കി നിൽക്കുന്നു. എന്തായാലും എല്ലാരും നോക്കല്ലേ.. ഞാനും നോക്കി മേലോട്ട്. അത് കണ്ട നാട്ടിലെ ഒരു കാക്ക പറഞ്ഞു : കണ്ണ് പീസാവും ചെങ്ങായിമാരെ അങ്ങനൊക്കെ നോക്ക്യാല്...

അപ്പൊ ചിലർ ഏതോ പരിപാടിക്ക് കെട്ടിയ വെള്ള പ്ലാസ്റ്റിക് തോരണം പറിച്ചു അതിലൂടെ നോക്കുന്നു. അപ്പോഴാണ് അറിഞ്ഞത് പള്ളിയിൽ ഗ്രഹണ നിസ്കാരം തുടങ്ങുന്നുണ്ട് എന്ന്. ങേ... ഗ്രഹണ നിസ്കാരവും ഉണ്ടോ..?!എന്തായാലും അതൊന്ന് കാൺണല്ലോ. ഞാനും ഓടിപ്പോയി പള്ളിയിലേക്ക്. ഉസ്താദ് കൈ കെട്ടി. ഒപ്പം ജനങ്ങളും. 5 സ്വഫ് ആളുകൾ നിസ്കാരത്തിന് പങ്കെടുത്തിരുന്നു..

ഒന്നാമത്തെ റക്അത്തിൽ ഫാത്തിഹക്ക് ശേഷം ഉസ്താദിന്റെ നീണ്ട ഖുർആൻ പാരായണം. പള്ളിയിൽ പിന്നിലെ സഫുകളിൽ നിന്നും ആൾക്കാരെ സംസാരം കേൾക്കുന്നുണ്ട്. എന്താ സംഭവം എന്ന് മനസ്സിലായിട്ടില്ല. കുറച്ചു കൂടി കഴിഞ്ഞപ്പോ ആളുകൾ കുറയുന്നത് പോലെ തോന്നി. ഹേ... അതൊന്നുണ്ടാവൂല നിസ്കാരത്തിലല്ലേ..
പിന്നെ ഒരു റുകൂഅ. ഹൊ സമാധാനായി. പിന്നെ അതങ്ങ് നീണ്ടു. ഇതെന്താ സംഭവം. പിന്നെ ഇഅതിദാൽ. പിന്നെയും നീണ്ട ഖുർആൻ പാരായണം. പിന്നെയും റുകൂഅ. അതങ്ങനെ ആദ്യത്തേതു പോലെ നീണ്ടു. ആൾക്കാരൊക്ക കൊയങ്ങിത്തുടങ്ങി. എന്റെ അടുത്ത് റുകൂഇൽ നിന്ന ഒരു കാക്കയെ പെട്ടെന്ന്,  ഒരു മിന്നായം പോലെ കാണാതായി. അത് കണ്ട് ഞാനും മുങ്ങി.

അപ്പഴാ മനസ്സിലായത്. എനിക്ക് തോന്നിയതെല്ലാം സത്യമായിരുന്നു എന്ന്. 5 സ്വഫുള്ള ജമാഅത്ത് നിസ്കാരം 3 ആയി ചുരുങ്ങി...!! എന്തായാലും തറവാട്ടിലേക്കോടി. സ്കൂളിൽ നിന്നുണ്ടാക്കിയിരുന്ന കണ്ണട എടുത്ത് ഞാനും പുറത്തിറങ്ങി നോക്കി. ആദ്യമൊന്നും മനസ്സിലായില്ല. പിന്നെ ഞാൻ കണ്ടു. സൂര്യനെ എന്തോ ഒന്ന് മൂടിയിരിക്കുന്നു. അപ്പോഴും മനസിലായില്ല എന്താ സൂര്യഗ്രഹണമെന്നത്. എല്ലാവരോടും ചോദിച്ചു അവരൊക്കെ പറഞ്ഞത് " നീ ആ കണ്ടത് തന്നെയാണ് " എന്നായിരുന്നു.

കാലത്തിന്റെ സൂചി മുന്നോട്ട് ചലിച്ചു തുടങ്ങി. കാലം കുറച്ചു കഴിഞ്ഞപ്പോ ഒരു ചന്ദ്രഗ്രഹണം ഉണ്ടായി. ഞാൻ അന്ന് ദർസിൽ പഠിക്കുകയായിരുന്നു ഒപ്പം പ്ലസ് ടുവിലും. പള്ളിക്ക് അടുത്തുള്ള ഗ്രൗണ്ടിൽ നിന്നും അത് കൺകുളിർക്കെ കണ്ടിരുന്നു. ഒരു കറുത്ത മറവന്ന് നിൽക്കുന്നത് കണ്ടു. അപ്പൊ പണ്ടത്തെ ആ സൂര്യഗ്രഹണം എനിക്ക് ഓർമ്മ വന്നു. അവർ പറഞ്ഞത് ശരിയാണ്. ഞാൻ കണ്ടത് തന്നെയായിരുന്നു ഗ്രഹണം.

കാലം വീണ്ടും മുന്നോട്ട് സഞ്ചരിച്ചു. പിന്നെ പിന്നെ മനസ്സിൽ ഓരോ ചോദ്യങ്ങൾ ഉയർന്നു വന്നു. എന്താണ് സൂര്യഗ്രഹണം? എന്താണ് ചന്ദ്രഗ്രഹണം? എങ്ങനെയാണ് ഗ്രഹണങ്ങൾ സംഭവിക്കുന്നത്? 

അങ്ങനെ ഉത്തരങ്ങൾ തേടിപിടിക്കാൻ തുടങ്ങി. അവസാനം കണ്ടെത്തി : സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ നേർരേഖയിൽ വരുമ്പോഴാണ് ഗ്രഹണം എന്ന പ്രതിഭാസം സംഭവിക്കുന്നത്. സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുേമ്പാൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിയുന്നതിനെയാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത് ചന്ദ്രഗ്രഹണം നടക്കുന്നത് പൗർണമി ദിനത്തിലാണ്.ചന്ദ്രൻ ഭൂമിയുടെയും സൂര്യെൻറയും ഇടയിൽ വരുന്നതിനാൽ ഭൂമിയിൽ ചന്ദ്രെൻറ നിഴൽ വീഴുന്നത് സൂര്യഗ്രഹണം എന്നും അറിയപ്പെടുന്നു സൂര്യഗ്രഹണം നടക്കുന്നത് അമാവാസി ദിനത്തിലുമാണ്.



                  ✍️ കെ. എം ജസീലുദ്ധീൻ ചെറൂപ്പ 


4 comments:

ഉരക്കുഴി വെള്ളച്ചാട്ടം

രചന: കെ.എം ജസീലുദ്ധീൻ യമാനി ചെറൂപ്പ  വായനക്കു മുമ്പ്  "പരമകാരുണികനും കരുണാനിധിയുമായ നാഥന്റെ തിരുനാമത്തിൽ ആരംഭിക്കുന്നു." യാത്ര ചെയ...