Sunday, April 30, 2023

ഉരക്കുഴി വെള്ളച്ചാട്ടം


രചന: കെ.എം ജസീലുദ്ധീൻ യമാനി ചെറൂപ്പ 


വായനക്കു മുമ്പ്

 "പരമകാരുണികനും കരുണാനിധിയുമായ നാഥന്റെ തിരുനാമത്തിൽ ആരംഭിക്കുന്നു."

യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ അധികം ആളുകളും. പെരുന്നാളിനെങ്കിലും ടൂർ പോകണമെന്ന് മനസ്സിൽ ആശിച്ചവരും തെല്ലും കുറവല്ല. എങ്കിലും പല ആളുകൾക്കും പല കാരണങ്ങളാൽ അത് സാധിക്കാതെ വരുന്നു. അങ്ങനെയുള്ളവർ ഈ എഴുത്ത് വായിക്കുന്നുണ്ടെങ്കിൽ ഞാൻ ആദ്യമേ ക്ഷമ ചോദിക്കുന്നു.

യാത്രയെ പലരും പല രീതിയിലാണ് നോക്കിക്കാണുന്നത്. ചിലർക്ക് അതൊരു തേടലാണ്. മറ്റു ചിലർക്ക് കണ്ടത്തലുകളാണ്. വേറെ ഉള്ളവർക്ക് ഒളിച്ചോട്ടമാണ്. പിന്നെ ഉള്ളവർക്ക് അതൊരു ജീവിതവും ലഹരിയുമാണ്. ഇസ്ലാം മതത്തിൽ യാത്രക്ക് വളരെ പ്രാധാന്യവും യാത്രയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. 'നബിയേ തങ്ങൾ പറയുക: നിങ്ങൾ ഭൂമിയിലൂടെ യാത്ര ചെയ്യുകയും അധര്‍മകാരികളുടെ പരിണതി എങ്ങനെയായിരുന്നുവെന്ന് നോക്കിക്കാണുകയും ചെയ്യുക' എന്ന് പരിശുദ്ധ ഖുർആൻ വിളംബരം ചെയ്യുന്നുണ്ട്. നാം ഭൂമിയെ ഒരു വിതാനമാക്കിയില്ലേ?പർവ്വതങ്ങളെ ആണികളും (കുറ്റികളും) ആക്കിയില്ലേ? എന്നിങ്ങനെയുള്ള പരിശുദ്ധ ഖുർആനിക അധ്യാപനങ്ങൾ അത്തരം കാഴ്ചകളിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്.

ഫോട്ടോയും വീഡിയോയും എടുക്കുക മാത്രമല്ല കേവലം യാത്ര ചെയ്യലിന്റെ ലക്ഷ്യം. ജഗന്നിയന്താവായ അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ കുറിച്ച് സ്മരിക്കുക കൂടി ചെയ്യൽ ഒരു വിശ്വാസിയുടെ ബാധ്യതയാണ്. ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ച ഇബ്നു ബത്തൂത്ത എന്ന ലോക സഞ്ചാരി പറഞ്ഞതായി കേട്ട ഒരു വാക്യമുണ്ട്: "യാത്ര നിങ്ങളുടെ മൂഖത മാറ്റി നിങ്ങളെ കഥ പറയുന്നവരാക്കുന്നു. ഊണിലും ഉറക്കത്തിലും ഒരു ലക്ഷ്യം മാത്രമാണെങ്കിൽ ഇന്നല്ലെങ്കിൽ നാളെ അത് കീഴടക്കുക തന്നെ ചെയ്യും." അങ്ങനെയുള്ള ഒരു ലക്ഷ്യത്തിനുവേണ്ടി മനസ്സിനെ പാകപ്പെടുത്തി എടുക്കാൻ വേണ്ടിയാണ് എന്റെ ഈ യാത്ര. യാത്രയിൽ ഞാൻ പഠിച്ച കാര്യങ്ങൾ നിങ്ങൾക്ക് പറഞ്ഞു തരാനും, പുതിയതോ നിങ്ങൾ കേട്ടതോ ആയ കാര്യങ്ങൾ നിങ്ങളിലേക്ക് എത്തിക്കാനും മറന്നു പോയവ ഓർമ്മിപ്പിക്കാനും വേണ്ടിയാണ് ഈ എഴുത്ത്. കൂടാതെ യാത്രയിലെ ചില ദൃശ്യങ്ങളും അവസാനം നൽകിയിട്ടുണ്ട്. അതും ശ്രദ്ധിക്കാതെ പോകരുത്. അമിത വിശദീകരണങ്ങൾ ഇല്ലാതെ കാര്യങ്ങൾ മാത്രം ഉൾക്കൊള്ളിച്ച്, നിങ്ങൾക്ക് വേണ്ടി തന്നെ എഴുതിയതായതിനാൽ സൂക്ഷ്മമായും ആത്മാർത്ഥമായും ഇതു മുഴുവൻ വായിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. യാത്രയിലെ ചില ചിത്രങ്ങൾ കൂടി പങ്കുവെക്കുന്നതിനാൽ ഞാൻ കണ്ട കാഴ്ചകൾ നിങ്ങളിലേക്കും എത്തിക്കാൻ ആഗ്രഹിക്കുന്നു. ഏറ്റെടുക്കുമെന്ന പ്രതീക്ഷയോടെ ആരംഭിക്കാം...,



കക്കയം ഡാം

നിരന്തരം യാത്രകൾ ചെയ്യുന്ന നമ്മളിൽ അധിക ആളുകളും കക്കയം ഡാം സന്ദർശിച്ചിട്ടുണ്ടാകും. ഒരു ഏകദിന യാത്രക്ക് വളരെ അനുയോജ്യമായ സ്ഥലങ്ങളിൽ പെട്ടതാണ് കക്കയം ഡാമും കരിയാത്തുംപാറയും തോണിക്കടവും വയലടയും. കക്കയം എന്ന ഗ്രാമത്തിൽ നിന്ന് 15 കിലോമീറ്റർ ദൂരമുണ്ട് കക്കയം ഡാമിലേക്ക്. കോഴിക്കോട് ബീച്ചിൽ നിന്നും 2500 അടി ഉയരത്തിലുള്ള കക്കയം ഡാമിലേക്കുള്ള യാത്ര കാടും മലയും അരുവിയും ഇഷ്ടപ്പെടുന്നവർക്ക് ഹൃദയസ്പർശിയായ യാത്രയായിരിക്കും. മലകയറിച്ചെല്ലുമ്പോൾ വലിയ മരങ്ങളും ചീവീടിന്റെയും മറ്റു പക്ഷികളുടെയും ശബ്ദം വയനാട് ചുരം കയറുന്ന ആസ്വാദനം യാത്രക്കാർക്ക് നൽകുന്നതാണ്. കേരള വനം-വന്യജീവി വകുപ്പിന്റെ കീഴിലാണ് കക്കയം ഡാം. സംസ്ഥാനത്ത് വൈദ്യുതി ഉല്പാദനത്തിൽ മൂന്നാം സ്ഥാനം ഈ പ്രോജക്ടിനാണ്  ഉള്ളത്.
കുറ്റ്യാടി  പവർ
പ്രോജക്ടിന്റെ കക്കയം
റിസർവോയിൽ
 

1972 ലാണ് ഈ പ്രോജക്ട് സ്ഥാപിതമാകുന്നത്. മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ആയിട്ടും കേരളത്തിലെ മൂന്നാമത്തെ ജലവൈദ്യുത പദ്ധതിയായിട്ടുമാണ് ഇവിടം അറിയപ്പെടുന്നത്. കുറ്റ്യാടി പവർ പ്രോജക്ടിന്റെ മെയിൻ റിസർവോയ്ലുകളാണ് കക്കയം ഡാമും വയനാട് ജില്ലയിൽ സ്ഥിതിചെയ്യുന്ന ബാണാസുര സാഗർ റിസർവോയിലും.  ബാണാസുര റിസർവോയിലിൽ ശേഖരിക്കുന്ന വെള്ളം ടണൽ വഴി ഇവിടെ എത്തിക്കുകയും, ഇവിടെ നിന്ന് കുറ്റ്യാടിയിലേക്ക് കടത്തിവിട്ട് അവിടെനിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുകയും ചെയ്യുന്നു. കക്കയം ഡാമിന് രണ്ട് ഷട്ടറുകൾ ആണ് ഉള്ളത്.


കക്കയം ഡാമിൻ്റെ ഷട്ടറുകൾ
രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് സമയം. പാർക്കിംഗ് ഫീക്ക് പുറമേ, ഒരാൾക്ക് 20 രൂപയാണ് ടിക്കറ്റ് ചാർജ്. കക്കയത്ത് എത്തുന്ന സഞ്ചാരികൾക്ക് സ്പീഡ് ബോട്ട് സംവിധാനവും ഉണ്ട്. അഞ്ചുപേർ അടങ്ങുന്ന ബോട്ടിങ്ങിന് 900 രൂപയാണ് ചാർജ്. വേനൽ അവധിക്ക് ശേഷം ഞങ്ങൾ പോയപ്പോൾ ഡാമിലെ വെള്ളം വളരെ കുറവായിരുന്നു. എന്നാൽ, ജൂലൈ മാസത്തിൽ ഡാമിൽ വെള്ളം നിറയുന്നതിനാൽ ആ സമയത്താണ് ബോട്ടിംഗ് ഉചിതം എന്നാണ് അറിയാൻ സാധിച്ചത്. ബോട്ട് യാത്രയ്ക്കിടെ നിരവധി വെള്ളച്ചാട്ടവും, കുരങ്ങ്, കാട്ടുപോത്ത്, ആന തുടങ്ങിയവയെയും കാണാൻ സാധിക്കുമെന്ന് അറിയാൻ സാധിച്ചു. ജൂലൈ മാസത്തിലാണ് കക്കയം ഡാം തുറക്കുക. മേലെ പടിഞ്ഞാറേതറ ഡാമിൽ നിന്നാണ് താഴെയുള്ള കക്കയം ഡാമിലേക്ക് വെള്ളം എത്തുന്നത്. കറന്റ് ഉൽപ്പാദിപ്പിക്കുകയാണ് കക്കയം ഡാമിന്റെ duty.

തോണിക്കടവ്
കക്കയം ഡാമിൽ നിന്ന് ഒഴുക്കുന്ന വെള്ളം ഉരക്കുഴി വെള്ളച്ചാട്ടം വഴി മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന കരയാത്തുംപാറ തോണിക്കടവ് എന്ന സ്ഥലത്തേക്കാണ് ഒഴുകിയെത്തുന്നത്. ധാരാളം വിനോദസഞ്ചാരികൾ ഇവിടെ സന്ദർശിക്കാറുണ്ട്. കൂടാതെ നിരവധി മലയാള-അന്യഭാഷ സിനിമകളുടെയും ഷോർട്ട് ഫിലിമുകളുടെയും ആൽബങ്ങളുടെയും ഷൂട്ടിംഗ് ലൊക്കേഷൻ കൂടിയാണിത്. അവിടെ നിന്ന് താഴെ പെരുവണ്ണാമുഴി ഡാമിലേക്കാണ്  വെള്ളം എത്തുക. അവിടെന്ന് മലപ്പുറം ജപ്പാൻ കുടിവെള്ള പദ്ധതിക്ക് എല്ലാം വെള്ളം വിതരണം ചെയ്യുന്നു.

കക്കയം ഡാമിലേക്കുള്ള ചുരം കയറുമ്പോൾ നിരവധി വീടുകളും വീട്ടുകാരെയും നമുക്ക് കാണാൻ സാധിക്കും. 15 കിലോമീറ്ററിലധികം താഴെയുള്ള കക്കയം അങ്ങാടിയിലാണ് അവശ്യസാധനങ്ങൾക്കുള്ള കടകൾ പോലുമുള്ളത്. ചുരം കേറുമ്പോൾ ഒറ്റപ്പെട്ടു കിടക്കുന്ന യാത്രക്കാർക്ക് സൗകര്യം എന്ന രീതിയിൽ ഭക്ഷണവും മറ്റു സാധനങ്ങളും ഉള്ള ഒരു ചെറിയ കടയും കാണാൻ സാധിക്കും. ആ നാട്ടുകാരായ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സൗകര്യത്തിന് സ്‌കൂൾ ഉള്ളത്  കല്ലാനോട്, തലയാട് (4 ക്ലാസ്സ്‌ വരെ. power house ഉദ്യോഗസ്ഥന്മാരുടെ കാലത്ത് ഉണ്ടാക്കിയ സ്കൂൾ) എന്നിവിടങ്ങളിലാണ്.

ഹോസ്പിറ്റൽ - തലയാട് (ആഴ്ചയിൽ 3 ദിവസം)




ഉരക്കുഴി വെള്ളച്ചാട്ടം

ഉരക്കുഴി വെള്ളച്ചാട്ടം

കക്കയം ഡാമിൽ പ്രവേശിച്ച് ഏകദേശം രണ്ട് കിലോമീറ്ററിൽ അധികം ദൂരമുണ്ട് ഉരക്കുഴി അഥവാ ഉരൾകുഴി വെള്ളച്ചാട്ടത്തിലേക്ക് പ്രവേശിക്കാൻ. കക്കയം ഡാമിന് കീഴിലുള്ള ജീപ്പിൽ ഇവിടെ എത്തിച്ചുതരും (Fee എത്ര എന്ന് അറിയില്ല.) കല്ല് പാകിയ പാതയിലൂടെ കാടിന്റെ വന്യഭാഗത്തേക്ക് നടന്നു താഴേക്ക് ഇറങ്ങണം. നൂറ്റാണ്ടുകളോടും ശക്തമായ രീതിയിൽ വെള്ളം പതിച്ചുണ്ടായ വലിയ പൊത്തുകൾക്കിടയിലൂടെയാണ് വെള്ളം പുറത്തു പോകുന്നത്. ഇങ്ങനെയാണ് ഉരക്കുഴി എന്ന് പേര് വരാൻ കാരണം. 600 അടി താഴ്ച്ചയിലേക്കാണ് വെള്ളം പോകുന്നത്.

ഏതെങ്കിലും ഒരു വിനോദസഞ്ചാരി അഭ്യാസം കാണിച്ച് താഴേക്ക് പോയാൽ "പോയവർ പോയി കൂടെ വന്നയാൾക്ക് മാത്രം തിരിച്ചു വീട്ടിൽ പോകാം" എന്നാണ് ഫോറസ്റ്റ് ഗ്വാർഡിൽ നിന്നും ലഭിച്ച വിവരം. കേരളത്തിൽ തിരച്ചിലില്ലാത്ത ഏക ടൂറിസ്റ്റ് കേന്ദ്രമാണ് ഇവിടെ എന്ന് അറിയപ്പെടുന്നു. പക്ഷേ, ഇതുവരെ അപകടങ്ങൾ ഇല്ലാത്തതിന്റെ കാരണം വൈകുന്നേരം അഞ്ചുമണി വരെ ഫോറസ്റ്റ് ഗ്വാർഡ് നിയന്ത്രിക്കാനും കാര്യങ്ങൾ പറഞ്ഞു കൊടുക്കാനും ഉള്ളതുകൊണ്ടാണ്. അപകടങ്ങൾ ഇല്ല എന്നതുകൊണ്ടാകാം ഈ സ്ഥലത്തിന് പബ്ലിസിറ്റി കുറയാൻ കാരണം.

1975 ൽ അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലത്ത് കോഴിക്കോട് എൻജിനീയറിങ് കോളേജ് വിദ്യാർഥി സഖാവ് രാജനെ കക്കയം ക്യാമ്പിൽനിന്ന് പോലീസ് കൊലപ്പെടുത്തി തള്ളിയത് ഈ ഉരക്കുഴിയിൽ ആണെന്നാണ് പറയപ്പെടുന്നത് (വെറും കേട്ടുകേൾവി മാത്രം). അന്ന് തൊട്ടാണ് ഈ വെള്ളച്ചാട്ടം കാണാൻ ജനങ്ങൾ പുഴയെല്ലാം കടന്ന് കാട്ടിൽ കൂടി കയറി, ചാഞ്ഞു നിൽക്കുന്ന മരത്തിൽ കയറി താഴ്ഭാഗം കാണുന്നത്. അങ്ങനെയാണ് കക്കയവും ഉരക്കുഴി വെള്ളച്ചാട്ടവും പുറംലോകത്ത് അറിയപ്പെട്ടു തുടങ്ങിയത്. ഈ വെള്ളച്ചാട്ടം കരിയാത്തുംപാറ തോണിക്കടവ് എന്ന സ്ഥലത്തേക്കാണ് എന്ന് നേരത്തെ പറഞ്ഞല്ലോ.

ഈ വെള്ളച്ചാട്ടത്തിന്റെ മറ്റൊരു പ്രത്യേകത ഈ വെള്ളച്ചാട്ടത്തിന്റെ താഴെ നമ്മൾ (ആഗ്രഹം മാത്രം പോരാ) എത്തണമെങ്കിൽ കരയാത്തും പാറയിൽ നിന്ന് മൂന്നര കിലോമീറ്റർ തോണിമാർഗ്ഗം പുഴയിലൂടെ മാത്രം വന്ന്, കയർ ഉപയോഗിച്ച് അതി സാഹസികമായി ട്രക്കിംഗ് ചെയ്തു കയറിവന്നാലേ ഈ വെള്ളച്ചാട്ടത്തിന്റെ യഥാർത്ഥ താഴ്വാരത്തിൽ ചെന്നെത്താൻ കഴിയൂ. അങ്ങനെ എത്തിയാലും ഈ വെള്ളച്ചാട്ടം മേലെ നിന്ന് വന്ന് താഴോട്ട് പതിക്കുന്നത് കാണില്ല. അതുകൊണ്ടാണ് കേരളത്തിലെ ടൂറിസ്റ്റ് സ്ഥലങ്ങളിൽ മുകളിൽ നിന്നും താഴോട്ട് മാത്രം കാണുന്ന വെള്ളച്ചാട്ടം എന്ന് ഉരക്കുഴി
മുമ്പ്
വെള്ളച്ചാട്ടത്തിന് പറയുന്നത്. (അരിപ്പാറ, സൂചിപ്പാറ, തുഷാരഗിരി, പതങ്കയം തുടങ്ങിയ വെള്ളച്ചാട്ടം താഴെ നിന്ന് മേലോട്ട് നോക്കിയാൽ വെള്ളം വരുന്നതും ചാടുന്നതും കാണാൻ സാധിക്കും. എന്നാൽ ഇവിടെ വ്യത്യസ്തമാണ്.)


ഇന്ന് 
മുമ്പ് ഈ വെള്ളച്ചാട്ടത്തിന് കുറുകെ മുകൾ ഭാഗത്ത് തൂക്കുപാലം ഉണ്ടായിരുന്നു. 2018ലെ പ്രളയസമയത്ത് കേരളത്തിലെ എല്ലാ ഡാമുകളും തുറന്നു. അപ്പോൾ കക്കയം ഡാമും തുറന്നിട്ട് ഡാമിലെ വെള്ളവും കാട്ടിലെ വെള്ളവും ഒന്നിച്ച് ആ തൂക്കുപാലം വെള്ളത്താൽ മൂടി. മരത്തിന്റെ ഉയരത്തിൽ മൂന്നുദിവസം അഗാധമായ വെള്ളവും വെള്ളച്ചാട്ടവും ഉണ്ടായി. അങ്ങനെയാണ് അവിടത്തെ തൂക്കുപാലം പൊട്ടിയത്. ഇന്ന് അത് ഉണ്ടായിരുന്നെങ്കിൽ ഒരുവിധം കാഴ്ചകൾ കാണാൻ അവിടെയെത്തുന്ന യാത്രക്കാർക്ക് സാധിക്കുമായിരുന്നു. അതിനുശേഷം ആണ് ഇവിടെ കമ്പിവേലി കിട്ടുകയും ജനങ്ങൾക്ക് കാണാൻ പറ്റുന്ന രീതിയിൽ സംവിധാനിക്കുകയും ചെയ്തത്.

കേരളത്തിലെ ടൂറിസ്റ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു കാഴ്ച ഇവിടെയുണ്ട്. നെറ്റിയും, മൂക്കും, ചുണ്ടും ഉൾക്കൊള്ളുന്ന മനുഷ്യന്റെ മുഖം പോലെ തോന്നിപ്പിക്കുന്ന ഒരു പാറ ഇവിടെ നിലകൊള്ളുന്നുണ്ട്.

18 കിലോമീറ്റർ അടിവാരവും 31 കിലോമീറ്റർ ലക്കിടിയും 33 കിലോമീറ്റർ പടിഞ്ഞാറത്തറ ബാണാസുരസാഗർഡാമും touch ചെയ്യുന്ന മലനിരകൾ ആയതിനാൽ മാവോയിസ്റ്റുകാർ ഈ കാട്ടിൽ വസിക്കാറുണ്ട്. ഇവരെ പിടികൂടാനായി forest guard ഉം thunderbird ഉദ്യോഗസ്ഥരും ഇത് വഴി കാട് കയറാറുണ്ട്. വേൽമുരുകൻ എന്ന മാവോയിസ്റ്റിനെ വെടിവെച്ചു കൊന്നത് ഈ കാട്ടിൽ നിന്നാണ്. എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം, വലിയ പാറക്കെട്ടുകൾ ഉള്ള ഈ ചെങ്കുത്തായ പാതയിലൂടെ കാട്ടുപോത്തും കാട്ടാനകളും ഇറങ്ങി വരാറുണ്ട് എന്നതാണ്. അത്രമേൽ ഇടുങ്ങിയ വഴികളാണ് ആ വനപ്രദേശത്ത് നമുക്ക് കാണാൻ സാധിക്കുക.


കക്കയം സ്വദേശികളായ സലൂമി കക്കയം,
സജി കക്കയം എന്നീ രണ്ട് ഫോറസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ് ഇത്തരം അറിവുകൾ പകർന്നു തന്നത്. ഏത് മഴക്കാലത്തും വേനൽക്കാലത്തും ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ അടുത്ത് ഒരു പായ കെട്ടിയിട്ടാണ് അവർ സുരക്ഷയ്ക്ക് ഇരിക്കാറുള്ളത്. മലയോര കടയിലെ രണ്ട് സ്ത്രീകളും നാടിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചു.


മറ്റു ചില കാഴ്ചകൾ 

കരിയാത്തും പാറ ഗ്രാമത്തിലെ ഒരു പാലത്തിനടിയിൽ നിന്നുള്ള ദൃശ്യം. കക്കയം ഡാമിൽ നിന്ന് തോണിക്കടവിലേക്ക് ഒഴുകുന്ന വെള്ളം. വേനൽ കാലമായതിനാൽ വെള്ളം കുറവാണ്.



കക്കയം ഗ്രാമം




കക്കയം ചുരം വ്യൂപോയിന്റുകളിൽ ഒന്ന്




ഡാമിനകത്തു നിന്ന് ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്കുള്ള വഴി


നെറ്റിയും, മൂക്കും, ചുണ്ടും ഉൾക്കൊള്ളുന്ന മനുഷ്യന്റെ മുഖം പോലെ തോന്നിപ്പിക്കുന്ന ഒരു പാറ


വെള്ളച്ചാട്ടം




തോണിക്കടവ് 




No comments:

Post a Comment

ഉരക്കുഴി വെള്ളച്ചാട്ടം

രചന: കെ.എം ജസീലുദ്ധീൻ യമാനി ചെറൂപ്പ  വായനക്കു മുമ്പ്  "പരമകാരുണികനും കരുണാനിധിയുമായ നാഥന്റെ തിരുനാമത്തിൽ ആരംഭിക്കുന്നു." യാത്ര ചെയ...