Tuesday, March 15, 2022

പ്രതിഭാധനനായ ഇബ്നു സീന

 


പ്രതിഭാധനനായ ഇബ്നു സീന
- ചരിത്ര പഠനം -




ഇബ്നു സീനയുടെ ഫയൽ ചിത്രം
(980-1037)
എഡി ആറാം നൂറ്റാണ്ടു മുതൽ പതിനഞ്ചാം നൂറ്റാണ്ടു വരെ ഏകദേശം 1000 വർഷക്കാലം ലോകത്തെ നയിക്കുകയും ശാസ്ത്ര വിജ്ഞാന കഥകളുടെ മേധാവിത്വം വഹിക്കുകയും ചെയ്തവരായിരുന്നു മുസ്ലീമുകൾ. മധ്യകാല ഇസ്ലാമിക ഭരണയുഗം ചരിത്രത്തിൽ തുല്യതയില്ലാത്ത ഉന്നതിയിലേക്കുയരുകയും അറബി ഭാഷ ശാസ്ത്ര വിജ്ഞാനീയങ്ങളുടെ മാധ്യമമായി നിലകൊള്ളുകയും ചെയ്തു. ഈ സുവർണ്ണ കാലഘട്ടത്തെ ലോകത്തിന് മുന്നിൽ മറച്ചുവെച്ചുകൊണ്ടാണ് പാശ്ചാത്യ ചരിത്രകാരന്മാർ ശാസ്ത്ര പഠനങ്ങളെ വിലയിരുത്തുന്നത്. അറബികൾ കൈവെക്കാത്ത ഒരു ശാസ്ത്രശാഖയുമില്ലെന്നാണ് അതിനെ കുറിച്ചറിയാവുന്ന നിഷ്പക്ഷ ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടിട്ടുള്ളത്.
ശാസ്ത്രലോകത്തിന് അറബികൾ നൽകിയ സംഭാവനകൾ എന്നെന്നും മഹത്തരമായി നിലകൊള്ളുന്നു. ആധുനിക യുഗത്തിന് കൈമാറാൻ പറ്റിയ വിധം അവർ അതിനെ പാകപ്പെടുത്തിയിരുന്നു. ക്രിസ്തുവർഷം 622 ൽ ഹിജ്റ ഒന്നാം വർഷം മുഹമ്മദ് നബി (സ) മദീനയിൽ ഇസ്ലാമിക ഭരണത്തിന് തുടക്കമിട്ട ശേഷം ഇസ്ലാമിന്റെ പ്രചാരം ദ്രുതഗതിയിൽ വളർന്നു. സച്ചരിതരായ ഖലീഫമാരുടെയും, ഉമവി, അബ്ബാസി ഭരണങ്ങളിലൂടെയും ലോകത്തെ ഏറ്റവും വലിയ ശക്തിയായി അത് മാറി. വിസ്തൃതിയിലും സമ്പന്നതയിലും ഭരണ മികവിലും ഇസ്ലാമിക സാമ്രാജ്യം ഒന്നാം സ്ഥാനത്തെത്തി. ശാസ്ത്ര ജ്ഞാനത്തിലും സാഹിത്യത്തിലും കലയിലും കാർഷിക വാണിജ്യ രംഗങ്ങളിലും സൈനിക രംഗത്തും ഒരു മാതൃകാ ഭരണകൂടമായി ശേഷിച്ചു.

ശാസ്ത്ര - ഗവേഷണ രംഗത്ത് അറബികൾ കൈവരിച്ച മഹത്തായ നേട്ടങ്ങൾ ഇന്നും ലോകത്തിന് വെളിച്ചമായി നിലകൊള്ളുന്നു. ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, ഗണിതം, തർക്കശാസ്ത്രം, തത്വചിന്ത, പ്രകൃതിശാസ്ത്രം, കാർഷിക ശാസ്ത്രം, കാലാവസ്ഥ ശാസ്ത്രം, രാഷ്ട്രീയ മീമാംസ, മനശാസ്ത്രം തുടങ്ങിയ ഒട്ടേറെ മേഖലകളിൽ മുസ്ലിം ശാസ്ത്രജ്ഞന്മാർ തങ്ങളുടെ പ്രതിഭ തെളിയിച്ചു.

ആറാം നൂറ്റാണ്ടു മുതൽ പതിനഞ്ചാം നൂറ്റാണ്ടു വരെ ആയിരം വർഷക്കാലം ലോകത്തിന് വഴികാട്ടിയായി നിലനിന്ന ഒരു സുവർണ അധ്യായം ഇസ്ലാമിനുണ്ടായിരുന്നു. വിവിധ ശാസ്ത്ര മേഖലകളിൽ മികവ് തെളിയിച്ച, മഹത്തായ സംഭാവനകളർപ്പിച്ച ശാസ്ത്രജ്ഞന്മാരിൽ പ്രഗത്ഭനാണ് ഇബ്നു സീന.

മധ്യകാലഘട്ടത്തിലെ അവിസ്മരണീയമായ ദാർശനിക പ്രതിഭാസമായിരുന്നു ഇബ്നു സീന. അറബികളെ പോലും അതിശയിപ്പിക്കുന്ന അസാധാരണമായ ഒരു ജീവിതം. വൈദ്യശാസ്ത്രം, ഗണിത ശാസ്ത്രം, തത്വചിന്ത, തർക്കശാസ്ത്രം എന്നീ മേഖലകളിൽ ഗുരുവിനെ പോലും മറികടന്ന ബുദ്ധിവൈഭവമുള്ള മഹാ വ്യക്തിത്വം.

എഡി 980 ൽ ആണ് ജനനം. അബു അലി അൽ ഹുസൈൻ ഇബ്നു അബ്ദുല്ല ഇബ്നു സീന എന്നായിരുന്നു പൂർണ്ണനാമം.

സർവ്വവിജ്ഞാന കോശങ്ങളുടെ ഏടുകളിൽ ഇബ്നു സീനയെ കുറിച്ച് കേട്ടെന്നു വരില്ല. അഥവാ കേട്ടാൽ "അവിസെന്ന" എന്ന സൂചന മാത്രം. ഇത് ലാറ്റിൻ നാമം ആണെന്ന് പറയപ്പെടുന്നു. ഈ പേരിലാണ് പിൽക്കാലത്ത് ഇബ്നു സീന പരക്കെ അറിയപ്പെട്ടത്.
ചെറുപ്രായത്തിൽ തന്നെ ഇബ്നു സീന ഒരു അത്ഭുതമായിരുന്നു. പത്താം വയസ്സിൽ തന്നെ പണ്ഡിതന്മാർ അദ്ദേഹത്തെ 'കൗമാര പ്രതിഭ' എന്ന് വിളിച്ചു. പരിശുദ്ധ ഖുർആൻ പത്താം വയസ്സിൽ തന്നെ അദ്ദേഹം മനപ്പാഠമാക്കി.

തുടർന്ന് അറിവിന്റെ മായാലോകത്തേക്കുള്ള വഴിയും അദ്ദേഹത്തിനു മുമ്പിൽ തുറക്കപ്പെട്ടു. അഫ്ഷാനയിൽ പേരുകേട്ട ഗണിതശാസ്ത്രജ്ഞനായിരുന്ന മുഹമ്മദ് ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യഗുരു. അബുൽഹസൻ കൂസൻ എന്ന പണ്ഡിതൻറെ കീഴിൽ ഗോളശാസ്ത്രവും പഠിച്ചു. അതോടൊപ്പം വൈദ്യശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും താൽപര്യം ജനിച്ചു.

അറിവ് തേടിയുള്ള അദ്ദേഹത്തിന്റെ യാത്ര അവിടെ കൊണ്ടൊന്നും അവസാനിച്ചില്ല. നിയമത്തിലും സംഗീതത്തിലും താല്പര്യം കാണിച്ചു. പതിനാറാമത്തെ വയസ്സിൽ വൈദ്യശാസ്ത്രത്തിൽ പ്രാവീണ്യം നേടി. അതാകട്ടെ, പെട്ടെന്ന് വഴങ്ങുകയും ചെയ്തു.

ഇബ്നുസീനയുടെ ബുദ്ധി വൈഭവത്തിനു മുമ്പിൽ അധ്യാപകന്മാർ പോലും മുട്ടുകുത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ, തർക്കശാസ്ത്ര ക്ലാസിൽ നിരവധി സംശയങ്ങളിലൂടെ അദ്ധ്യാപകനെ അദ്ദേഹം ആശയക്കുഴപ്പത്തിലാക്കി. അവസാനം തർക്കശാസ്ത്രം ശിഷ്യനിൽ നിന്ന് ഗുരുവിന് പഠിക്കേണ്ടി വന്നു. ഒരർത്ഥത്തിൽ ഇബ്നു സീന അത് സ്വയം തന്നെ പഠിക്കുകയായിരുന്നു.

പതിനേഴാം വയസ്സിൽ ഇബ്നു സീന ചികിത്സാ രംഗത്തെത്തി. ഗ്രന്ഥങ്ങളിൽ കാണുന്ന രോഗലക്ഷണങ്ങളും പ്രതിവിധിയും ആസ്പദമാക്കിയുള്ള ചികിത്സാസമ്പ്രദായം സ്വീകരിക്കുന്നതിനു പകരം, രോഗികളെ സൂക്ഷ്മമായി നിരീക്ഷിച്ചു രോഗം പഠിച്ചു. പുസ്തകങ്ങളിൽ വായിച്ച വിവരങ്ങൾ സ്വന്തം അനുഭവങ്ങളുമായി ബന്ധിപ്പിച്ച് വിശകലനം ചെയ്തു പുതിയ ഒരു നിഗമനത്തിലെത്തി. ഏടുകളിൽ കാണാത്ത പുതിയ ചില കാര്യങ്ങൾ കൂടി അദ്ദേഹം കണ്ടെത്തി. ഈ സമീപനം ആതുര ശുശ്രൂഷ രംഗത്ത് പുതിയ വാതിലുകൾ തുറന്നിട്ടു.

അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും അദ്ദേഹം ചെലവഴിച്ചത് കൊട്ടാരങ്ങളിൽ ആയിരുന്നു. അതിന് നിമിത്തമായ ഒരു സംഭവം ഇതായിരുന്നു:

ഇബ്നു സീന ചികിത്സാരംഗത്ത് അറിയപ്പെട്ടു തുടങ്ങുന്ന കാലം. അന്ന് ബുഖാറയിലെ സുൽത്താൻ രോഗം ബാധിച്ചു കിടപ്പിലായി. കൊട്ടാരത്തിലെ വൈദ്യന്മാർ പല കുറി ശ്രമിച്ചിട്ടും കാര്യമായ മാറ്റങ്ങളൊന്നും തന്നെ ഉണ്ടായില്ല. വിദഗ്ധ വൈദ്യന്മാർ പലരും വന്നു പരാജയപ്പെട്ടു. ഇബ്നുസീനയുടെ കഴിവുകൾ കേട്ടറിഞ്ഞ കൊട്ടാര വൈദ്യന്മാർ കാര്യം സുൽത്താനെ അറിയിച്ചു. ഒരു പരീക്ഷണമെന്ന നിലയിൽ സുൽത്താൻ ഇബ്നു സീനയെ വിളിപ്പിച്ചു. ഇബ്നു സീന രോഗിയെ വിശദമായി പരിശോധിച്ചു. ചികിത്സ തുടങ്ങി. അധികം വൈകാതെ എല്ലാവരെയും അത്ഭുതപ്പെടുത്തി സുൽത്താൻ രോഗമുക്തി നേടി. എന്തു പ്രതിഫലം നൽകാനും സുൽത്താൻ ഒരുക്കമായിരുന്നു. സ്വർണ്ണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും പാരിതോഷികമായി വാങ്ങാമായിരുന്ന ഇബ്നുസീന വിനയ പൂർവ്വം ചോദിച്ചു: "അങ്ങയുടെ വിശാലമായ ഗ്രന്ഥപുരയിൽ കുറച്ചു ദിവസം തങ്ങാൻ ഈയുള്ളവനെ അനുവദിക്കണം. മറ്റൊന്നും വേണ്ട." ഇബ്നുസീനയുടെ അഭ്യർത്ഥന സുൽത്താൻ സ്വീകരിച്ചു.

നിരവധി മുറികളുള്ള ഒരു വലിയ ഗ്രന്ഥപ്പുര. അലമാരകളിൽ ഒതുക്കിവെച്ച അനേകം അപൂർവ ഗ്രന്ഥങ്ങൾ, ഒരു മുറി നിറയെ ഭാഷയെയും സാഹിത്യത്തെയും സംബന്ധിച്ച പുസ്തകങ്ങൾ. മറ്റൊന്നിൽ നിയമ ഗ്രന്ഥങ്ങൾ. സയൻസിന് മാത്രമായി മറ്റൊരു മുറി. അവിടെയുണ്ടായിരുന്ന ഗ്രന്ഥങ്ങളുടെ പേര് പോലും അദ്ദേഹം മുൻപ് ഒന്നും കേട്ടിട്ടില്ല.
അവിടെ താമസിച്ച ദിവസങ്ങളിൽ അവിടെ കണ്ടെത്തിയ വിശിഷ്ട ഗ്രന്ഥങ്ങളുടെ കാതലായ വശങ്ങളെല്ലാം ഇബ്നു സീന മനസ്സിലും കടലാസുമായി കുറിച്ചെടുത്തു. അറിവിന്റെ പുതിയ മേഖലകൾ കണ്ടെത്താനുള്ള ത്വരയിൽ കൈവന്ന ഈ സുവർണാവസരം ഇബ്നു സീനയുടെ ജീവിതത്തിൽ ഒരു നാഴികക്കല്ലായി.

ജീവിതത്തിന്റെ പുലരിയിൽ തന്നെ പ്രശസ്തിയുടെ രാജപാതയിൽ എത്തി. പക്ഷേ, പിന്നീടുള്ള വഴിയിൽ പല സങ്കീർണതകളും അദ്ദേഹം നേരിട്ടു. സുൽത്താൻ മൻസൂറിനെ ഭരണം പലപ്പോഴും അസ്വസ്ഥമായിരുന്നു. രാജ്യത്തിനകത്ത് കുഴപ്പങ്ങൾ വർദ്ധിച്ചു. സമീപ രാജ്യങ്ങളിൽ നിന്നും ആക്രമണങ്ങൾ നേരിട്ടു. അങ്ങനെ 999 ൽ ആ ഭരണം നിലക്കുകയും ആ രാജവംശം ഇല്ലാതാവുകയും ചെയ്തു.

ലോകത്തിലെ ഈ അപൂർവ ഗ്രന്ഥപുര യുദ്ധത്തിൽ നശിച്ചതായി പറയപ്പെടുന്നുണ്ട്. എങ്കിലും ഇബ്നു സീനയ്ക്ക് അതൊരു നഷ്ടമായില്ല. അപ്പോഴേക്കും അദ്ദേഹം ഒരു വിജ്ഞാന ഭണ്ഡാരമായി മാറിയിരുന്നു. പക്ഷേ, ഇബ്നുസീനയുടെ പ്രയാണവും പ്രവാസവും അവിടെ തുടങ്ങി. രക്ഷാ സങ്കേതം അന്വേഷിച്ച് അദ്ദേഹം മാറിമാറി താമസിച്ചു.

അൽ ഖാനൂൻ 
പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബുഖാറ വിട്ട് അദ്ദേഹം അമീർ ഖാബൂസിന്റെ കൊട്ടാരവൈദ്യനായി. ഖാബൂസിന് കിരീടം നഷ്ടമായപ്പോൾ ജൂർജാനിലേക്ക് തിരിച്ചു. അവിടെ വച്ചാണ് അദ്ദേഹം അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥമായ "ഖാനൂൻ" എഴുതാതി തുടങ്ങിയത്. പക്ഷേ അവിടെയൊന്നും അദ്ദേഹത്തിന്റെ യാത്ര അവസാനിച്ചില്ല, ശേഷം അവിടെ നിന്ന് ഗസ്നിയിലേക്കും ഹമദാനിലേക്കും യാത്ര പോയി.

അവിടുത്തെ അമീർ താജുൽ മുൽക്ക് കിടപ്പിലായിരുന്നു. ഇബ്നുസീനയുടെ ചികിത്സയിൽ അമീർ സുഖപ്പെട്ടു. അലഞ്ഞുതിരിഞ്ഞെത്തിയ ഇബ്നുസീനയുടെ അസാമാന്യകഴിവ് അമീർ കണ്ടറിഞ്ഞു. അമീർ അദ്ദേഹത്തിന്റെ മന്ത്രിയായി (വസീർ) ഇബ്നു സീനയെ നിയമിച്ചു.

എന്നാൽ ഒരു ഭരണാധികാരി എന്ന നിലയിൽ അമീറിന്റെ ചുവടുവെപ്പ് അത്ര നന്നായിരുന്നില്ല. അതുകൊണ്ടുതന്നെ ഇബ്നുസീനയുടെ ഔദ്യോഗികജീവിതം സുഖകരമായിരുന്നില്ല. പട്ടാളം അമീറിനു നേരെ തിരിഞ്ഞു. വസീറിനെതിരെ ഗൂഢാലോചന നടത്തുകയും കൊന്നുകളയാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഇബ്നു സീന അദ്ദേഹത്തിന്റെ സ്ഥാനം രാജിവെച്ച് ജീവരക്ഷാർത്ഥം നാടുവിട്ടു.

ഒരു മരുന്നു കടക്കാരനായ അബൂ ഗാലിബ്‌ എന്ന സുഹൃത്തിന്റെ വീട്ടിൽ അദ്ദേഹം ഒളിവിൽ താമസിച്ചു. അവിടെനിന്ന് രക്ഷപ്പെടാനിരിക്കെ ആരോ അദ്ദേഹത്തിന്റെ ഒളിസങ്കേതം ഒറ്റിക്കൊടുത്തു. അങ്ങനെ അദ്ദേഹം പിടിയിലാവുകയും ഒരു വലിയ കോട്ടക്കകത്ത് നാലുമാസത്തോളം തടവിലാക്കപ്പെടുകയും ചെയ്തു.

1024 ൽ ഇസ്ഫഹാനിലെ അദദുദ്ദൗല ഹമദാൻ ആക്രമിക്കുകയും അമീറിന് സിംഹാസനം നഷ്ടപ്പെടുകയും ചെയ്തു. വിധിയായിരിക്കാം, ഇബ്നു സീന തടവിലായിരുന്ന അതേ കോട്ടയിൽ അമീറും തടവിലാക്കപ്പെട്ടു. പക്ഷേ ഭരണമാറ്റം ഇബ്നുസീനക്ക് അനുകൂലമായി. അദ്ദേഹം തടവിൽ നിന്നും മോചിതനായി. ശേഷം അദദുദ്ദൗലയുടെ പ്രീതി പിടിച്ചുപറ്റിയ ഇബ്നുസീന അദ്ദേഹത്തിന്റെ കൊട്ടാര വൈദ്യനായി. ഇബ്നുസീനയുടെ പ്രതിഭ കൂടുതൽ അറിഞ്ഞപ്പോൾ സാഹിത്യം, ശാസ്ത്രം എന്നീ കാര്യങ്ങളിൽ ഉപദേഷ്ടാവാക്കി.

ഇത്രയേറെ സൗഖ്യങ്ങളും കഷ്ടപ്പാടുകളും പ്രയാസങ്ങളും നേരിടേണ്ടിവന്ന ഇബ്നുസീന തന്റെ സാഹചര്യങ്ങളെ പഴിക്കാതെ ഇത്തരം സാഹചര്യങ്ങളെ വേണ്ടവിധം പ്രയോജനപ്പെടുത്തി. പിൽക്കാലത്ത് പല പ്രധാന കൃതികളും രചിച്ചത് അദ്ദേഹത്തിന്റെ പ്രതികൂല സാഹചര്യത്തിലാണ്.

അൽ ഷിഫാ 
അബൂ ഗാലിബ് എന്ന മരുന്ന് കച്ചവടക്കാരന്റെ വീട്ടിൽ ഒളിവിൽ കഴിയുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥമായ "അശ്ശിഫാ" എന്ന ഗ്രന്ഥത്തിന്റെ കുറേ ഭാഗങ്ങൾ എഴുതിയത്. ദിനംപ്രതി 50 പേജ് വീതം എഴുതുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാർ അഭിപ്രായപ്പെട്ടിരുന്നു. ഒളിവിൽനിന്ന് തടവിലെത്തിയപ്പോഴും രചനകൾക്ക് ഒരു മുടക്കവും സംഭവിച്ചില്ല. തടവിൽ കഴിഞ്ഞ നാല് മാസത്തിനിടയ്ക്ക് മറ്റൊരു ഗ്രന്ഥവും അദ്ദേഹം എഴുതിത്തീർത്തു.

1012-23 കാലഘട്ടത്തിൽ എഴുതിയ "ഖാനൂൻ" വൈദ്യശാസ്ത്രത്തിലെ ഒരു ക്ലാസിക്കായിരുന്നു. ഒരു വൈദ്യവിജ്ഞാനകോശം.! വൈദ്യശാസ്ത്ര അധ്യാപനത്തിനും വൈദ്യവൃത്തിക്കും അടിസ്ഥാന ഗ്രന്ഥമായി ആധുനിക കാലഘട്ടം വരെ "ഖാനൂൻ" കണക്കാക്കപ്പെട്ടു. ലോകത്തിലെ മറ്റേതൊരു വൈദ്യശാസ്ത്ര ഗ്രന്ഥത്തിനും നേടാനാകാത്ത അനശ്വര സ്ഥാനം "ഖാനൂൻ" കൈവരിച്ചു. പാശ്ചാത്യലോകത്ത് അറബി ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ ഗ്രന്ഥം എന്ന ബഹുമതി ഖാനൂന് കിട്ടി.

ഇബ്നു സീന ഒരു കവി കൂടിയായിരുന്നു. സംഗീത ഗവേഷകനും. സംഗീതത്തെ സയൻസിന്റെ പ്രധാന ഭാഗമായി കണ്ടു. നൂതനമായ പല സ്വരങ്ങളും അദ്ദേഹം ആവിഷ്കരിച്ചു. സംഗീതം രോഗ മോചനത്തിനുള്ള ഒരു ഔഷധമായും അദ്ദേഹം കണ്ടെത്തി. അറബികൾ സംഗീതചികിത്സ ആശുപത്രികളിൽ പ്രയോജനപ്പെടുത്തിയിരുന്നു.

എല്ലാ ദേശത്തെയും കാലത്തെയും ശ്രദ്ധയും ആദരവും ഇബ്നുസീന നേടിക്കൊടുത്തത് ഇബ്നുസീനയുടെ ചികിത്സാരംഗത്തെ നൈപുണ്യമായിരുന്നു. മനസ്സിനും ശാസ്ത്ര ക്രിയകൾക്കുമപ്പുറം മനസ്സിനെ മനസ്സിലാക്കുന്ന രോഗ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കുന്ന രീതി ഇബ്നുസീനയുടെ പ്രത്യേകതയാണ്.

ഹൃദയമിടിപ്പ് വർദ്ധിക്കുക, ഉൽകണ്ഠ, ദൈനംദിന ജീവിത കാര്യങ്ങളിലുള്ള ഉദാസീനത, അവിചാരിതമായ മാനസിക സംഘർഷം തുടങ്ങിയ ലക്ഷണങ്ങളുള്ള ഒരു യുവാവിനെ ഇബ്നു സീന ചികിത്സിക്കാനിടയായി. രോഗിയുടെ വീട്ടു പരിസരത്തുള്ള വീടുകളെയും കുടുംബക്കാരെയും കൃത്യമായും വിശദമായും അറിയാവുന്ന ഒരു വ്യക്തിയെ ഇബ്നുസീന കണ്ടെത്തി. ചികിത്സയുടെ തുടക്കം കണ്ടറിഞ്ഞ വീട്ടുകാർക്ക് ചികിത്സയിൽ വലിയ മതിപ്പ് തോന്നിയില്ല. എങ്കിലും അവർ സഹകരിച്ചു. ആ അയൽവാസിയെ കൂട്ടി ഇബ്നു സീന രോഗിയെ സമീപിച്ചു. നാഡിമിടിപ്പ് ശ്രദ്ധിക്കുന്നതിന്നിടയിൽ അയൽവാസിയോട് ചുറ്റുപാടുകളെ കുറിച്ച് ചോദിച്ചു. തെരുവിന്റെ പേര്, നിരത്തിന്റെ പേര് അങ്ങനെ പലതും. ഒരു പ്രത്യേക തെരുവിന്റെ പേര് കേട്ടപ്പോൾ നാഡിമിടിപ്പ് കൂടി. ആ തെരുവിൽ എത്ര വീടുകൾ ഉണ്ടെന്നായിരുന്നു അടുത്ത ചോദ്യം. ഒരു പ്രത്യേക വീടിനെക്കുറിച്ച് ചോദിച്ചപ്പോൾ നാഡിമിടിപ്പ് ക്രമാതീതമായി വർദ്ധിച്ചു. ആ വീട്ടിൽ ആരൊക്കെ ഉണ്ടായിരുന്നു എന്ന് വീണ്ടും ചോദിച്ചു. ഒരു പ്രത്യേക പേര് കേട്ടപ്പോൾ നാഡിമിടിപ്പ് വീണ്ടും കൂടുന്നതായി കണ്ടു. അതൊരു സുന്ദരിയായ യുവതിയുടെ പേരായിരുന്നു. കൂടുതലൊന്നും ചിന്തിക്കാതെ വൈദ്യൻ വിധിച്ചു - ആ സുന്ദരിയും ഈ യുവാവും തമ്മിലുള്ള വിവാഹം ഉടനെ നടക്കണം. പറഞ്ഞത് പോലെ വിവാഹം നടന്നു. രോഗം ഭേതമായി. "കമിതാക്കളുടെ പ്രണയം" എന്ന് ഇബ്നു സീന ഈ രോഗത്തിന് പേരിടുകയും ചെയ്തു.

മറ്റൊരിക്കൽ ഒരു രാജകുമാരന് വിചിത്രമായ ഒരു അസുഖം പിടിപെട്ടു. താൻ ഒരു പശുവാണെന്ന് രാജകുമാരന് തോന്നി. ദിനംപ്രതി രോഗം കൂടി വന്നു. രാജകുമാരൻ കൈകാലുകൾ നിലത്തുകുത്തി. പശുവിനെ പോലെ നാലുകാലിൽ നടന്നു. ഒരു ദിവസം രാജകുമാരൻ സേവകരോട് പറഞ്ഞു: 'ഞാനൊരു പശുവാണ്. എന്റെ മാംസം നല്ല രുചിയുണ്ടാകും. എന്നെ അറുത്ത് എല്ലാവർക്കും ഭക്ഷണമായി നൽകുക.' സേവകൻ അന്തംവിട്ടു നിന്നു. കൊട്ടാര വൈദ്യൻ രോഗം പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.

അവസാനം ഇബ്നു സീനയെ കുറിച്ച് കേട്ട കൊട്ടാര വൈദ്യൻ അദ്ദേഹത്തെ സമീപിച്ചു കാര്യങ്ങൾ വിവരിച്ചു കൊടുത്തു. ഉടൻ കൊട്ടാരത്തിലേക്ക് ഒരു അറവുകാരൻ വരുന്നുണ്ടെന്ന് അറിയിക്കാൻ പറഞ്ഞു വൈദ്യനെ പറഞ്ഞയച്ചു. പിന്നാലെ ഇബ്നുസീനയും പോയി. കൊട്ടാരത്തിലെത്തിയ സീന പറഞ്ഞു: 'പശു എവിടെ? ഞാനതിനെ അറുക്കാൻ വന്നതാണ്.' രാജകുമാരൻ സന്തോഷത്തോടെ ഓടിയടുത്തു. അറവുകാരൻ പശുവിനെ അടിമുടി പരിശോധിച്ചു. എന്നിട്ട് പറഞ്ഞു: ' ഇത് വെറും എല്ലും തൊലിയും മാത്രമാണ്. ഇതിനെ അറുത്ത മാംസം വിറ്റാൽ എന്റെ കൂലിയുടെ മൂല്യത്തിനുള്ള മാംസം പോലും ലഭിക്കുകയില്ല. പിന്നെ എങ്ങനെ കൊട്ടാരത്തിൽ ഉള്ളവർക്ക് മുഴുവൻ വിളമ്പും? ഇതിന് വല്ലതും തിന്നാൻ കൊടുക്കൂ.. ഞാൻ കുറച്ചു കഴിഞ്ഞു വരാം അപ്പോഴേക്കും ഒന്ന് തടിക്കട്ടെ..' ഇബ്നു സീന പോയി. ഉടൻതന്നെ രാജകുമാരൻ വാരിവലിച്ച് തിന്നാൻ തുടങ്ങി. അറവുകാരൻ വരുമ്പോഴേക്കും തടി വെക്കണമല്ലോ..! കുറച്ചുകാലം കഴിയുമ്പോഴേക്കും തടി വെച്ചു തുടങ്ങി. പതിയെ രോഗം സുഖപ്പെട്ടു. "പശു രോഗം" മാറി. "ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള മനസ്സ്" അതായിരുന്നു ഇബ്നുസീനയുടെ നിഗമനം.

ഇതുവഴി, ശരീരാവയവങ്ങളെ വെവ്വേറെ എടുത്തല്ല. മറിച്ച് മനസ്സും കൂടി ഉൾക്കൊള്ളുന്ന ശരീരത്തെ സമഗ്രമായി എടുത്താണ് ചികിത്സിക്കേണ്ടതെന്ന് ആധുനിക വൈദ്യ ഗവേഷകന്മാർ ചിന്തിച്ചുതുടങ്ങി. 1037 ൽ അദദുദ്ദൗലയുടെ കൂടെ ഹമദാനിൽ എത്തിയ ഇബ്നു സീന അവിടെവച്ച് ഇഹലോകവാസം വെടിഞ്ഞു. പുണ്യ റമളാൻ മാസത്തിൽ ആയിരുന്നു ഇത്.

ഇബ്നു സീനയെ കുറിച്ചുള്ള പഠനങ്ങളും വിവരങ്ങളും വിവരണങ്ങളും ഈ ചെറിയ ലേഖനത്തിൽ ഒതുങ്ങുന്ന ഒന്നല്ല. അദ്ദേഹത്തിന്റെ ഓരോ മേഖലകളും അനന്തമജ്ഞാതം നീണ്ടുകിടക്കുന്ന മഹാ സാഗരമാണ്. സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ...


- കെ.എം ജസീലുദ്ധീൻ ചെറൂപ്പ




അവലംബം :

👉 Muslim Scientists - Documentary
👉 ഇബ്നു സീന ജീവിതവും ദർശനവും - Book
👉 ഇബ്നു സീന - Book
👉 Wikipedia

3 comments:

ഉരക്കുഴി വെള്ളച്ചാട്ടം

രചന: കെ.എം ജസീലുദ്ധീൻ യമാനി ചെറൂപ്പ  വായനക്കു മുമ്പ്  "പരമകാരുണികനും കരുണാനിധിയുമായ നാഥന്റെ തിരുനാമത്തിൽ ആരംഭിക്കുന്നു." യാത്ര ചെയ...