Saturday, February 4, 2023

ആൾക്കൂട്ടത്തിൽ തനിയെ

ആൾക്കൂട്ടത്തിൽ തനിയെ

- കഥ -

ജോലി ഇല്ലായ്മ കാരണം വളരെ പ്രയാസം അനുഭവിക്കുന്നവരാണ് നമ്മിൽ മിക്കവാറും പേർ.  ഇരുപത് വയസ്സിന് ശേഷമുള്ള ഒരു ആൺ അനുഭവിക്കുന്ന സ്ട്രെസ്സ് വളരെ വലുതാണ്. അതുവരെ സുഖമായി പോയിരുന്ന സാഹചര്യമായിരിക്കില്ല ഇനിയങ്ങോട്ട്. ജോലി എന്നൊരു സംഗതി ഇല്ലെങ്കിൽ സമൂഹത്തിൽ ഒരു വിലയും ലഭിക്കാത്ത ഒരു അവസ്ഥ. തനിക്ക് ഇഷ്ടപ്പെടുന്ന ജോലി തിരഞ്ഞെടുക്കുന്നത് വരെ ഒപ്പമുള്ളവരിൽ നിന്നും സമൂഹത്തിൽ നിന്നും അനുഭവിക്കേണ്ടിവരുന്ന " ജോലി നോക്കുന്നില്ലേ?, ഗൾഫിൽ പോകുന്നില്ലേ?, കല്യാണം കഴിക്കുന്നില്ലേ?" എന്നിങ്ങനെ തുടങ്ങി ചോദ്യങ്ങളും വെല്ലുവിളികളും വളരെ വലുതായിരിക്കും. കഷ്ടപ്പെട്ട് ഡിഗ്രിയും എം എയും ഒക്കെ പഠിച്ച് അർഹിച്ച ജോലി ലഭിക്കാതെ പ്രവാസ ലോകത്തും മറ്റിടങ്ങളിലും അടിമപ്പണി ചെയ്യുന്ന ഒരുപാട് യുവാക്കളുണ്ട് നമ്മൾക്കിടയിൽ.

ചെറുപ്പം മുതലേ പ്രവാസം താല്പര്യമില്ലാത്തതിനാൽ നാട്ടിൽ തന്നെ പഠിച്ച ജോലി ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഡിഗ്രിയും ഡിപ്ലോമയും കഴിഞ്ഞ് ജോലി അന്വേഷിച്ചു നിൽക്കുമ്പോൾ ഒരു ദിവസം ഫോണിൽ ഒരു മെസ്സേജ് വന്നു. "ചെന്നൈയിലെ പ്രമുഖ ഐടി സ്ഥാപനത്തിലേക്ക് ഒരു 'ഡാറ്റാ ഓപ്പറേറ്ററെ' ആവശ്യമുണ്ട്." ഇന്റർവ്യൂവിൽ തെരഞ്ഞെടുക്കപ്പെടുന്ന നാലുപേർക്ക് അവസരമുണ്ട്. വിചാരിച്ച പോലെ സാലറി ഇല്ലെങ്കിലും 'തൊഴിൽ രഹിതൻ' എന്ന സമൂഹത്തിലെ ചീത്തപ്പേര് മാറ്റിയെടുക്കാൻ ഞാൻ ചെന്നൈയിലേക്ക് പുറപ്പെടാൻ തീരുമാനിച്ചു. അവിടെ സ്ഥിരമായി ജോലി ചെയ്യാനല്ല. എന്തെങ്കിലും ഒരു എക്സ്പീരിയൻസ് ഉണ്ടാക്കിയെടുത്ത് നാട്ടിൽ തന്നെ മറ്റേതെങ്കിലും ജോലി നോക്കണം.

ഒരു ശനിയാഴ്ച ദിവസം വൈകുന്നേരം 7 മണിയോടെ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ആശീർവാദത്തോടെ ചെന്നൈയിലേക്ക് ട്രെയിൻ കയറി. ഞാൻ പോകുന്ന സ്ഥലത്തെ പറ്റിയോ അവിടേക്ക് എങ്ങനെ പോകും എന്നോ എനിക്ക് യാതൊരു വിവരവും ഇല്ല. എല്ലാം ചോദിച്ചറിഞ്ഞു പോകാമെന്നായിരുന്നു ഉദ്ദേശിച്ചത്. പിറ്റേദിവസം ഉച്ചക്ക് അവിടെ എത്തുകയും ചെയ്തു. ആദ്യമായിട്ടാണ് ചെന്നൈയിൽ പോകുന്നത്. ഇവിടുത്തെ ഭാഷയോ സ്ഥലങ്ങളോ ആളുകളെയോ ഒട്ടും പരിചയമില്ല. പരസ്യത്തിൽ കണ്ട വിലാസം നോക്കി ഒരുപാട് അലഞ്ഞുതിരിഞ്ഞു നടന്നു. വിശന്ന് അവശനായിട്ടുണ്ട്. തലേദിവസം വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഭക്ഷണം കഴിച്ചതാണ്. പിന്നീട് ട്രെയിനിൽ നിന്ന് ലഘു ഭക്ഷണം കഴിച്ചെങ്കിലും ഭക്ഷണം വയറിന് പിടിക്കാത്തത് കൊണ്ടാവാം എല്ലാം ഛർദിച്ചു. ട്രെയിനിൽ കയറുന്നതിനു മുമ്പ് വാങ്ങി ബാഗിൽ ഇട്ടു വെച്ച ഒരു കുപ്പി വെള്ളവും ചിപ്സുമായിരുന്നു വിശപ്പിന് നേരിയ ആശ്വാസം പകർന്നത്.

ഇവിടുത്തെ ഒരു ചെറിയ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു. ആ ഹോട്ടൽ ഉടമക്ക് എനിക്ക് പോകേണ്ട സ്ഥാപനത്തിന്റെ അഡ്രസ്സ് കാണിച്ചു കൊടുത്തപ്പോൾ തമിഴിൽ അദ്ദേഹം ഓരോന്ന് പറഞ്ഞു. തമിഴ് കേട്ട് പരിചയം മാത്രമുള്ള ഞാൻ എങ്ങനെയൊക്കെയോ പറയുന്നത് മനസ്സിലാക്കി അതിൽ പറയപ്പെട്ട ഒരു സ്ഥലത്തേക്ക് ബസ് കയറി. എനിക്കറിയാവുന്ന തമിഴ് ഭാഷയിൽ ഈ സ്ഥലത്ത് എത്തുമ്പോൾ പറയണമെന്ന് കണ്ടക്ടറെ ബോധ്യപ്പെടുത്തുകയും അദ്ദേഹം അവിടെ ഇറക്കി തരികയും ചെയ്തു. അങ്ങനെ വീണ്ടും ആ കമ്പനിയുടെ വിലാസത്തിലേക്ക് ഉള്ള അന്വേഷണമായിരുന്നു. ഓരോ ആളുകളോടും കടക്കാരോടും വഴിയിലൂടെ നടന്നു പോകുന്നവരോടുമൊക്കെ വഴി ചോദിച്ചറിഞ്ഞു. എല്ലാവരും വഴി പറഞ്ഞു തരുന്നുണ്ടെങ്കിലും തമിഴ് യഥാവണ്ണം അറിയാത്തതിനാൽ അവർ പറയുന്നത് മനസ്സിലാക്കാൻ ഞാൻ നന്നായി കഷ്ടപ്പെട്ടു. മലയാളികൾ തമിഴ് പറയുന്നതുപോലെയല്ല അവരുടെ നാടൻ സംസാര ഭാഷ എന്നെനിക്ക് മനസ്സിലായി. അതിനിടെ പലപ്പോഴായി എന്റെ ശ്രദ്ധ ഒരാളിൽ പതിഞ്ഞിരുന്നു. റോഡ് സൈഡിൽ ഒരു ചെറിയ കടയിൽ ചായയും ലഘുകടികളും വിൽക്കുന്ന മധ്യവയസ്കനായ ഒരാളെ. അയാൾ കുറേ നേരമായി എന്റെ ചലന നിശ്ചലനങ്ങൾ വീക്ഷിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ഒരു ചായ കുടിക്കാമെന്ന് കരുതി ആ കടക്കാരനെ ലക്ഷ്യമാക്കി നടന്നു. അയാളുടെ അടുത്ത് എത്തുമ്പോഴേക്കും വസ്ത്രധാരണം ശ്രദ്ധിച്ചു. ഒരു മുഷിഞ്ഞ കള്ളി ഷർട്ടും ഒരു ലുങ്കിയും. കണ്ടിട്ട് ഒരു 50 വയസ്സ് എങ്കിലും കാണും.

- "one tea" ഞാൻ പറഞ്ഞു. ചായ അടിച്ചു കൊണ്ടിരിക്കുമ്പോൾ അയാൾ ചോദിച്ചു:

- "നാട്ടിൽ എവിടെയാ?" 

- "കോഴിക്കോട്" ആ ഒഴുക്കോടെ ഞാനും മറുപടി പറഞ്ഞു. "ങേ.. മലയാളം.!"🙄 എന്റെ മനസ്സിൽ വളരെ അത്ഭുതത്തോടെ ഞാൻ പറഞ്ഞു. "നിങ്ങളും മലയാളിയാണോ?" ഞാൻ ചോദിച്ചു.

- "അതെ, പട്ടാമ്പിക്കാരനാണ്."

 ഭാഷയറിയാതെ അലഞ്ഞുതിരിഞ്ഞ് നടക്കുമ്പോൾ മലയാളം കേട്ട സന്തോഷത്തിൽ ഒരു നിമിഷം എന്തിനാണ് ഞാൻ ഇവിടെ വന്നത് എന്ന് പോലും മറന്നുപോയി. ഒടുവിൽ ഫോൺ എടുത്ത് ആ പരസ്യം ഞാൻ കാണിച്ചു കൊടുത്തു.

- "ഹാ.. ഇത് ഇവിടെ അടുത്താണ്. ഒരു 5 കിലോമീറ്റർ കാണും. ഓട്ടോ വിളിച്ചു പോയാൽ മതി. തിരക്കില്ലെങ്കിൽ ഇവിടെ കുറച്ചു നേരം നിൽക്കാം. ഇവിടെ മറ്റൊരാളും കൂടി നിൽക്കാറുണ്ട്. അയാൾ വന്നാൽ ഞാൻ പോകും. നിനക്ക് വേണമെങ്കിൽ എന്റെ കൂടെ പോരാം. എന്റെ റൂം ഏതാണ്ട് അവിടെ തന്നെയാണ്."

- "ശരി, ഞാൻ wait ചെയ്യാം. തിരക്കില്ല."

 വെയിൽ കൊണ്ട് ക്ഷീണിച്ചതിനാൽ ഒന്ന് മുഖം കഴുകി ചായ കുടിച്ചു അവിടെത്തന്നെ ഇരുന്നു. അദ്ദേഹം പാത്രങ്ങൾ കഴുകലും കടികൾ പൊരിക്കലുമായി അദ്ദേഹത്തിന്റെ പണിയിൽ തന്നെ ശ്രദ്ധിച്ചു. കുറെ സംസാരിച്ചപ്പോൾ അയാളെ പരിചയപ്പെട്ടു. - "എന്റെ പേര് ശിവദാസൻ. നാട്ടിൽ തന്നെ കുറച്ചുകാലം ജോലി ചെയ്തു. പിന്നെ ഗൾഫിൽ പോയി. വിചാരിച്ച പോലെ കാര്യങ്ങൾ ഒന്നും നടന്നില്ല. അങ്ങനെ അത് നിർത്തി ഞാനും സുഹൃത്തും കൂടെ തുടങ്ങിയതാണ് ഈ ഷോപ്പ്. വലിയ കുഴപ്പമില്ലാതെ പോകുന്നു."

- "ഓഹോ.. സുഹൃത്താണോ വരുന്നുണ്ടെന്ന് പറഞ്ഞത്?" ഞാൻ ചോദിച്ചു.

- "ആ.. അതെ."

- "അപ്പൊ നിങ്ങളുടെ ഫാമിലിയൊക്കെ?" ഞാൻ ചോദിച്ചു.

- " അവരൊക്കെ നാട്ടിൽ തന്നെ. ഭാര്യയും 2 പെൺ മക്കളും ഒരു മകനും അച്ഛനും അമ്മയും. ഇതാണ് ഫാമിലി."

- "ഹാ... മക്കൾ എന്ത് ചെയ്യുന്നു?

- "മൂത്ത മകളെ 6 മാസം മുമ്പ് കെട്ടിച്ചു. പിന്നെ മകൻ പത്താം ക്ലാസ്സിൽ. ചെറിയ മകൾ നാലാം ക്ലാസ്സിലും." അയാൾ മറുപടി പറഞ്ഞു.

- "സുഹൃത്തോ?" ഞാൻ ചോദിച്ചു.

- "അവനും എന്റെ നാട്ടിൽ തന്നെ. ഞങ്ങൾ ഒന്നിച്ചു പഠിച്ചതാ. പഴയ നാലാം ക്ലാസ്.(പുഞ്ചിരിയോടെ പറഞ്ഞു.) പിന്നെ അവൻ നാട്ടിൽ ചെറിയ പണിക്കു കുറച്ചു പോയി. അവൻ തുടങ്ങിയതാണ് ഈ ഷോപ്പ്. ഞാൻ പിന്നെ ഗൾഫിൽ പോയിവന്ന് ഷെയർ കൂടിയതാ."

- "നാട്ടിൽ എപ്പോഴാ പോകാറ്?" ഞാൻ ചോദിച്ചു.

- " നാട്ടിൽ മാസത്തിൽ പോകും. ചിലപ്പോൾ ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോൾ. ആദ്യം ഒരാൾ പോകും. രണ്ടോ മൂന്നോ ദിവസം നിന്ന് തിരിച്ചുവരും. പിന്നെ അടുത്തയാൾ പോവും. അങ്ങനെ തന്നെ."

- "ഇവിടെ എങ്ങനെയാണ് നിൽക്കാറ്?"

- "ഇവിടെ ഒരു കോട്ടേഴ്സിൽ വാടകക്ക് ആയിരുന്നു ആദ്യം. ഇപ്പൊ അതിന്റെ തൊട്ടടുത്ത് ഒരു ചെറിയ വീടുണ്ട്. അവിടെയാണ്. വാടകക്ക്."

ഒരു മണിക്കൂറിനു ശേഷം മറ്റേയാൾ വന്നു. ശിവദാസേട്ടൻ കാര്യങ്ങളെല്ലാം സംസാരിച്ചു. അങ്ങനെ അദ്ദേഹത്തോട് സംസാരിച്ചു പരിചയപ്പെട്ടു.

- "എന്താ പേര്?" അയാൾ ചോദിച്ചു.

- "അൻവർ" "നിങ്ങളുടെയോ?"

- "മധു" അയാൾ മറുപടി പറഞ്ഞു.

സൗമ്യമായ പെരുമാറ്റം ഉള്ളവരാണ് രണ്ടുപേരും. ശിവദാസേട്ടന്റെ കൂടെ ബൈക്കിൽ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങി. പോകുന്ന വഴിയിൽ അദ്ദേഹം എന്നെ കുറിച്ചും നാടിനെ കുറിച്ചും പഠിച്ച കോഴ്സിനെ കുറിച്ചും എല്ലാം ചോദിച്ചറിഞ്ഞു. ഞാൻ എല്ലാം പറഞ്ഞു കൊടുത്തു.

- "അൻവർ എന്നാണ് ല്ലേ പേര്? എന്നോട് ചോദിക്കാൻ വിട്ടുപോയി. മധുവിനോട് പറഞ്ഞപ്പോഴാണ് ഞാൻ കേട്ടത്." അയാൾ പറഞ്ഞു. "ഒട്ടും പരിചയമില്ലാത്ത ഒരാളെപ്പോലും പരിചയമില്ലാതെ ഇവിടെത്തന്നെ ജോലിക്ക് വരാൻ എന്താണ് കാരണം?"

" അതും ശരിയാ..!" "ഒരാളെ പോലും അറിയാതെ ഒരു പരിചയം ഇല്ലാത്ത സ്ഥലത്തേക്ക് ഞാൻ എങ്ങനെ വന്നു? ഇതിപ്പോ ഇന്ത്യയിൽ തന്നെയല്ലേ.. അപ്പോ ഗൾഫിൽ പോകുന്നവരോ..?!" ഞാനെന്റെ മനസ്സിൽ മന്ത്രിച്ചു.

- "അത്... അതറിയില്ല." നടന്ന കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞു. എന്റെ അവസ്ഥകൾ എല്ലാം.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു:

- "അതിനീ പറഞ്ഞത് ശരിയാ.. ഇപ്പോഴത്തെ ചെക്കന്മാർക്ക് നല്ല പഠിത്തണ്ട്... പക്ഷേ ജോലിയില്ല. ഞാനും കണ്ടു കുറെ പേരെ ടെൻഷൻ അടിച്ചു തെണ്ടിതിരിഞ്ഞു നടക്കുന്നത്. ഗൾഫിൽ പോയിട്ടും കാര്യമില്ല. സ്വന്തം വീട്ടുകാരെയും ഭാര്യയുടെയും മക്കളുടെയും കൂടെ നിൽക്കുന്ന സന്തോഷം ഒന്നും ഗൾഫിൽ പോയാൽ കിട്ടൂല. നല്ല ജോലിയൊക്കെ ആണെങ്കിൽ കാശ് സമ്പാദിക്കാം. പക്ഷേ മക്കൾ വളർന്നു വലുതാവുമ്പോയേക്കും മക്കൾക്കും അമ്മക്കും ഒന്നും അച്ഛന്മാരെ വേണ്ടാതാകും. ഇവിടെയാകുമ്പോൾ മാസത്തിലോ രണ്ടാഴ്ച കൂടുമ്പോഴെങ്കിലും നാട്ടിൽ പോകാൻ കഴിയുന്നുണ്ട്. മറുനാട്ടിൽ ആണെങ്കിലോ? അത് കഴിയില്ലല്ലോ... മക്കളുടെ ചെറിയ പ്രായത്തിൽ അവരെ കളിപ്പിച്ചു നാട്ടിൽ തന്നെ നിൽക്കുമ്പോഴാ അതിന്റെ സന്തോഷം. അതെത്ര ചെറിയ ജോലിയാണെങ്കിലും ശരി. മക്കൾക്കും ആ പ്രായത്തിൽ നമ്മളെ വേണം. അതു കുറച്ചു കഴിഞ്ഞു ഭാര്യയും മക്കളും ഒക്കെ ആകുമ്പോൾ നിനക്കും മനസ്സിലാകും." അയാൾ പറഞ്ഞു.

ഓരോ കാര്യങ്ങൾ സംസാരിച്ച് ചെന്നൈയുടെ തെരുവോരങ്ങളിൽ കണ്ണുകൾ പാഞ്ഞു നടന്നു. നഗരത്തിൽ നിന്നും ഗ്രാമപ്രദേശത്തേക്കാണ് ശിവദാസേട്ടൻ എന്നെ കൊണ്ട് പോകുന്നത്. പോകുന്നതിനിടെ കൈകൊണ്ട് ചൂണ്ടി അയാൾ പറഞ്ഞു :

- ഇതാണ് ഞാൻ ഇപ്പോൾ വാടകക്ക് താമസിക്കുന്ന വീട്. ഇവിടുന്ന് രണ്ട് കിലോമീറ്റർ ഉണ്ട് നീ പറഞ്ഞ സ്ഥലത്തേക്ക്. നമുക്ക് പോയി നോക്കാം.

- "ഓഹോ, ശരി.. പോകാം"

ഒട്ടും പ്രതീക്ഷിക്കാതെ, വളരെ യാദൃശ്ചികമായി ഞാൻ ഒരാളെ കണ്ടു.

60 വയസ്സ്പ്രായം തോന്നിക്കുന്ന ഒരാൾ. ഒരു കണ്ണട വച്ചിട്ടുണ്ട്. താടിയും മുടിയും നരച്ചിട്ടുണ്ട്. ഇളനീല നിറത്തിലുള്ള ഷർട്ടിന്റെ രണ്ട് കൈകളും മടക്കി വച്ചിട്ടുണ്ട്. ഒരു ഒരു കള്ളി തുണിയും.

അയാൾ മറ്റൊരാളോട് സംസാരിച്ചുകൊണ്ട് പുറകോട്ട് തിരിഞ്ഞാണ് നിൽക്കുന്നത്. ബൈക്ക് കുറച്ചു മുന്നോട്ടു പോയപ്പോൾ ഞാൻ തിരിഞ്ഞു അയാളുടെ മുഖത്തേക്ക് നോക്കി. ഞാൻ വിചാരിച്ച ആൾ തന്നെ.

- "കൗൺസിലർ" ഞാൻ അറിയാതെ പറഞ്ഞു പോയി.

- "എന്ത്?" ശിവദാസേട്ടൻ ചോദിച്ചു.

- "ഒന്ന് വണ്ടി നിർത്തുമോ?" ഞാൻ ശിവദാസേട്ടനോട്‌ ചോദിച്ചു.

- "എന്താ കാര്യം?"

- "നിങ്ങൾ വണ്ടി നിർത്ത്. ഇപ്പൊ പോകാം."

കുറച്ച് അകലെയായി അദ്ദേഹം വണ്ടി നിർത്തി. ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി അയാളെ സൂക്ഷിച്ചു നോക്കി. എന്റെ ഊഹം ശരിയാണ്. അത് കൗൺസിലർ തന്നെ.

- "നീ എന്താ നോക്കുന്നത്?" ശിവദാസേട്ടൻ ചോദിച്ചു.

- "ആ നിൽക്കുന്ന ആളെ എനിക്കറിയാം. എന്റെ നാട്ടിലാ അയാളുടെ ജോലി."

- "ആര് മമ്മദ്കയോ?"

- "നിങ്ങളും അയാളെ അറിയുമോ?"

- "അതേ.."

- "എങ്ങനെ?" ഞാൻ ചോദിച്ചു.

- "പറയാം.. അത് നീ കേറ്. ഇപ്പൊ തന്നെ ഒരുപാട് വൈകിയില്ലേ.."

 ആശ്ചര്യത്തോടെ കൗൺസിലറേയും ശിവദാസേട്ടനെയും മാറിമാറി നോക്കി ഞാൻ ബൈക്കിൽ കയറി.

- " നിങ്ങൾക്ക് എങ്ങനെ പരിചയം?" ഞാൻ ചോദിച്ചു.

- "ഞാൻ താമസിക്കുന്ന വീടിന്റെ ഉടമസ്ഥൻ അദ്ദേഹമാണ്. അദ്ദേഹത്തിന്റെ പഴയ വീട് വാടകക്ക് കൊടുത്തതാണ്. മുമ്പ് ഇവിടെ വേറെ ഒരു മലയാളി ഫാമിലി ഉണ്ടായിരുന്നു. അവർ കുറേക്കാലം ഇവിടെ തന്നെയായിരുന്നു. പിന്നെ ജോലി സ്ഥലംമാറ്റം കിട്ടിയപ്പോൾ ഫാമിലിയോടൊത്ത് ഇവിടുന്ന് പോയി."

- "ഞാനെപ്പോഴും ആശ്ചര്യത്തിലായിരുന്നു. ജോലി തിരഞ്ഞു ഇവിടെ എത്തിയപ്പോൾ ഒരാളെപ്പോലും എനിക്ക് അറിയില്ലായിരുന്നു. എന്തിന് ഭാഷ പോലും അറിയില്ലായിരുന്നു. ഇവിടെ എത്തിയപ്പോൾ രണ്ടുപേരെ പരിചയമായി. പോരാത്തതിന് കൗൺസിലറും." ഞാനെന്റെ മനസ്സിൽ ചിന്തിച്ചു കൊണ്ടിരുന്നു.

- "നിന്നോട്.." "നീ പറയുന്നത് ഒന്നും കേൾക്കുന്നില്ലേ? ഇവിടുന്ന് അര കിലോമീറ്റർ കൂടിയുള്ളൂ നീ പറഞ്ഞ സ്ഥാപനത്തിലേക്ക്." ശിവേട്ടൻ പറഞ്ഞു.

 കമ്പനിയുടെ ഗേറ്റിനടുത്ത് വണ്ടി നിർത്തി. അപ്പോഴേക്കും സമയം അഞ്ചുമണിയോട് അടുത്തിരുന്നു. പരിചയമില്ലാത്ത സ്ഥലം ആയതുകൊണ്ടോ ഒരു മലയാളി മറ്റൊരു മലയാളിയോട് ചെയ്യുന്ന സഹായമാണോ എന്നറിയില്ല, ശിവേട്ടൻ വണ്ടി നിർത്തി എന്റെ കൂടെ പോന്നു. സെക്യൂരിറ്റിയോട് എന്തൊക്കെയോ ചോദിച്ച് കമ്പനിയുടെ ഉള്ളിലോട്ട് കയറി. അവിടെ മലയാളികൾ കുറച്ചു പേർ ഉണ്ടായിരുന്നു എന്നുള്ളതാണ് ഏക ആശ്വാസം. കയറി ചെന്നപ്പോൾ തന്നെ പലരും സംസാരിക്കുന്നത് കണ്ടു. ശിവേട്ടൻ എൻക്വയറിൽ നിന്നും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി എന്നെയും കൊണ്ടുപോയി. കൂടെ അവിടുത്തെ സ്റ്റാഫും ഉണ്ടായിരുന്നു. അവിടെത്തെ മാനേജറുടെ ഓഫീസിന് പുറത്ത് ഞങ്ങളെ ഇരുത്തി സ്റ്റാഫ് ഉള്ളിലോട്ട് കയറി.

- "ഇന്റർവ്യൂ ഇന്ന് തന്നെ ഉണ്ടാകുമോ എന്ന് നോക്കാം. ദൂരെ നിന്ന് വന്നതാണ് എന്നും താമസിക്കാനോ മറ്റോ സൗകര്യങ്ങളില്ല എന്നും പറഞ്ഞു സ്റ്റാഫിനെ ഒന്നു ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്താകുമെന്ന് നോക്കാം." ശിവേട്ടൻ പറഞ്ഞു.

- "ശരി. വലിയ ഉപകാരം." ഞാൻ പറഞ്ഞു.

മുമ്പൊന്നും കണ്ടിട്ടില്ലാത്ത, ഒരു നിലക്കും പരിചയം ഇല്ലാത്ത, ഏതാനും മണിക്കൂറുകൾക്കു മുമ്പ് പരിചയപ്പെട്ട ഒരാൾ എനിക്ക് വേണ്ടി എത്രയൊക്കെ ചെയ്തു തന്നപ്പോൾ കൗതുകവും അതിലേറെ അദ്ദേഹത്തോട് എന്റെ മനസ്സിൽ ഒരുപാട് നന്ദിയും നിറഞ്ഞു.

ആ സ്റ്റാഫ് പുറത്തോട്ട് വന്നു പറഞ്ഞു:

- "സാർ നിങ്ങളെ വിളിക്കുന്നു."

 ഞാൻ എഴുന്നേറ്റു ഓഫീസിൽ കയറി. എന്റെ കൂടെ ശിവേട്ടനും വന്നു. എന്റെ മനസ്സിൽ നല്ല ടെൻഷൻ ഉണ്ട്. എന്താകുമെന്ന് അറിയില്ല. ആദ്യമായിട്ടാണ് ഒരു ജോലിക്ക് വേണ്ടി ഇറങ്ങുന്നത്. അതും പരിചയം ഇല്ലാത്ത ഒരു നാട്ടിൽ. ഹൃദയമിടിപ്പ് കൂടി.

- "Sit" "Give me your CV" അദ്ദേഹം പറഞ്ഞു.

 മാനേജരുടെ മേശപ്പുറത്ത് ഉണ്ടായിരുന്ന നെയിംബോർഡ് ഞാൻ വായിച്ചപ്പോ മലയാളി ആണോ എന്ന് ഞാൻ ഊഹിച്ചു.

 - Shajeer Mohammed (Manager, Software Professional)

 - "നിങ്ങൾ കുറച്ചുനേരം പുറത്തിരിക്കുമോ? എനിക്ക് ഇയാളോട് ഒന്ന് സംസാരിക്കണം" എന്ന് പറഞ്ഞു ശിവദാസേട്ടനെ മാനേജർ പുറത്തേക്കയച്ചു. "എന്റെ ഊഹം ശരി തന്നെ." CV നോക്കിയ ശേഷം അദ്ദേഹം ചോദിച്ചു:

 - "അൻവർ ല്ലേ..."

 - "Yes."

 - "എന്താ ഈ ജോലി തെരഞ്ഞെടുക്കാൻ കാരണം?" 

 - "ഞാൻ പഠിച്ചത് കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആണ്. മാത്രമല്ല, കമ്പ്യൂട്ടർ പ്രോഗ്രാമമായി ബന്ധപ്പെട്ട എല്ലാം എനിക്ക് താല്പര്യവുമുണ്ട്."

 - "Ooh.. Good"

 - "ഈ സ്ഥാപനത്തെക്കുറിച്ച് എങ്ങനെയാണ് കേട്ടത്?"

 - "പഠനം കഴിഞ്ഞതിനുശേഷം നാട്ടിൽ തന്നെ ജോലി ചെയ്യണം എന്നായിരുന്നു ആഗ്രഹം. ഒരുപാട് ജോലി സാധ്യതകൾ ഉണ്ടായിരുന്നു. പക്ഷേ എനിക്ക് അത്ര ഇഷ്ടമുള്ള ജോലി ആയിരുന്നില്ല അവ. അങ്ങനെ ഒരു ദിവസം എന്റെ ഫ്രണ്ട് ആണ് ഈ ഇന്റർവ്യൂവിന്റെ പരസ്യം എനിക്ക് അയച്ചു തന്നത്."

- "Ok.." " പരസ്യത്തിൽ കണ്ടപോലെ അല്ലെങ്കിലും ഇത് ചെറിയൊരു കമ്പനിയാണ്. എന്നാലും IT യുമായി ബന്ധപ്പെട്ടിട്ടുള്ള Software related and Data related ആയി ഒരുപാട് പ്രോഗ്രാമും കാര്യങ്ങളുമൊക്കെ ഇവിടെയുണ്ട്. ഈ സ്ഥാപനത്തിന്റെ എംഡി ഒരു ചെന്നൈ കാരനാണ്. എന്റെ അസിസ്റ്റന്റ് ആയിട്ടാണ് ഇപ്പോഴുള്ള ഈ Vacancy. അടുത്തമാസം ഒന്നു മുതൽക്കാണ് ജോലി ആരംഭിക്കുന്നത്. ഈ പോസ്റ്റിൽ നിലവിലുള്ള ആൾ ഈ മാസം പിരിഞ്ഞു പോവുകയാണ്." ഇങ്ങനെ തുടങ്ങി കമ്പനിയെ കുറിച്ച് മൊത്തത്തിൽ ചില കാര്യങ്ങൾ എനിക്ക് പറഞ്ഞു തന്നു. സംസാരം കേട്ടിട്ട് സാർ നല്ല friendly ആണെന്ന് തോന്നുന്നു.

"മലയാളിയായതു കൊണ്ടാണ് ഇത്രയൊക്കെ പറഞ്ഞത് ട്ടോ... ഇനി നിന്റെ ഇഷ്ടം. U can decide. ജോലി സംബന്ധമായ സംശയമുണ്ടെങ്കിൽ ചോദിക്കാം." സാർ പറഞ്ഞു.

 - "ഹേയ്..ഇല്ല."

- "ഇവിടെ മാസത്തിലാണ് ലീവ്. താമസ സൗകര്യത്തിന് കമ്പനിയുടെ ചെറിയൊരു ലോഡ്ജ് ഇവിടെയുണ്ട്. സൗകര്യം കുറവാണെന്ന് തോന്നിയാൽ വേറെയും നോക്കാവുന്നതാണ്."

മാനേജരുടെ സംസാരം കേട്ടിട്ട് എനിക്ക് അത്ഭുതം തോന്നി. "ഒരു സ്ഥാപനത്തെ കുറിച്ച് ഇങ്ങനെയൊക്കെ ഒരാൾ പറഞ്ഞു തരുമോ? എന്തായാലും അടുത്ത മാസം തുടങ്ങൂ.. വീട്ടിൽ പോയി ആലോചിച്ചിട്ട് ഒരു തീരുമാനമെടുക്കാം." ഞാൻ മനസ്സിൽ ചിന്തിച്ചു. സാറോട് കാര്യങ്ങൾ സംസാരിച്ചു പുറത്തിറങ്ങി. ദാസേട്ടൻ പുറത്ത് Chair ൽ ഇരിക്കുന്നുണ്ടായിരുന്നു.

- "എന്തായി? കഴിഞ്ഞോ?" ദാസേട്ടൻ ചോദിച്ചു.

- മാനേജർ പറഞ്ഞ കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞു കൊടുത്തു. "അടുത്തമാസം മുതൽക്കാണ് സ്റ്റാർട്ടിങ്. അവർ തീരുമാനിച്ചിട്ട് വിളിക്കാമെന്ന് പറഞ്ഞു."

- "നാളെയാണല്ലോ ഇന്റർവ്യൂ. ഞാൻ ഓരോന്ന് പറഞ്ഞു അവരോട് സമ്മതിപ്പിച്ചാണ് ഇന്നിങ്ങനെ ഇരിക്കാൻ കഴിഞ്ഞത്. നാളത്തെ ഇന്റർവ്യൂ കൂടി കഴിഞ്ഞാൽ അതിന്റെ റിസൾട്ട് വന്നാൽ അറിയാം. നീ നമ്പർ കൊടുത്തിട്ടില്ലേ..?" ദാസേട്ടൻ ചോദിച്ചു.

- "അതെ.. കൊടുത്തു."

- "എന്തായാലും നീ നാട്ടിൽ പോയി ഒരു തീരുമാനമെടുക്ക്. പറ്റുമെങ്കിൽ വാ. കഴിയുന്നതും സ്വന്തം നാട്ടിൽ തന്നെ എന്തെങ്കിലും നോക്കുന്നതാ. ഞാൻ അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ."

- "(ഞാൻ സമ്മതം മൂളി)"

- "ഇനി എന്താ പരിപാടി?" ദാസേട്ടൻ ചോദിച്ചു.

- " ഇനിയെന്താ നാട്ടിൽ പോട്ടെ.. വലിയ ഉപകാരം. ഈ ചെയ്തു തന്ന ഉപകാരങ്ങൾ ഒന്നും മറക്കില്ല. നിങ്ങൾ സഹായിച്ചില്ലെങ്കിൽ എന്റെ അവസ്ഥ എന്താകുമായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു. Thank you very much."

- "എങ്കിൽ വാ ഞാൻ ബസ്റ്റാൻഡിൽ വിട്ടു തരാം. അവിടുന്ന് റെയിൽവേ സ്റ്റേഷനിലേക്ക് ബസ് കിട്ടും."

- "ശരി." അത് പറഞ്ഞു ശിവദാസേട്ടന്റെ കൂടെ ബൈക്കിനടുത്തേക്ക് നടന്നു.

- "ഏട്ടാ ഒരു കാര്യം. ജോലി കിട്ടുന്നതിനേക്കാൾ കൂടുതൽ എന്റെ മനസ്സിൽ തട്ടിയത് കൗൺസിലറെ ഞാൻ ഇവിടെ എങ്ങനെ കണ്ടു എന്നതാണ്. ഇവിടെ ആണോ നാട്?" ഞാൻ ചോദിച്ചു. ബസ്റ്റാന്റിലേക്ക് പോകുമ്പോൾ ഞാൻ ചോദിച്ചു.

(അയാൾ സൈക്കോളജി പഠിച്ചതു കൊണ്ടോ സ്വന്തമായി കൗൺസിലിംഗ് ചെയ്യുന്നതു കൊണ്ടോ അല്ല കൗൺസിലർ എന്ന പേര് ലഭിച്ചത്. ആർക്കെങ്കിലും എന്തെങ്കിലും വിഷമങ്ങൾ ഉണ്ടെങ്കിൽ സുഹൃത്തുക്കളായ ചിലരൊക്കെ അദ്ദേഹത്തിന്റെ അടുത്ത് ഇരുന്ന് അവരുടെ വിഷമങ്ങൾ പറയും. അദ്ദേഹം എല്ലാം കേൾക്കുകയും ചെയ്യും. അറിയുന്ന വല്ലതും ആണെങ്കിൽ അതിന് ഒരു പോംവഴി പറഞ്ഞുകൊടുക്കുകയും ചെയ്യും. എങ്ങനെ നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് "കൗൺസിലർ." കൗൺസിലർ മമ്മദ് കാക്ക എന്നാണ് എല്ലാവരും വിളിക്കാറ്. ചെറുപ്പം മുതൽ കാണുന്നുണ്ട് ഞാൻ അദ്ദേഹത്തെ. കേരളത്തിൽ വന്നിട്ട് 16-ഓ 17-ഓ വർഷമായി കാണും. പാടത്തും പറമ്പിലും നന്നായി പണിയെടുക്കും. കൃഷിക്ക് പുറമേ ഓരോ വീടുകളിലും വിറക് കീറാനും പറമ്പിലെ പണികൾക്കും എല്ലാം അദ്ദേഹം പോകാറുണ്ടായിരുന്നു. എന്നാൽ പ്രായം കൂടിയതിനാൽഇപ്പോൾ കൃഷി മാത്രമേ ഉള്ളൂ. എന്റെ വീടിനടുത്തുള്ള ഒരു റോഡിന്റെ ഇരുവശത്തും അദ്ദേഹം നടുന്ന നെൽകൃഷിയുടെ ആ സുന്ദരമായ കാഴ്ചകൾ എന്റെ കുട്ടിക്കാല ഓർമ്മകൾക്ക് നിറം പകരുന്നു. ഇപ്പോൾ ആ സ്ഥലത്ത് വാഴയും മറ്റു കൃഷികളും കൈയേറിയിരിക്കുന്നു. 

കാഴ്ച്ചയിൽ 60 വയസ്സ് പ്രായം കാണും. ചിലപ്പോൾ അതിൽ കൂടുതലും ഉണ്ടാകാം. തമിഴ് കലർന്ന മലയാളമാണ് അദ്ദേഹത്തിന്റെ ഭാഷ. ഒരു ഫുൾകൈ ഷർട്ടും നീലം മുക്കിയ നിറമുള്ള വെള്ള മുണ്ടുമാണ് സാധാരണ അദ്ദേഹത്തിന്റെ വേഷം. താടിയും മുടിയുംനരച്ചിട്ടുണ്ട്. പുറത്ത് പോകുമ്പോൾ കണ്ണടയും വെക്കാറുണ്ട്. അധികം സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യാത്ത പ്രകൃതം. അദ്ദേഹത്തിന്റെ കൃഷിസ്ഥലത്തിന് ചേർന്ന് ഒരു ചെറിയ വീട്ടിലാണ് അദ്ദേഹത്തിന്റെ താമസം. മാസത്തിലോ രണ്ടുമാസം കൂടുമ്പോഴോ നാട്ടിൽ പോയി വരും. ഇതാണ് ഞാൻ അറിയുന്ന കൗൺസിലർ മമ്മദ് കാക്ക.)

- "അതെ.. ഞാൻ പറഞ്ഞില്ലേ.. അവിടെത്തന്നെയാണ് അദ്ദേഹത്തിന്റെ വീട്. നിനക്ക് അയാളെ എങ്ങനെ പരിചയം?"

- "ആ നാട്ടുകാരൻ അല്ലെങ്കിലും വല്ലിപ്പാന്റെ സുഹൃത്താണ്."

- "ഓ.. നീ അവരെ അറിയോ?"

- " അടുത്ത പരിചയം ഇല്ല. കാണാറുണ്ട്. സംസാരിക്കാറുണ്ട്. അത്ര മാത്രം. പ്രായം കൂടിയ ആളുമല്ലേ.." ഞാൻ മറുപടി പറഞ്ഞു.

- "ഹാ.."

 മറ്റു പല സംസാരങ്ങളും മറുപടികളുമായി ഞങ്ങൾ ബസ് സ്റ്റാൻഡിൽ എത്തി. റെയിൽവേ സ്റ്റേഷനിലേക്കുള്ള ബസിൽ എന്നെ കയറ്റി കണ്ടക്ടറോട് റെയിൽവേയിൽ ഇറക്കി തരാൻ അദ്ദേഹം പറഞ്ഞേൽപ്പിച്ചു. ശിവദാസേട്ടനോട് നന്ദി പറഞ്ഞു ഞാൻ പിരിഞ്ഞു പോയി. ബസ് കണ്ടക്ടർ എന്നെ റെയിൽവേയിൽ ഇറക്കി.

തിരിച്ചു നാട്ടിൽ എത്തിയ ഞാൻ എന്റെ അനുഭവങ്ങൾ എന്റെ അനുഭവങ്ങൾ വീട്ടുകാരുമായി പങ്കുവെച്ചു. യാത്ര, ഭാഷ ഭക്ഷണം, അവിടെ കണ്ട കാഴ്ചകൾ കമ്പനി, പരിചയപ്പെട്ട ആളുകൾ അങ്ങനെയല്ലാം. ഒടുവിൽ മമ്മദ്കായെ കണ്ട കാര്യവും പറഞ്ഞു. നേരത്തെ അറിയാവുന്നത് കൊണ്ടാവാം എന്റെ അത്ര കൗതുകം ഒന്നും വീട്ടുകാർക്ക് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വീടിനെക്കുറിച്ചും ശിവദാസേട്ടൻ പറഞ്ഞ കാര്യങ്ങളും കേട്ടപ്പോൾ കൗൺസിലറെ കുറിച്ച് അറിയാൻ ഒരു ആഗ്രഹം. നേരിട്ട് കണ്ടതാണല്ലോ നാട്ടിലെ കാര്യങ്ങൾ. അങ്ങനെ ഉപ്പയോട് അദ്ദേഹത്തെക്കുറിച്ച് ചോദിച്ചു.

- "നാട്ടിൽ സ്വന്തമായി ഭൂമിയും കൃഷിയും മറ്റൊരുപാട് സംരംഭങ്ങളും ഉള്ള ആളായിരുന്നു അയാൾ. ഇപ്പോൾ പഴയ പ്രതാപം ഒന്നുമില്ല എന്നാണ് കേട്ടത്. പണ്ടുകാലത്തെ നാട്ടിലെ ധനികനായിരുന്നു അയാൾ. സ്വന്തമായി കൃഷിയൊക്കെ ഉണ്ടായിരുന്ന അയാൾ കുടുംബത്തോടെ എന്തോ അപകടത്തിൽപ്പെട്ട് ഭാര്യയും മക്കളും എല്ലാം അദ്ദേഹത്തിന്റെ മുന്നിൽ കിടന്നു മരിച്ചു പോയി. അതിന്റെ ആഘാതത്തിൽ അദ്ദേഹം കുറേ കാലം മാനസികമായും ശാരീരികമായും തളർന്നിരുന്നു. ഒരുപാട് ചികിത്സിച്ചു അദ്ദേഹത്തിന്റെ ആരോഗ്യം തിരികെക്കിട്ടി. അതിനായി അദ്ദേഹത്തിന്റെ കുടുംബം ഒരുപാട് സമ്പത്ത് ചെലവഴിച്ചിട്ടുണ്ട്. അങ്ങനെയായിരിക്കാം സ്വത്തുകൾ എല്ലാം നഷ്ടപ്പെട്ടത്. വായിച്ചിയെ പോലെയുള്ള അദ്ദേഹത്തിന്റെ അടുത്ത കൂട്ടുകാർക്ക് അല്ലാതെ നാട്ടിലെ അധികപേർക്കും മൂപ്പരെക്കുറിച്ച് ഒന്നും അറിയില്ല. നാട്ടിൽ ഭാര്യയും മക്കളും ഉണ്ട് എന്ന് തോന്നിപ്പിക്കാനോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ സന്തോഷത്തിനു വേണ്ടിയോ ആയിരിക്കാം ഇടയ്ക്ക് നാട്ടിൽ പോകുന്നത്. ഈ കാര്യങ്ങൾ എല്ലാം മുമ്പ് വായിച്ചി പറഞ്ഞാണ് ഞാൻ അറിഞ്ഞത്. പിന്നെ അതിനുശേഷം വല്ലാതെ അന്വേഷിക്കാനോ ഈ കാര്യങ്ങൾ ആരോടും പറയാനോ പോയില്ല." ഉപ്പ ഓരോ കാര്യങ്ങൾ പറഞ്ഞുതന്നു. "നീ ഇതാരോടും പറയണ്ട ട്ടോ.. അയാൾക്ക് ചിലപ്പോൾ ഇഷ്ടമായി എന്ന് വരില്ല." ഉപ്പ കൂട്ടിച്ചേർത്തു.

- "ഇല്ല.. പറയില്ല."

 മമ്മദ്കായ പോലെയുള്ള അല്ലെങ്കിൽ അതുപോലെ മാനസികമോ സാമ്പത്തികമോ ശാരീരികമോ ആയ പ്രയാസങ്ങൾ അനുഭവിക്കുന്ന ഒരുപാട് പേർ എന്ന് നമുക്ക് ചുറ്റുമുണ്ട്. തന്റെ പ്രയാസങ്ങൾ പുറത്തു പറയാതെ എല്ലാ വേദനകളും കടിച്ചമർത്തി ഉള്ളിൽ ഒതുക്കി മുഖത്ത് ചെറുപുഞ്ചിരിയുമായി നമ്മുടെ കൂടെ നടക്കുന്നവർ. തന്നെ മനസ്സിലാക്കാനോ അറിയാനോ താൻ പറയുന്നത് കേൾക്കാനോ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ, അതിനു തയ്യാറായിരുന്നുവെങ്കിൽ എന്നാഗ്രഹിക്കുന്ന വിങ്ങിപ്പൊട്ടുന്ന ഹൃദയഭാരമുള്ള ഒരുപാട് പേർ.

കണ്ണാടിക്കു മുമ്പിൽ നിന്നുകൊണ്ട് സ്വയം ചിരിക്കാൻ കഴിയാതെ വരുന്ന ഒരുപാട് പേർ.

സമൂഹത്തിൽ ഒറ്റപ്പെടുന്ന ഒരുപാട് പേർ.

കുടുംബക്കാരും കൂട്ടുകാരും ഉണ്ടായിട്ടും തന്റെ പ്രയാസങ്ങൾ മനസ്സിലാക്കപ്പെടാതെ തനിയെ ജീവിക്കുന്ന ഒരുപാട് പേർ.

ആർക്കും മനസ്സിലാവാത്ത സ്വന്തം പ്രയാസങ്ങൾ ഉള്ളിലൊതുക്കി കരഞ്ഞു കലങ്ങിയ കണ്ണുമായി കണ്ണീരിനാല്‍ തലയിണ കുതിർന്ന ഒരുപാട് രാത്രികൾ അവർ കഴിച്ചു കൂട്ടിയിട്ടുണ്ടാവാം. എല്ലാവരാലും അവഗണിക്കപ്പെടുന്ന ചിലർ.

 നമ്മൾ മനസ്സുതുറന്ന് സംസാരിക്കാനോ മറ്റുള്ളവർ പറയുന്നത് കേൾക്കാനോ മനസ്സ് കാണിച്ചാൽ വിഷാദ രോഗത്തിന് അടിമപ്പെട്ട പലരെയും നമുക്ക് ജീവിതത്തിലേക്ക്, നിത്യ ആനന്ദത്തിലേക്ക് കൈപിടിച്ച് കയറ്റാൻ സാധിക്കും. കുട്ടികൾ അടക്കമുള്ള പലരും വിഷാദരോഗത്തിന് അടിമപ്പെടാൻ കാരണം കാര്യങ്ങൾ തുറന്നു പറയാനോ പറയുന്നത് കേൾക്കാനോ സ്നേഹിക്കാനോ ആരുമില്ല എന്നുള്ളത് കൊണ്ട് തന്നെയാണ്. ഭാര്യ ഭർത്താക്കന്മാർ തമ്മിലും, മാതാപിതാക്കളിൽ നിന്ന് മക്കളും, മക്കളിൽ നിന്ന് മാതാപിതാക്കളും, സഹോദരി സഹോദരന്മാർ പരസ്പരവും മനസ്സു തുറന്നു സ്നേഹിക്കണം. ഉള്ളിലുള്ള സ്നേഹം പുറത്തു പ്രകടിപ്പിക്കുകയും വേണം. കാരണം, കാണാത്ത സ്നേഹത്തെ മനസ്സിലാക്കാനും വിശ്വസിക്കാനും കഴിയാത്ത കാലമാണ് ഇത്. എല്ലാവർക്കും അതിനു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു, അതിനായി പ്രാർത്ഥിക്കുന്നു. സ്നേഹത്തോടെ...



✍️ - കെ.എം ജസീലുദ്ധീൻ ചെറൂപ്പ

ഉരക്കുഴി വെള്ളച്ചാട്ടം

രചന: കെ.എം ജസീലുദ്ധീൻ യമാനി ചെറൂപ്പ  വായനക്കു മുമ്പ്  "പരമകാരുണികനും കരുണാനിധിയുമായ നാഥന്റെ തിരുനാമത്തിൽ ആരംഭിക്കുന്നു." യാത്ര ചെയ...