Saturday, January 22, 2022

മലബാറിലെ മക്ക

മലബാറിലെ മക്ക 
- ചരിത്ര പഠനം; യാത്രാ വിവരണം -

യാത്രകൾ ചെയ്തിട്ട് കാലങ്ങളായി. പുതിയ ജീവിതശൈലികൾ സ്വീകരിക്കാനും പല ജീവിതങ്ങളെ അനുഭവിക്കാനും യാത്ര നമ്മെ സഹായിക്കുന്നുണ്ട്. അത് കൊണ്ട് യാത്ര ഒരു ലഹരി തന്നെയാണ്. പക്ഷേ, ഇന്ന് നാം കാണുന്ന ന്യൂജനറേഷൻ പിള്ളാരുടെ യോ യോ യാത്രകളല്ല. എങ്ങനെ, എന്തിന് യാത്ര ചെയ്യണമെന്ന പൊതു ബോധം നാം ആദ്യമേ ഉണ്ടാക്കിയെടുക്കണം. ഇസ്ലാം മതത്തിൽ യാത്രക്ക് വളരെ പ്രാധാന്യവും യാത്രയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. 'നബിയേ തങ്ങൾ പറയുക: നിങ്ങൾ ഭൂമിയിലൂടെ യാത്ര ചെയ്യുകയും അധര്‍മകാരികളുടെ പരിണതി എങ്ങനെയായിരുന്നുവെന്ന് നോക്കിക്കാണുകയും ചെയ്യുക' എന്ന് പരിശുദ്ധ ഖുർആൻ വിളംബരം ചെയ്യുന്നുണ്ട്.
അറിവുകൾ തേടിയുള്ള യാത്രൾക്ക് ഒരു പ്രത്യേക അനുഭൂതിയാണ്. ഇത്തരം യാത്രകൾ പുതിയ അത്ഭുതകരമായ അറിവുകളും യാഥാർത്ഥ്യങ്ങളും അനുഭവങ്ങളും സമൂഹത്തിൽ നടക്കുന്ന അധർമ്മങ്ങളിൽ വ്യക്തി മുദ്രപതിപ്പിക്കാനും സഹായിക്കും.

ഓൺലൈൻ വിദ്യാഭ്യാസം കൊണ്ട് വീർപ്പുമുട്ടിയവരായിരിക്കും നമ്മളിൽ അധികപേരും. അധ്യാപകന്റെ കാർക്കശ്യമില്ലാതെ, കൂട്ടുകാരോടൊപ്പമുള്ള കുസൃതികളില്ലാതെ, തിങ്ങിനിറഞ്ഞ ക്ലാസ്സ്‌ മുറിയിലെ ബഹളങ്ങളില്ലാതെ മൊബൈൽ ഫോൺ സ്‌ക്രീനിൽ ഒതുങ്ങിപ്പോയ കലാലയ ജീവിതം. ആ പഴയ ഗൃഹാതുരത്വമെല്ലാം ഈ കോവിഡ് കാലത്ത് അന്യം നിന്നുപോയി. അധ്യാപകൻ ക്ലാസ്സെടുക്കുമ്പോൾ ഡസ്കിൽ തലവെച്ചുറങ്ങുന്ന സുഖം ഏത് പട്ടുമെത്തയിൽ കിടന്നാലും കിട്ടില്ലെന്ന്‌ തമാശക്കെങ്കിലും പറയാറുണ്ട്. ആ സാഹചര്യമെല്ലാം ഇനി എന്ന് തിരികെ ലഭിക്കും...?!

ഓൺലൈൻ പഠനം കാരണം എന്നും കാണുന്ന ചുവരുകൾക്ക് പകരം മറ്റു കാഴ്ചകളിലേക്ക് മനസ്സ് അലഞ്ഞു തിരിഞ്ഞു നടക്കും. വായിച്ചു കൊണ്ടിരിക്കുന്ന പേജുകളും പുസ്തകവും നമ്മൾ അറിയാതെ തന്നെ മറിഞ്ഞുപോയിട്ടുണ്ടാകും... അങ്ങനെ എത്ര പേജുകൾ... എത്ര അദ്ധ്യായങ്ങൾ...

കേവലം ഒരു പാഠ പുസ്തകത്തിൽ മാത്രം ഒതുങ്ങേണ്ടതല്ല കുട്ടികളുടെ വിദ്യാഭ്യാസം. ഇനിയും അറിയാനും പഠിക്കാനുമായി ഒരുപാട് കാര്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അവ തേടിപ്പിടിക്കാനുള്ള അവസരങ്ങളാണ് വിദ്യാർത്ഥികളുമൊന്നിച്ചുള്ള യാത്രകൾ.

മലപ്പുറം ജില്ലയിൽ എടവണ്ണപ്പാറക്ക് അടുത്തുള്ള കോലോത്തും കടവിലെ ഒരു ചെറിയ മദ്രസയിലാണ് ഞാൻ ജോലി ചെയ്യുന്നത്. ഇവിടെ അടുത്ത് മറ്റൊരു മദ്രസ കൂടിയുണ്ട്. അവിടുത്തെ കുട്ടികൾക്ക് വേണ്ടി ഉസ്താദ്മാർ ഒരു സിയാറത്ത് സംഘടിപ്പിക്കുകയും കുട്ടികൾ തികയാതെ വന്നപ്പോൾ എന്റെ മദ്രസയിലെ കുട്ടികളെ വിളിക്കുകയും ചെയ്തു. അങ്ങനെയാണ് ഞാനും ഈ യാത്രയുടെ ഭാഗമായി തീരുന്നത്.

കോവിഡിന്റെ നിയന്ത്രണങ്ങൾ ശക്തമാകുന്നതിനാൽ തീയതിയും സമയവും മുൻകൂട്ടി തീരുമാനിച്ചു. 20-01-2022 വ്യാഴാഴ്ച പുലർച്ചെ 4 മണിക്ക് Ayreen എന്ന ബസിൽ യാത്ര തുടങ്ങി. സുബ്ഹി നിസ്കാരത്തിനായി മമ്പുറം മഖാമിൽ എത്തുകയും അവിടെ നിന്ന് സിയാറത്ത് ആരംഭിക്കുകയും ചെയ്തു.

അടച്ചിട്ട ക്ലാസ്സ്‌ മുറിയിലെ പോലെ 'ഉസ്താദും കുട്ട്യോളും' എന്ന ശൈലി തല്ക്കാലം വേണ്ട. എല്ലാരും സുഹൃത്തുക്കളാണ് എന്ന പൊതു ബോധത്തോടെയായിരുന്നു ഓരോ വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും പെരുമാറിയത്. പെൺകുട്ടികൾ വീടിന്റെ ഉള്ളറകളിൽ ബന്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് പലരും മുറവിളി കൂട്ടുന്ന ഈ സാഹചര്യത്തിൽ ധാർമ്മിക ബോധത്തോട് കൂടി എങ്ങനെ അവർക്ക് അവരുടേതായ ആവശ്യങ്ങൾക്ക് പുറത്തു പോകാം എന്ന മഹത്തായ ജീവിത ശൈലി പെൺകുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കാനും ഇത്തരം യാത്രകൾ അത്യാവശ്യമായിത്തീരും.

സുബ്ഹി നിസ്കാരത്തിന് വേണ്ടി മമ്പുറത്ത് എത്തി. പെൺകുട്ടികൾ അവിടെ പ്രത്യേകം സൗകര്യപ്പെടുത്തിയ ഹാളിൽ നിന്ന് നിസ്കാരം നിർവ്വഹിച്ചു. മഖാം സിയാരത്തോട് കൂടി അവിടെ നിന്ന് വിടവാങ്ങി.

പ്രധാനപ്പെട്ട സിയാറത്ത് കേന്ദ്രങ്ങൾ:

1. മമ്പുറം മഖാം

കേരളത്തിലെ പ്രശസ്തമായ മുസ്‌ലിം തീർഥാടന കേന്ദ്രമാണ് മമ്പുറം മഖാം. മലപ്പുറം ജില്ലയിൽ തിരൂരങ്ങാടിക്കടുത്തുള്ള മമ്പുറത്ത് കടലുണ്ടിപ്പുഴയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. മമ്പുറം തങ്ങൾ തറമ്മൽ തങ്ങൾമാർ എന്നീപേരുകളിൽ പ്രസിദ്ധരായ യമനി സാദാത്തുമാരുടെ കുടുംബാംഗങ്ങളാണ് ഇവിടം മറമാടപ്പെട്ടിട്ടുള്ളത്. സയ്യിദ് ഹസ്സൻ ജിഫ്രി, സയ്യിദ് അലവി മൌലദ്ദവീല (1753-1844) എന്നിവരാണ് ഇവിടം അന്ത്യവിശ്രമം കൊള്ളുന്നവരിൽ പ്രധാനികൾ.. ആത്മീയനായകൻ, സമുദായ നേതാവ്, മതപണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തമായിരുന്ന സയ്യിദ് അലവി സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പരിഷ്‌കർത്താവുമായിരുന്നു. ഇസ്ലാമിക വിജ്ഞാനീയങ്ങളിൽ അവഗാഹം നേടിയ അലവി തങ്ങൾ 17-ാം വയസ്സിലാണ് കോഴിക്കോട്ടെത്തുന്നത് . പിന്നീട് മമ്പുറത്ത് താമസമാക്കിയതിനെ തുടർ ന്നാണ് മമ്പുറം തങ്ങൾ എന്ന പേരിൽ അദ്ദേഹം പ്രശസ്തനാകുന്നത് . യമനിലെ തരീമിൽ ജനിച്ച അദ്ദേഹത്തിന്റെ കുടുംബവേരുകൾ പ്രവാചകപുത്രി ഫാത്തിമയിൽ സന്ധിക്കുന്നതായി പറയപ്പെടുന്നു. കേരളത്തിലെ ഏറ്റവും തിരക്കുള്ള മുസ്ലിം തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് മമ്പുറം മഖാം. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിനുപേർ ദിവസവും ഇവിടെ എത്തുന്നു. സന്ദർശകർക്ക് ആത്മീയ ചൈതന്യം പകരുന്നതോടൊപ്പം കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങൾക്ക് ഊർജ്ജം പകർന്ന ചരിത്രഭൂമികൂടിയാണ് മമ്പുറം.

യമനിലെ ഖാദിരിയ്യ - ബാ അലവിയ്യ സൂഫി ആചാര്യൻ ഹസ്സൻ ജിഫ്രി മത പ്രചരണാർത്ഥം മമ്പുറത്ത് താമസം ആരംഭിച്ചതോടു കൂടിയാണ് ആത്മീയ കേന്ദ്രമെന്ന നിലയിൽ മമ്പുറം ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. ആദ്യ കാലങ്ങളിൽ ഹസ്സൻ ജിഫ്രിയെ കാണാനായി അദ്ദേഹം പണിത സാവിയ ലക്ഷ്യമാക്കിയായിരുന്നു തീർത്ഥാടകർ എത്തി തുടങ്ങിയത്. ഹസ്സൻ ജിഫ്രിയുടെ മരണ ശേഷം മമ്പുറത്തെത്തി സാവിയ ഏറ്റെടുത്ത അനന്തരവനും, സൂഫി ആചാര്യനുമായ സയ്യിദ് അലവി എന്ന മമ്പുറം തങ്ങളാണ് ഹസ്സൻ ജിഫ്രിയുടെ കല്ലറയ്ക്കു മുകളിൽ കുടീരം പണിഞ്ഞു വികസിപ്പിക്കുന്നത്. ഓല മേഞ്ഞു പണിതിരുന്ന കല്ലറ തറമ്മൽ മഖാം എന്ന സ്മൃതി മണ്ഡപമായി പ്രസിദ്ധിയാർജ്ജിച്ചു. ഹസ്സൻ ജിഫ്രിയുടെ മഖ്ബറ സന്ദർശിക്കാനും, സയ്യിദ് അലവി നേതൃത്വം നൽകുന്ന ഹൽഖകളിൽ പങ്കെടുക്കാനും അക്കാലത്ത് തന്നെ തീർത്ഥാടക പ്രവാഹം ഉണ്ടായിരുന്നു. സയ്യിദ് അലവിയുടെ കാലത്ത് തന്നെ അലവിയുടെ ആശീർവാദത്തോടെ കറാച്ചിക്കാരനായ വ്യാപാരി ഒരിക്കൽ കൂടി മഖാം നവീകരണം നടത്തിയിട്ടുണ്ട്.

മമ്പുറം സയ്യിദ് അലവിയുടെ മരണ ശേഷം ഹസ്സൻ ജിഫ്രിയുടെ കല്ലറയ്ക്കരികെ അദ്ദേഹത്തെയും മറവു ചെയ്തു. മകൻ സയ്യിദ് ഫസൽ തങ്ങളായിരുന്നു അക്കാലങ്ങളിൽ മഖാം അധികാരി. ഫസലിനെയും കുടുംബത്തെയും ബ്രിട്ടീഷുകാർ മക്കയിലേക്കു നാട് കടത്തിയപ്പോൾ സഹോദരി ശരീഫ കുഞ്ഞിബീവിയുടെ ഭർത്താവ് അലവി ജിഫ്രിക്കും, പിതൃവ്യ പുത്രനായ മുഹമ്മദ് അലി മൗലദ്ദവീലക്കുമായി മഖാമിൻറെയും, പള്ളിയുടെയും ഉത്തരവാദിത്തം ഏൽപ്പിച്ചിട്ടാണ് സയ്യിദ് ഫസൽ യാത്ര തിരിച്ചത്. ഇവർക്ക് ശേഷം സയ്യിദ് അലവിയുടെ പൗത്രനായ അബ്ദുല്ല ജിഫ്രി പരിപാലന ചുമതല ഏറ്റെടുത്തു. മഖാമും പള്ളിയും മനോഹരമാക്കി പണിതത് ഇദ്ദേഹമാണ്. ഇദ്ദേഹത്തിന് ശേഷം താവഴിയായി അധികാരം കൈമാറിവന്നു. 1998 ഇൽ മുക്ത്യാർ അവകാശമുള്ള അവകാശികൾ ജിഫ്രി കുടുംബം മഖാമിൻറെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം ദാറുൽ ഹുദാ മാനേജ്മെന്റിനു കൈമാറി. ദാറുൽ ഹുദയുടെ കീഴിൽ മഖാമിലെ നവീകരണ പ്രവർത്തികൾ നടന്നു വരുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ കരിമ്പട്ടികയിൽ പെട്ടതായിരുന്നു ഈ മഖാമും ദർഗ്ഗയും. സയ്യിദ് അലവിയും, സയ്യിദ് ഫസലും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് ചുക്കാൻ പിടിച്ചത് ഈ മഖാം കേന്ദ്രമാക്കിയായിരുന്നു. മലപ്പുറം, മുട്ടുചിറ. പുല്ലാര, ചേറൂർ, ഓമാനൂർ തുടങ്ങി 1790 - 1921 കാലഘട്ടത്തിൽ ഉണ്ടായ എല്ലാ ലഹളകൾക്കു മുൻപ് മാപ്പിള പോരാളികൾ ഇവിടം സന്ദർശിച്ചു അനുഗ്രഹം തേടിയിരുന്നു. 1850 കളിൽ മമ്പുറം മഖാം അടക്കമുള്ള ശവകുടീരങ്ങൾ അടിച്ചു നിരത്തി ഭൗതികാവശിഷ്ടങ്ങൾ നാടുകടത്തി തകർക്കപ്പെട്ട ജാറങ്ങളുടെ സ്ഥാനത്ത് കൃഷി നടത്തുക എന്ന തീരുമാനം മലബാറിലെ ബ്രിട്ടീഷ് അധികാരികൾ ഗവർണ്ണറുടെ മുൻപാകെ സമർപ്പിച്ചുവെങ്കിലും ഉണ്ടായേക്കാവുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഭയന്ന ഗവർണ്ണർ തീരുമാനം മരവിപ്പിക്കുകയായിരുന്നു. [വിക്കിപ്പീഡിയ]

2. പൊന്നാനി വലിയ ജുമുഅത്ത് പള്ളി
കേരളത്തിലെ മുസ്ലിം പള്ളികളിൽ ചരിത്രപ്രാധാന്യം അർഹിക്കുന്ന ഒരു പള്ളിയാണ്‌ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സ്ഥിതിചെയ്യുന്ന പൊന്നാനി വലിയ ജുമുഅത്ത് പള്ളി. ഒരു കാലത്ത് മലബാറിലെ 'ചെറിയ മക്ക' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പൊന്നാനിയുടെ വൈജ്ഞാനിക രംഗത്ത് ഈ ജുമുഅത്ത് പള്ളി സുപ്രധാന പങ്കാണ്‌ വഹിച്ചിരുന്നത്. അക്കാലത്ത് പൊന്നാനിയിൽ വിജ്ഞാനം തേടിയെത്തുന്നവരുടെ ആസ്ഥാനവും ഈ പള്ളിയായിരുന്നു.

ക്രിസ്തുവർഷം 1510 (ഹിജ്റ 925-ൽ) ശൈഖ് സൈനുദ്ദീൻ നിർമ്മിച്ചതാണ്‌ പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളി എന്ന് വില്യം ലോഗൻ തന്റെ മലബാർ മാനുവൽ രണ്ടാം ഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. പള്ളിയുടെ നിർമ്മാതാവായ വലിയ സൈനുദ്ദീൻ മഖ്ദൂം എന്നു വിളിക്കപ്പെടുന്ന ശൈഖ് സൈനുദ്ദീൻ ഇബ്‌നുഅലി ഇബ്‌നുഅഹ്‌മദ് മ‌അബരി ക്രിസ്തുവർഷം 1522 ജൂലൈയിൽ മരണപ്പെട്ടതിനാൽ അതിനു മുമ്പ് പള്ളിയുടെ നിർമ്മാണം പൂർത്തീകരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു.

പള്ളിയുടെ നിർമ്മാണശേഷം ശൈഖ് സൈനുദ്ദീൻ മഖ്ദൂം തന്നെ പള്ളിയിൽ അദ്ധ്യാപനം ആരംഭിച്ചു. മലബാറിലെ പള്ളിദർസ് സമ്പ്രദായത്തിന്റെ തുടക്കം ഇതാണെന്ന് കരുതപ്പെടുന്നു.

സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ

എ.ഡി 15-16 നൂറ്റാണ്ടുകളിൽ മലബാറിൽ ജീവിച്ചിരുന്ന സൂഫി വര്യനും, ഇസ്ലാം മത പണ്ഡിതനും, സാമൂഹ്യപരിഷ്കർത്താവും, മതനേതാവുമായിരുന്നു ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ എന്ന സൈനുദ്ദീൻ ഇബ്‌നു അലി ഇബ്‌നു അഹമ്മദ് അൽ മഅ്ബരി. മഖ്ദൂം കബീർ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ പേരമകനാണ് പ്രസിദ്ധ മതപണ്ഡിതനും തുഹ്ഫത്തുൽ മുജാഹിദീൻ, ഫത്ഹുൽ മുഈൻ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവുമായ സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ.

പൊന്നാനി പള്ളിയിലെ
പഴയ കാല മിമ്പറും വിളക്കും
പോർച്ചുഗീസ് അധിനിവേശത്തിനെതിരേ ശക്തമായ പോരാട്ടത്തിന് ആഹ്വാനം ചെയ്ത അദ്ദേഹം കവിതയിലൂടെ സാമ്രാജ്യത്വവിരുദ്ധ സമരങ്ങൾക്ക് പ്രചോദനമേകി. 1467 ൽ കൊച്ചിയിൽ ജനിച്ച് 1522 ൽ പൊന്നാനിയിൽ മരണം. ശൈഖുൽ ഇസ്ളാം അബൂ യഹ്യാ സൈനുദ്ദീനുബ്നു അലി എന്നാണ് യഥാർത്ഥ പേര്. ഇദ്ദേഹത്തിന്റെ പൂർവ്വ പിതാക്കൾ ദക്ഷിണ യമനിൽ നിന്ന് കൊച്ചിയിലെത്തുകയും പിന്നീട് കൊച്ചി ഖാസിമാരായി മാറുകയും ചെയ്തവരാണ്. പ്രവാചകാനുചരനായ അബൂബക്കറി(റ)ന്റെ പരമ്പരയിൽ പെട്ടവരാണിവരെന്നു വിശ്വസിക്കപ്പെടുന്നു. ചെറുപ്രായത്തിലെ ഖുർആൻ മനഃപാഠമാക്കിയ മഖ്ദൂം കബീർ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് കൊച്ചിയിൽ വെച്ച് സ്വ പിതാവായ അലിയ്യുൽ മഅബരിയിൽ നിന്നായിരുന്നു. പൊന്നാനി, കോഴിക്കോട്, മക്ക എന്നിവിടങ്ങളിലെ ഉപരിപഠനത്തിനു ശേഷം ഈജിപ്തിലെ അല് അസ്ഹറിൽ വെച്ചു വിദ്യാഭ്യാസം പൂർത്തിയാക്കി.

പൊന്നാനി പള്ളിയിൽ നിന്ന്
ഖുർആൻ വ്യാകരണം,പാരായണ ശാസ്ത്രം, നബിചര്യ, കർമ്മ ശാസ്ത്രം , നിദാന ശാസ്ത്രം, എന്നിവയിലെല്ലാം മഖ്ദൂം കബീർ നൈപുണ്യം നേടി. ഖാദി ഇബ്റാഹിം മഖ്ദൂം, അബൂബക്കര് ഫഖ്റുദ്ദീനു ബ്നു റമദാനുശ്ശാലിയാതി , അല്ലാമാ അഹ്മദ് ശിഹാബുദ്ദീന് ബ്നു ഉസ്മാനുല് യമനി, ഖാദി ശൈഖ് അബ്ദുറഹ്മാനുല്അദമി ശൈഖുല്ഇസ്ലാം സകരിയ്യല് അന്സാരി എന്നിവരാണ് പ്രധാന ഗുരുക്കന്മാർ. ഖാദിരിയ്യ , ചിശ്തിയ്യ ,സുഹ്റവര്ദ്ദിയ്യ , ശതാരിയ്യ തുടങ്ങി വിവിധ ത്വരീഖത്തുകളുടെ ശൈഖുമാരിൽ നിന്നും ആത്മീയ സരണി കരസ്ഥമാക്കിയ മഖ്ദൂം കബീറിൻറെ പ്രാധാന ആത്മീയ ഗുരു ശൈഖ് ഖുതുബുദ്ധീൻ ആണ്. ഖാദിരി-ചിശ്തി ത്വരീഖത്തുകളുടെ ഇന്ത്യയിലെ പ്രതിനിധിയായി മഖ്ദൂമിനെ നിയമിച്ചത് ഇദ്ദേഹമാണ്. ശൈഖ് സാബിത് ഐൻ ആണ് മഖ്ദൂം കബീറിൻറെ ആത്മീയ ഗുരുക്കന്മാരിൽ മറ്റൊരു പ്രധാനി. ഈജിപ്തിലെ പഠനങ്ങൾക്ക് ശേഷം പൊന്നാനി കേന്ദ്രീകരിച്ച് മുസ്ളീംകളെ ധാർമികമായും സാംസ്കാരികമായും സമുദ്ധരിക്കാൻ നേതൃത്വം നൽകി. പൊന്നാനിയിലെ പ്രസിദ്ധമായ വലിയ ജുമുഅത്ത് പള്ളി ഇദ്ദേഹം ക്രി. 1519-ൽ പണികഴിപ്പിച്ചതാണ്. ഒറ്റത്തടിയിൽ പണിതുവെന്ന് പറയപ്പെടുന്ന ഈ മസ്ജിദ്, കേരളീയ തച്ചുശാസ്ത്രകലാവൈദഗ്ദ്ധ്യം വിളിച്ചോതുന്ന സൃഷ്ടിയാണ്. പൊന്നാനിയിൽ ആരംഭിച്ച ദർസ് (മതപഠന കേന്ദ്രം) കേരളത്തിനകത്തും പുറത്തും മലബാറിലെ മക്ക എന്നപേരിൽ ഖ്യാതി നേടി. വിദേശങ്ങളിൽ നിന്ന് പോലും വിദ്യാർത്ഥികൾ ഇവിടെ പഠനം ലക്ഷ്യമാക്കി എത്താറുണ്ടായിരുന്നു. മതപരമെന്നോ ഭൗതികമെന്നോ വേർതിരിവില്ലാതെ മുസ്ലിം ലോകത്തുണ്ടായിരുന്ന എല്ലാ തത്ത്വചിന്തകളും കര്മ്മശാസ്ത്ര ഗ്രന്ഥങ്ങളും പൊന്നാനിയിൽ പഠിപ്പിക്കപ്പെട്ടിരുന്നു. പൊന്നാനിയിൽ വിളക്കത്തിരിക്കൽ എന്നത് ലോക പ്രശസ്തമായ ബിരുദമായിരുന്നു.

വിളക്കത്തിരിക്കൽ


പള്ളിയുടെ അകത്ത് സ്ഥാപിച്ച എണ്ണവിളക്കിന്ന് ചുറ്റുമിരുന്ന് മതപഠനം നടത്തി മഖ്ദൂമിൽ നിന്ന് മുസ്ല്യാർ പദം നേടുന്ന പതിവുണ്ടായിരുന്നു. ഇതിനായി മലബാറിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വിദ്യാർഥികൾ വരുമായിരുന്നു. ഇങ്ങനെ എണ്ണവിളക്കിനു ചുറ്റും ഇരുന്ന് വിദ്യനേടുന്ന രീതിക്ക് 'വിളക്കത്തിരിക്കൽ' എന്നു പേരായി.

പൊന്നാനിയിലെ വിളക്ക്
1887 ൽ നാനൂറോളം പേർ മറുനാടുകളിൽ നിന്ന് വന്നു പൊന്നാനി വലിയ പള്ളിയിൽ പഠനം നടത്തിയിരുന്നതായി ലോഗൻ മലാബാർ മാന്വലിൽ രേഖപ്പെടുത്തുന്നു. 200 കൊല്ലങ്ങൾക്കു മുമ്പു ജീവിച്ചിരുന്ന വടക്കേ മലബാർ സ്വദേശിയും ഫലിതശിരോമണിയും ഗ്രന്ഥ രചയിതാവുമായ കുഞ്ഞായിൻ മുസ്ല്യാർ, കവിയും ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ധീരനുമായ വെളിയങ്കോട് ഉമർഖാസി തുടങ്ങിയവർ ഈ പള്ളിയുമായി ഉറ്റബന്ധം പുലർത്തിയവരിൽ പ്രമുഖരാണ്‌. മമ്പുറം തങ്ങൾ പള്ളിയിലെ ഒരു സന്ദർശകനായിരുന്നു.
ഒരൊറ്റ തേക്ക് കൊണ്ട് ഉണ്ടാക്കപ്പെട്ട ഈ പള്ളിയും അവിടുത്തെ കൊത്തു പണികളും വാസ്തു ശാസ്ത്രവും ഒരു അത്ഭുത പ്രതിഭാസമായി ഇന്നും നിലനിൽക്കുന്നു.

3. വെളിയങ്കോട് ഉമർ ഖാസി


ബ്രിട്ടിഷ് സാമ്രാജ്യത്വവിരോധിയും ഇസ്ലാമികപണ്ഡിതനുമായുമായിരുന്നു വെളിയങ്കോട് ഉമർ ഖാസി. 17 ഉം 18 ഉം നൂറ്റാണ്ടുകളിൽ മലബാറിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ നികുതി നിഷേധമടക്കമുള്ള സമരങ്ങളിലൂടെ അദ്ദേഹം ചെറുത്തു നിന്നു. *സൂഫിയും, പാരമ്പര്യചികിത്സകനും, നിമിഷകവിയായും ഉമർ ഖാസി അറിയപ്പെടുന്നു.*

ദൈവത്തിന്റെ ഭൂമിക്ക് കരം പിരിക്കാൻ ബ്രിട്ടീഷുകാർക്ക് യാതൊരു അർഹതയുമില്ല എന്നായിരുന്നു ഖാസി വാദിച്ചത്. 1819 ഡിസംബർ 18 ന്‌ ഉമർ ഖാസിയെ തുറുങ്കിലടക്കാൻ അന്നത്തെ കലക്ടർ മെക്ലിൻ ഉത്തരവിട്ടു. ജയിൽ വാസ സമയത്ത് മമ്പുറം തങ്ങൾക്ക് അറബി ഭാഷയിൽ സന്ദേശകാവ്യമയച്ചു. മമ്പുറം സയ്യിദലവി തങ്ങൾ ജനമധ്യത്തിൽ ഖാസിയുടെ വിഷയമവതരിപ്പിക്കുകയും പൗരപ്രമുഖർ ചേർന്ന് നൽകിയ നിവേദനത്തെ തുടർന്നു കലക്ടർ ഖാസിയെ നിരുപാധികം വിട്ടയക്കുകയും ചെയ്തു.

കൊടുങ്ങല്ലൂരിൽ വന്ന മാലികുൽ ഹബീബ് വഴി എറമത്താൽ ഇല്ലത്തിലെ ഹസ്സൻ എന്ന വ്യക്തിയുടെ പരമ്പരയിൽ പെട്ട താനൂർ ഖാളിയാരകത്ത് ആലി മുസ്ലിയാരുടെയും വെളിയങ്കോട് കാക്കത്തറ വീട്ടിൽ ആമിനയുടെയും പുത്രനായിരുന്നു ഉമർ ഖാസി.

പള്ളിയുടെ കവാടം 
1765 ൽ (ഹിജ്റാബ്ദം 1179 റബീഉൽ അവ്വൽ 10) മലപ്പുറം ജില്ലയിലെ വെളിയങ്കോട് ജനനം. ഉമർ ഖാളിയുടെ പിതാവ് അലി മുസ്ലിയാർ ചാലിയത്തു നിന്ന് വെളിയങ്കോട്ടേക്ക് കുടിയേറിയവരാണ്. എളയടത്ത് മനയുമായി ബന്ധമുള്ള വെളിയങ്കോട്ടെ പ്രസിദ്ധമായ കാക്കത്തറ ബ്രാഹ്മണ ഇല്ലമാണ് ഉമർ ഖാസിയുടെ മാതാവിൻറെ കുടുംബം. ശൈഖ് ജിഫ്രിയുടെ ശിഷ്യനും, വെളിയങ്കോട് ഖാളിയുമായ പിതാവിൽ നിന്നായിരുന്നു പ്രാഥമിക പഠനം. ഖുർആൻ പാരായണശാസ്ത്രവും, കർമശാസ്ത്ര-ആത്മീയ ഗ്രന്ഥങ്ങളും പിതാവിൽ നിന്ന് സ്വായത്തമാക്കി. പത്ത് വയസാകും മുമ്പ് മാതാവും പിന്നീട് പിതാവും മരണപ്പെട്ടു. ശേഷം അമ്മാവൻറെ സംരക്ഷണയിലായിരുന്നു ജീവിതം

മത പഠനത്തിനായി പതിനൊന്നാം വയസ്സിൽ ഉമർ താനൂരിലെ പള്ളി ദർസ്സിൽ ചേർന്നു. മഖ്ദൂം കുടുംബാംഗമായ അഹമ്മദ് മുസ്ലിയാരായിരുന്നു താനൂരിലെ മുദരിസ് (പ്രധാന അദ്ധ്യാപകൻ).

3 വർഷത്തെ പഠനത്തിന് ശേഷം ഉപരിപഠനാർത്ഥം അക്കാലത്തെ ലോക പ്രശസ്തമായ പൊന്നാനി ദർസിൽ ചേർന്നു. പ്രശസ്ത പണ്ഡിതനും ഖാദിരിയ്യ സൂഫി സാധുവും ആയിരുന്ന ശൈഖ് മമ്മിക്കുട്ടി ഖാസിയായിരുന്നു പൊന്നാനിയിലെ ഗുരു . മമ്മിക്കുട്ടിയിൽ നിന്നാണ് ഉമർ ത്വരീഖത്ത് സ്വീകരിക്കുന്നത്. ആറ് വർഷം നീണ്ടു നിന്ന പഠനം. പഠനത്തിനിടയിൽ തന്നെ സഹ അധ്യാപകനായി സേവനമനുഷ്ടിച്ചു. മമ്മിക്കുട്ടി ഖാസിയുടെ മരണ ശേഷം അൽപ്പ നാൾ അവിടെ തന്നെ പ്രധാന അധ്യാപകനായി ജോലിയും നോക്കി. പൊന്നാനിയിലും താനൂരിലും വെളിയങ്കോടും പള്ളിദർസിൽ അദ്ധ്യാപകനായി നിരവധി വർഷം ജോലി ചെയ്തു ഉമർ ഖാസി. ശേഷം ജന്മദേശമായ വെളിയങ്കോട്ടെ വലിയ ജുമുഅത്ത് പള്ളിയുടെ ഖാസിയായി അദ്ദേഹം അവരോധിതരായി. ചുരുങ്ങിയ കാലയളവിൽ സമീപ പ്രദേശങ്ങളുടെയും മേൽ ഖാസിയായി സേവനമാരംഭിച്ചു. അതോടെയാണ് ഉമർ 'ഉമർ ഖാളി' യെന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

ഉമർ ഖാളിയുടെ ഉപ്പാപ്പയുടെ സ്നേഹിതൻ
സൈനുദ്ധീൻ മരക്കാരുടെ ഖബർ 
ചെറുപ്പ കാലം തൊട്ടേ കവിത എഴുത്തിൽ അദ്ദേഹം നിപുണത തെളിയിച്ചിരുന്നു. നിമിഷകവിയെന്ന പേരിലായിരുന്നു അറിയപ്പെട്ടത് തന്നെ. കത്തിടപാടുകളും സംവാദവുമൊക്കെ അധികവും കവിതകളിലൂടെയായിരുന്നു. പള്ളികളിലും ദർസ്സുകളിലും ചുമരുകളിൽ കവിതകൾ കോറിയിടാറുണ്ടായിരുന്നു. കല്ലിലും വഴിയിലും പള്ളിച്ചുവരുകളിലും കരിക്കട്ട കൊണ്ടും പച്ചിലകൾ കൊണ്ടും കോറിയിട്ട കവിതകൾ വേണ്ടവിധം സംരക്ഷിക്കപ്പെട്ടില്ല. പ്രാസനിബദ്ധതയും കാവ്യചാരുതകൊണ്ടും കിടയറ്റവയാണ് അദ്ദേഹത്തിൻറെ കവിതകൾ.

പാരമ്പര്യ ചികിത്സ രംഗത്തും ഉമർ ഖാസി പ്രസിദ്ധനായിരുന്നു. (പിഞ്ഞാണമെഴുത്, തകിടൂതി നൽകൽ , മന്ത്രിച്ചൂതൽ പോലുള്ള) ആത്മീയ ചികിത്സയും, ആയുർവൈദ്യവും സമന്വയിപ്പിച്ച ചികിത്സാ രീതിയായിരുന്നു അദ്ദേഹത്തിൻറെത്. ദൂര നാടുകളിൽ നിന്ന് പോലും ആളുകൾ ചികിത്സക്കായി അദ്ദേഹത്തെ തേടിയെത്താറുണ്ടായിരുന്നു. ഖാസിയായതോടു കൂടി സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലും ഉമർ ഖാസി മുദ്ര പതിപ്പിച്ചു. തറവാടുകളുടെ പേരിൽ അഹങ്കാരം നടിക്കുന്ന മുസ്ലിം പ്രമാണിമാരെ കണക്കറ്റു വിമർശിച്ചു.

ഉമർ ഖാളി പ്രവാചക തിരുമേനിയെ
പ്രകീർത്തിച്ചു രചിച്ച മദ്ഹ് കാവ്യം 

സാമൂഹിക രംഗങ്ങളിൽ ഒട്ടനേകം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ ഉമർ ഖാളി ചരിത്രത്തിൽ കൂടുതൽ അറിയപ്പെട്ടത് ബ്രിട്ടീഷ് വിരുദ്ധ പോരാളി എന്ന നിലയിലാണ്. വൈജ്ഞാനികമേഖലയിൽ ഉന്നതമായ മാറ്റങ്ങൾ തീർത്ത അദ്ദേഹം അധിനിവേശക്കാരായ ബ്രിട്ടീഷുകാർക്കെതിരെ വിപ്ലവം നയിച്ചു. യാത്രകളിലൂടെയും എഴുത്തുകളിലൂടെയും വൈദേശികാധിപത്യത്തിനെതിരെ ജനങ്ങളെ ബോധവല്ക്കരിക്കുകയും ചെയ്തു. ബ്രിട്ടീഷ് രാജിനെതിരെ വിപ്ലവത്തിന് ആഹ്വാനം ചെയ്തു പ്രസിദ്ധീകരിച്ച കൃതി ഗവർമെണ്ട് നിരോധിക്കുകയുണ്ടായി. ആത്മീയ ഗുരുവായിരുന്ന മമ്പുറം സയ്യിദ് അലവിയ തങ്ങളുമൊത്തായിരുന്നു ഉമർ ഖാസിയുടെ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങളിലധികവും. ആത്മീയ ബന്ധമുണ്ടായിരുന്ന ടിപ്പു സുൽത്താൻ ബ്രിട്ടീഷ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഉമർ ഖാസിയുടെ ബ്രിട്ടീഷ് വിരുദ്ധതയ്ക്കു കാരണമായി പറയുന്നുണ്ട്. ഒരു സാമൂഹിക വിപ്ലവകാരി എന്ന രീതിയിൽ ഉമർ ഖാസി ശ്രദ്ധിക്കപ്പെടുന്നത് തൻറെ നികുതിനിഷേധ നിലപാടിലൂടെയായിരുന്നു. ഭാരതത്തിൽ ബ്രിട്ടീഷ് സർക്കാരിനെതിരെ നികുതി നിഷേധം ഒരു സമര മുറയായി ആദ്യം സ്വീകരിച്ചത് ഉമർ ഖാളിയാണ്.

അധിനിവേശ സർക്കാരിന് നികുതി അടക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ചാവക്കാട് നിബു സായിപ് ഉമർ ഖാളിയെ ജയിലിലടച്ചു. എന്നാൽ താഴ് തുറക്കാത്ത രീതിയിൽ അത്ഭുതകരമായി അദ്ദേഹം ജയിലിൽ നിന്നും രക്ഷപ്പെട്ടു. കോടഞ്ചേരി പള്ളിയിലാണ് പിന്നീടദ്ദേഹത്തെ കണ്ടത്. വിസ്മയകരമായ ഈ രക്ഷപ്പെടൽ ആത്മീയ പുരോഹിതനായ ഉമർ ഖാളിയുടെ അത്ഭുതദൃഷ്ടാന്തമായി പ്രചരിപ്പിക്കപ്പെട്ടു.

4. പെരുമ്പടമ്പ് പുത്തൻപള്ളി ജാറം

മർഹൂം കുഞ്ഞഹമ്മദ് മുസ്‌ലിയാരാണ് പെരുമ്പടമ്പ് പുത്തൻപള്ളി ജാറത്തിൽ അന്ത്യ വിശ്രമം കൊള്ളുന്നത്. കോഴിക്കോട് ജില്ലയിലെ കൊടിയെത്തൂരിനടുത്ത് കക്കാട് എന്ന ഗ്രാമത്തിലെ പുതിയേടത്ത് തറവാട്ടിലാണ് അദ്ദേഹം ജനിക്കുന്നത്.

ബാല്യകാലം മുതൽക്കു തന്നെ ദീനീ വിജ്ഞാന സമ്പാദനത്തിനുള്ള ആവേശം കരളിൽ തളിരിടുകയും അതിനുവേണ്ടി എവിടെപ്പോകാനും സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്ത കഥാപുരുഷൻ അവസാന കാലമായപ്പോഴേക്കും വിജ്ഞാനത്തിന്റെ ബഹ്റ് തന്നെയായി മാറിയിരുന്നു.

കുഞ്ഞഹമ്മദിന്റെ സ്വഭാവം പാനൂര് ദർസിലെ ഉസ്താദ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഈ കുട്ടി യിൽ ഒരു വലിയ്യിന്റെ ലക്ഷണം തെളിഞ്ഞുകാണുന്നു. ണ്ടെന്നദ്ദേഹം മനസ്സിലാക്കി. ഐഹീകമായ ഒരു കാര്യത്തി ലും കുഞ്ഞഹമ്മദിനദ്ധ ഉള്ളതായി അനുഭവപ്പെട്ടില്ല. ദീ നി വിജ്ഞാനം സമ്പാദിക്കുന്ന കാര്യത്തിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കുന്നു. ബാക്കിയുള്ള സമയം അള്ളാഹുവിന്ന് • ഇബാദത്ത് ചെയ്യുന്നതിൽ വിനിയോഗിച്ചു. ആ പ്രായത്തിൽ മറ്റൊരാൾക്കും തോന്നാത്ത ദിനിശക്തിയും തഖ്വയും കു ഞ്ഞഹമ്മദിൽ കാണാമായിരുന്നു. ഇതെല്ലാം ശ്രദ്ധിച്ച ഗുരു നാഥൻ കുഞ്ഞഹമ്മദിനെ ഉന്നതമായ ഒരു സ്ഥാനത്തെത്തിക്കുവാൻ തന്നാൽ സാധ്യമാകുന്നതെല്ലാം ചെയ്യുവാൻ തിരു മാനിച്ചു.

സൈനുദ്ദീൻ മഖ്ദൂം (റ) പൊന്നാനി പള്ളിയിൽ ദർസു നടത്തുകയാണ്. വിശ്വപ്രസിദ്ധനാ യ ആ പണ്ഡിത ശ്രേഷ്ഠന്റെ സാന്നിദ്ധ്യത്തിലേക്കാണ് നമ്മു ടെ കഥാപുരുഷൻ പുറപ്പെട്ടിരിക്കുന്നത്. മനസ്സിൽ പലവിധ വിചാര വികാരങ്ങളുമായി അദ്ദേഹം പൊന്നാനിയിലെത്തി. മഹാനായ സൈനുദ്ദീൻ മഖ്ദൂം (റ) അവർകളുടെ ശി ഷ്യത്വം സ്വീകരിക്കാനാണ് ഇത്രയും ദൂരം താണ്ടി പൊന്നാ നിയിലെത്തിയത്. പക്ഷേ അദ്ദേഹം പറയുന്നു. പെരുമ്പടപ്പി ലേക്ക് പോകണമെന്ന്. അല്ലാഹു (സു) വിന്റെ വിധി അതാ യിരിക്കാം. എന്നുറച്ച് എല്ലാം അല്ലാഹുവിങ്കൽ ഭരമേല്പിച്ചു കൊണ്ട് സൈനുദ്ദീൻ മഖ്ദൂം (റ) അവർകളുടെ അനുവദാ ത്തോടും ആശീർവാദത്തോടും കൂടി കഥാപുരുഷൻ പെരുമ്പടപ്പിലേക്ക് യാത്ര തിരിച്ചു.

പെരുമ്പടപ്പിൽ സൈനുദ്ദീൻ റംലി (റ) യുടെ ശിഷ്യ നായി കഴിഞ്ഞുകൂടുമ്പോൾ ജീവിതത്തിൽ ഒരുപാട് വ്യതി യാനം അദ്ദേഹത്തിനുണ്ടായി. ഐഹിക ജീവിതത്തോടും അതിലെ ആഢംബരങ്ങളോടും ഒരണുവിടപോലും പ്രതി പത്തി അദ്ദേഹത്തിനുണ്ടായിരുന്നില്ല. അല്ലാഹുവെന്ന ഒരേ യൊരു വിചാരം മാത്രം ഹൃദയത്തിൽ കൂടിക്കൂടി വന്നു. അല്ലാ ഹുവിനോടുള്ള മുഹബത്ത് കൊണ്ട് മറ്റുവിചാരങ്ങളൊന്നും അദ്ദേഹത്തെ ഗ്രസിച്ചില്ല.

ദുന്യവിയായ ഒരു സുഖത്തിലേക്കും ശൈഖവർകളുടെ ശ്രദ്ധ തിരിയുകയുണ്ടായില്ല. വിവാഹം കഴിച്ച് ഭാര്യയുമായി സുഖം പങ്കിട്ട് ജീവിക്കുമ്പോൾ തന്റെ പാരത്രിക മോക്ഷങ്ങൾക്കുള്ള പ്രവർത്തനങ്ങൾക്ക് വിഘ്നം വരുമോ എന്നദ്ദേഹം ഭയന്നു. തന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്ന പാവപ്പെട്ട ഒരു പെൺകൊടിയെ വഴിയാധാരമാക്കരുതെന്ന് വിചാരിച്ച് അവളുടെ കന്യകത്വം പോലും നശിപ്പിക്കാതെ തിരിച്ചേൽപ്പിക്കുകയാണ് ആ മഹാമനസ്കൻ ചെയ്തത്.

അങ്ങനെ, ശരീഅത്തും ത്വരീഖത്തും കഴിഞ്ഞ് ഹഖീഖത്തും മഅരിഫത്തോളമെത്തിയ ആ യതിവര്യൻ തന്റെ കാലത്തുള്ള ജനങ്ങൾക്ക് കണ്ണിലുണ്ണിയായി മാറി. നാട്ടുകാർ അവിടുത്തെ നിത്യ സന്ദർശകരായി. അവർ പല ആവലാതികളും സങ്കടങ്ങളുമായി ശൈഖിനെ സമീപിച്ചുകൊണ്ടിരുന്നു. അവരുടെയെല്ലാം സങ്കടങ്ങൾക്ക് ശൈഖവർകൾ നിവാരണം കണ്ടു. അങ്ങിനെ ധന്യമായൊരു ജീവിതം നയിച്ച് മഹാനവർകൾ കാലയവനികക്കുള്ളിൽ മറഞ്ഞു.

5.കൊടുങ്ങല്ലൂർ‌

ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം
പള്ളിയാണ് ചേരമാൻ പള്ളി
(മാതൃക പുതുക്കി പണിയുന്നതിനു മുന്പ്കേ
രളീയ വാസ്തു ശില്പകലയുടെ മാതൃക കാണാം
തൃശൂർ ജില്ലയുടെ തെക്കുപടിഞ്ഞാറൻ അതിർത്തിയിലുള്ള പുരാതനമായ പട്ടണമാണ് കൊടുങ്ങല്ലൂർ‌. നിറയെ തോടുകളും ജലാശയങ്ങളും നദികളും ഉള്ള ഈ സ്ഥലത്തിന്റെ പടിഞ്ഞാറെ അതിർത്തി അറബിക്കടലാണ്‌. ചേരമാൻ പെരുമാൾമാരുടെ തലസ്ഥാനമായിരുന്നു കൊടുങ്ങല്ലൂർ. ജൂത-ക്രൈസ്തവ-ഇസ്ലാം മതക്കാരുടെ ആദ്യത്തെ സങ്കേതങ്ങളും ദേവാലയങ്ങളും ഇവിടെയാണ്‌ സ്ഥാപിതമായത്. പ്രശസ്ത നിമിഷകവിയായ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കൊടുങ്ങല്ലൂരാണ് ജീവിച്ചിരുന്നത്.


ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയുടെ
പത്തേമാരികൾ കൊടുങ്ങല്ലൂരിൽ
1708
ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിദ്, തോമാശ്ലീഹ ആദ്യമായി വന്നിറങ്ങിയ എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലം, മധുര ചുട്ടെരിച്ച കണ്ണകിയുടെ പേരിൽ ചേരൻ ചെങ്കുട്ടുവൻ നിർമ്മിച്ച അതിപുരാതനമായ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം, ഭരണി ഉത്സവം എന്നിവയാൽ ഇന്ന് കൊടുങ്ങല്ലൂർ പ്രശസ്തമാണ്. വഞ്ചി, മുസിരിസ്, മുചിരി, മുചരിപട്ടണം, ഷിംഗ്‍ലി , മഹോദയപുരം, മകോതൈ, ക്രാങ്കന്നൂർ എന്നൊക്കെയായിരുന്നു പഴയ പേരുകൾ. കോടിലിംഗപുരം എന്നും അപരനാമമുണ്ട്.

കൊടുങ്ങല്ലൂർ
പള്ളിയിലെ പഴയ
കാല മിമ്പർ
കൊടുങ്ങല്ലൂർ
പള്ളിയിലെ പഴയ
കാല വിളക്ക്




















കേരളത്തിൽ ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത മാലിക് ബ്നു ദീനാർ നിർമ്മിച്ച പള്ളികളിൽ ഒന്നാണ് ഈ പള്ളി. പിന്നീട് അദ്ദേഹത്തിന്റെ ഭരണം കൊടുങ്ങല്ലൂർ ആസ്ഥാനമായിട്ടായിരുന്നു എന്ന് ചരിത്രത്തിൽ നമുക്ക് കാണാൻ സാധിക്കും.

6. പുന്നത്തൂർകോട്ട

പുന്നത്തൂർകോട്ട ഒരു കാലത്ത് ഒരു പ്രാദേശിക ഭരണാധികാരിയുടെ കൊട്ടാരമായിരുന്നു, എന്നാൽ കൊട്ടാര മൈതാനം ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ഉടമസ്ഥതയിലുള്ള ആനകളെ പാർപ്പിക്കാൻ ഉപയോഗിക്കുന്നു. അത് ആനക്കോട്ട എന്ന് പുനർനാമകരണം ചെയ്തിട്ടുണ്ട്. 86 ആനകളാണ് ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ നിലവിൽ 59 ആനകളുണ്ട്. ഹൈന്ദവ വിശ്വാസികൾക്ക് പ്രിയപ്പെട്ട ഗുരുവായൂരപ്പയുടെ ഭക്തർ അർപ്പിക്കുന്ന ആചാരപരമായ വഴിപാടുകളാണ് ആനകൾ.
'ആനകൾക്കുള്ള കൊട്ടാരം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സൗകര്യം, വർഷം മുഴുവനും നടക്കുന്ന നിരവധി ഉത്സവങ്ങളിൽ പങ്കെടുക്കുന്നതിനും ആനകളെ പരിശീലിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. ഏറ്റവും പ്രായം കൂടിയ ആനയ്ക്ക് ഏകദേശം 82 വയസ്സ് പ്രായമുണ്ട്, അതിനെ 'രാമചന്ദ്രൻ' എന്ന് വിളിക്കുന്നു. ഗജപൂജ (ആനകളെ ആരാധിക്കുക), ആനയൂട്ട് (ആനകൾക്ക് തീറ്റ കൊടുക്കൽ) എന്നിവ വഴിപാടായി ഇവിടെ ആചരിക്കുന്നു. "ഗുരുവായൂർ കേശവൻ" എന്ന ഐതിഹാസിക ആനയെ ഇവിടെയാണ് പാർപ്പിച്ചിരുന്നത്. കോമ്പൗണ്ടിൽ ഒരു നാലുകെട്ടും ഉണ്ട്, ഒരു പരമ്പരാഗത ചതുരാകൃതിയിലുള്ള ഭവനം, നടുമുറ്റവും, അത് പുന്നത്തൂർ രാജാവിന്റെ വകയായിരുന്നു. പാപ്പാൻമാരുടെ പരിശീലന സ്‌കൂൾ ഇവിടെയുണ്ട്.
രാവിലെ 9.00 AM മുതൽ 5.00 PM വരെയാണ് സന്ദർശന സമയം. ആളൊന്നിന് 10 രൂപയാണ് പ്രവേശന ഫീസ്. കോംപ്ലക്‌സിനുള്ളിൽ ക്യാമറ ഉപയോഗിക്കുന്നതിന് 25 രൂപ അധികമായി ഈടാക്കുന്നു. ഇപ്പോൾ പുന്നത്തൂർകോട്ടയിൽ ക്യാമറ ഉപയോഗിക്കാൻ പാടില്ല. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ പുന്നത്തൂർ കോട്ടയിലാണ് ആനത്താവളം സ്ഥിതി ചെയ്യുന്നത്. 11.5 ഏക്കർ സ്ഥലത്ത് 58 ആനകളെ പാർപ്പിച്ചിരിക്കുന്ന ഈ ആനത്താവളത്തിലാണ് ഏറ്റവും കൂടുതൽ ആനകൾ ഉള്ളത്. ജൂലൈ മാസത്തിൽ ആനകൾക്ക് പ്രത്യേക ആയുർവേദ ചികിത്സയും ഭക്ഷണവും നൽകും.

7. മറൈൻ ഡ്രൈവ്

(അസ്തമാന സൂര്യൻ - കായലിൽ നിന്നുള്ള ദൃശ്യം)
കൊച്ചിയിലെ മനോഹരമായ ഒരു വിഹാര കേന്ദ്രമാണ് മറൈൻ ഡ്രൈവ്. കായലുകൾക്ക് അഭിമുഖമായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്, ഇത് പ്രദേശവാസികളുടെ ഒരു ജനപ്രിയ ഹാംഗ്ഔട്ടാണ്. കടൽമുഖത്ത് സൂര്യൻ അസ്തമിക്കുകയും ഉദിക്കുകയും ചെയ്യുന്ന കാഴ്ചയും വേമ്പനാട് കായലിൽ നിന്നുള്ള ഇളം കാറ്റും മറൈൻ ഡ്രൈവിനെ കൊച്ചിയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റി. നൂറുകണക്കിന് ആളുകൾ (സ്വദേശികളും വിനോദസഞ്ചാരികളും) വൈകുന്നേരങ്ങളിൽ നടപ്പാതയിൽ തടിച്ചുകൂടുന്നു. വൈകുന്നേരം 5 മണിക്ക് ഞങ്ങൾ അവിടെ എത്തി. ഞങ്ങൾ പോയ ബസ് ഡ്രൈവർമാർ തന്നെയാണ് അവിടെ ബോട്ടിങ് സൗകര്യം ഏർപ്പെടുത്തി തന്നതും. 100 രൂപക്ക് ഒരു മണിക്കൂറും 200 രൂപക്ക് 2 മണിക്കൂറുമാണ് ബോട്ട് യാത്ര.
ബോൾഗാട്ടി പാലസ്

ഒരു മണിക്കൂർ ആണെങ്കിൽ ബോൾഗാട്ടി പാലസിൻ്റെ അടുത്തു കൂടെ പോയി പ്രധാനപ്പെട്ടതെല്ലാം ചൂണ്ടി കാണിച്ചു തരും. രണ്ടു മണിക്കൂർ ആണെങ്കിൽ ഇതിനു പുറമെ മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി ഭാഗങ്ങളും കാണിച്ചു തരും. ഒരു മണിക്കൂറാണ് ഞങ്ങൾ എടുത്തത്. ഇങ്ങനെ ഓരോ ബോട്ടിലും കാര്യങ്ങൾ വിവരിച്ചു തരാൻ ഒരു guide വീതം ഉണ്ടാകും. അദ്ദേഹം ഓരോ കാര്യങ്ങൾ വിവരിച്ചു തുടങ്ങി:
വേമ്പനാട് കായലും പെരിയാർ കായലും ഒന്നിക്കുന്ന സ്ഥലമാണ് ഇത്. ബോൾഗാട്ടി island ലാണ് ബോൾഗാട്ടി പാലസ് ഉള്ളത്. കായലിനോട് ചേർന്ന് കിടക്കുന്ന ഈ സമുച്ചയം കണ്ണിന് ഒരു ആനന്ദം തന്നെയാണ്. ഇവിടെ പല സിനിമകളും ഷൂട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മൈ ബോസ്സിൽ നടൻ ദിലീപിൻ്റെയും വെള്ളിനക്ഷത്രത്തിൽ നടൻ പൃഥ്വിരാജിൻ്റെയും വീടായി ഈ പാലസാണ് കാണിക്കുന്നത്. എന്നാൽ ഇപ്പൊ അത് കേരളം ടൂറിസം വകുപ്പിൻ്റെ ഗസ്റ്റ് ഹൌസാണ്.

Grand Hayat

ഇതിനോട് ചേർന്നിട്ടാണ് കേരളത്തിലെ ഏറ്റവും വലിയ 5 സ്റ്റാർ ഹോട്ടലായ Grand Hayat ഉം. ലുലു ഗ്രൂപ്പാണ് ഇത് നടത്തുന്നത്. 3 ഐലൻഡുകളെ ബന്ധിപ്പിക്കുന്ന ഗോസ്‌റി പാലവും ദൂരേക്ക് കൈ ചൂണ്ടി അദ്ദേഹം കാണിച്ചു തന്നു. ദുബായ് പോർട്ട് ഏറ്റെടുത്തു നടത്തുന്ന ടെർമിനലാണ് വല്ലാർപ്പാടം കണ്ടെയ്‌നർ ടെർമിനൽ. ലോകത്തിൻ്റെ പല ഭാഗത്തു നിന്നുമുള്ള കാർഗോകൾ കണ്ടെയ്‌നറിൽ ഇവിടെ എത്തുന്നുണ്ട്.2 കപ്പൽ വീതം ഒരേ സമയം ഇവിടെ നങ്കൂരമിടാം. വലിയ ക്രെയിനുകളാണ് ഈ കപ്പലിൽ നിന്നുള്ള കണ്ടെയ്‌നറുകൾ യാർഡിലേക്ക് ഇറക്കുന്നത്.

വല്ലാർപ്പാടം കണ്ടെയ്‌നർ ടെർമിനൽ
കപ്പൽ അറബിക്കടലിൽ വന്ന ശേഷം പ്രത്യേകം തയ്യാർ ചെയ്ത രണ്ടു ബോട്ടുകൾ വീതമാണ് ടെർമിനലിലേക്ക് കൊണ്ട് വരിക. ഇവിടുത്തെ സന്ദർശനം കഴിഞ്ഞു കൊച്ചി മെട്രോയും ലുലു മാളും കയറിയതിന് ശേഷമാണ് യാത്ര തിരിച്ചത്.
ബസിൻ്റെ ഡ്രൈവർമാരായ ശിഹാബ്, അജേഷ്
ഈ യാത്രയിൽ ഏറെ സഹായിക്കുകയും ഒരു അപകടവും പ്രയാസവുമില്ലാതെ കൊണ്ടു പോയി നാട്ടിൽ തിരിച്ചെത്തിച്ച,

ഏറെ സഹായിക്കുകയും ചെയ്‌ത ബസിൻ്റെ ഡ്രൈവർമാരായ ശിഹാബ് കൊണ്ടോട്ടിക്കും അജേഷ് മുണ്ടക്കുളത്തിനും നന്ദി അറിയിച്ചു കൊണ്ട് ഈ കുറിപ്പ് വായനക്കാർക്ക് സമർപ്പിക്കുന്നു. അഭിപ്രായ നിർദേശങ്ങൾ അറിയിക്കുമെന്ന പ്രതീക്ഷയോടെ...


- കെ.എം. ജസീലുദ്ധീൻ ചെറൂപ്പ















അവലംബം:
👉 علماء العربية في الهند ومؤلفاتهم
👉 വാമൊഴികൾ 
👉  sam vlogz - YouTube
👉  Carrot Express - YouTube
👉 സമസ്‌ത ഏഴാം ക്ലാസ് പാഠപുസ്തകം: താരീഖ് 
👉 പുസ്‌തകം - പുത്തൻ പള്ളി ചരിത്രം 
👉 വിക്കിപ്പീഡിയ 






ഉരക്കുഴി വെള്ളച്ചാട്ടം

രചന: കെ.എം ജസീലുദ്ധീൻ യമാനി ചെറൂപ്പ  വായനക്കു മുമ്പ്  "പരമകാരുണികനും കരുണാനിധിയുമായ നാഥന്റെ തിരുനാമത്തിൽ ആരംഭിക്കുന്നു." യാത്ര ചെയ...