Tuesday, March 31, 2020

പുഴയോർമ്മകൾ; ഒപ്പമൊരു ജലയാത്രയും


പുഴയോർമ്മകൾ; ഒപ്പമൊരു ജലയാത്രയും



ചെറൂപ്പ എന്ന ഒരു ഗ്രാമം. കോഴിക്കോട് ജില്ലയിലെ മാവൂരിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചെറൂപ്പ. പരമ്പരാഗതമായി കൃഷി ചെയ്തുവരുന്ന വയലേലകളും തലയുയർത്തി നിൽക്കുന്ന മലനിരകൾ, കേൾക്കാൻ കൊതിക്കുന്ന കിളിനാദങ്ങൾ, പൂമണം വീശുന്ന ഇളം കാറ്റുകൾ അങ്ങനെയങ്ങനെ തുടങ്ങുന്നു ചെറൂപ്പയുടെ ഗ്രാമഭംഗി. ചെറുപുഴയാണ് ഈ നാട്ടിലെ പ്രധാന ജലസ്രോദസ്സ്. ചെറൂപ്പ - തെങ്ങിലക്കടവ് പാലം വരുന്നതിന് മുമ്പ് ജനങ്ങൾ അവരുടെ നെല്ല്, തേങ്ങ, അണ്ടി, കുരുമുളക് തുടങ്ങിയ കാർഷിക വിളകൾ ഈ പുഴ മാർഗ്ഗമാണ് ചെറുവഞ്ചിയിൽ ചന്തകളിലേക്കും കവലകിലേക്കും കൊണ്ട് പോകാറുള്ളത്.

പുഴക്കരയിലെ ഒരു കൃഷിയിടം
താമരശ്ശേരി ചുരത്തിന്റെ താഴ്‌വരയിൽ നിന്ന് മൂന്ന് വ്യത്യസ്ത നദികളായിട്ടാണ് ഇത് ഉത്ഭവിക്കുന്നത്. കൈതപ്പൊയിലിനടുത്ത് വെച്ച് ലയിച്ചു ചേരുകയും ചെറുപുഴയായി രൂപപ്പെടുകയും ചെയ്യുന്നു. മാത്രമല്ല ചെറുപുഴ കേരളത്തിലെ നദിയായ ചാലിയാറിൻ്റെ ഒരു പോഷകനദിയും കൂടിയാണ്. വർഷ കാലമായാൽ ഈ പുഴ കരകവിഞ്ഞൊഴുകും. ശക്തമായ ഒഴുക്കോടെ അത് കാണുമ്പോൾ തന്നെ വലിയ ഭീകരരൂപമാണ്. ചെറൂപ്പ - കുറ്റിക്കടവ് റോഡിൽ ഈ പുഴയുടെ ചാരത്തായാണ് കോഴിശ്ശേരി മഠത്തിൽ എന്ന എന്റെ തറവാട് സ്ഥിതി ചെയ്യുന്നത്. തറവാടിനു താഴെ വിശാലമായ ഒരു പറമ്പുണ്ട്. എന്റെ കുട്ടികാലത്ത് ഒരുപാട് ആളുകൾ കളിക്കാൻ വരുന്ന ഒരു വലിയ മൈതാനമായിരുന്നു അത്. എന്നാൽ ആ ഗൃഹാതുരത്വമെല്ലാം ഇന്ന് അന്യം നിന്നുപോയി.


കുട്ടിക്കാലത്ത് വൈകുന്നേര സമയങ്ങളിൽ പ്രദേശവാസികളായ ഒരുപാട് പേർ കക്കയും എരുന്തുമൊക്കെ പെറുക്കാൻ പുഴയിൽ വരുന്നത് സ്ഥിരം കാഴ്ചയായിരുന്നു. എന്നാൽ അതെല്ലാം ഇപ്പൊ വെറും ഓർമ്മ മാത്രം. വർഷകാലത്ത് ഇടക്ക് വരുന്ന വെള്ളപ്പൊക്കം വലിയ സന്തോഷമായിരുന്നു. ചെറുപ്പമല്ലേ.. അതിന്റെ ഗൗരവം അറിയില്ലല്ലോ...

വെള്ളപ്പൊക്കത്തിൽ പൊയിന്തൽ (നേരത്തെ പറഞ്ഞ ആ വലിയ ഗ്രൗണ്ട് / പറമ്പ്) നിറയെ വെള്ളമായിരിക്കും. ആ വെള്ളത്തിൽ ഒരു ഭാഗത്ത് ഇറങ്ങി കളിക്കാനും ചാടാനും ഉലാത്താനും നല്ല ഹരമായിരുന്നു. വെള്ളം വല്ലാതെ ഏറിയാൽ കുറ്റിക്കടവിലുള്ള അമ്മായിന്റെ വീട്ടിൽ വെള്ളം കയറും. അവിടെയുള്ളവരെ കൂട്ടിക്കൊണ്ടുവരാൻ ഉപ്പയോ എളാപ്പമാരോ അയൽവാസിയുടെ തോണിയും കൊണ്ട് വരും. പോയി വന്നാൽ ഒരു വെപ്രാളമാണ് ആ തോണിയിൽ കയറി ചുറ്റിക്കറങ്ങാൻ. പലപ്പോഴും അത് സാധിക്കാറുമുണ്ട്. പിന്നെ വല്ലിപ്പയുടെ കൂടെ പുഴയരികിലുള്ള വാഴത്തോട്ടത്തിൽ കുല വെട്ടാൻ പോകും. ഘോരമായി ഒഴുകുന്ന പുഴയുടെ ഒരു അരികിലൂടെയായിരുന്നു പോയതും തിരികെ വന്നതും. അതായിരുന്നു എന്റെ ഓർമ്മയിലെ കുട്ടിക്കാലത്തെ അവസാന തോണിയാത്ര. പക്ഷെ ജലയാത്രയോടുള്ള താല്പര്യം അന്നും അടങ്ങിയില്ല...

കുറ്റിക്കടവ് പാലം
വർഷങ്ങൾ കടന്നു പോയി. ഇതിനിടക്കുള്ള ഓരോ പ്രളയത്തിലും വീടുകൾ, കൃഷികൾ അങ്ങനെ പലതും നഷ്ടപ്പെട്ട ആളുകളുടെ കഥ കേട്ടപ്പോഴാണ് പ്രളയത്തിന്റെ ഗൗരവം എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കുന്നത്.

അങ്ങനെ.., സ്കൂളിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന കാലം. അന്ന് ഒരു സ്വാതന്ത്ര്യ ദിനത്തിന്റെ തലേ ദിവസം സ്കൂൾ നേരത്തെ വിട്ടു. വാഴക്കാട് സ്കൂളിലായിരുന്നു 10 വരെ പഠിച്ചത്. അന്ന് പ്രധാന ബുദ്ധിമുട്ട് ബസ് കിട്ടാത്തതായിരുന്നു. ഒരു ദിവസം നാട്ടിൽ നിന്നും സ്കൂളിൽ ഒപ്പം പഠിക്കുന്ന ഒരു കൂട്ടുകാരൻ ഒരു അഭിപ്രായം പറഞ്ഞു : " നമുക്ക് തോണിയിൽ പോയാലോ..?! " ആദ്യമൊന്ന് മടികാണിച്ചിരുന്നു. പിന്നെ സമ്മതിച്ചു. " ഓക്കേ.. പോകാം".

വാഴക്കാട് അടുത്തുള്ള കടവായിരുന്നു മണന്തലക്കടവ്. ഈ കടവ് കടന്നാൽ മാവൂർ എത്തും. മാവൂർ ഭാഗത്തുള്ള ഈ കടവിനും മണന്തലക്കടവ് എന്ന് തന്നെയാണ് പറയുക.. അങ്ങനെ കൂടെയുണ്ടായിരുന്ന കൂട്ടുകാരോടൊപ്പം കടവിലേക്കു നടന്നു. തോണിയിൽ കയറി. ചാലിയാറിന്റെ നടുവിൽ എത്തിതുടങ്ങുമ്പോൾ തന്നെ ഓളം വന്നു തോണി ആടിയുലയാൻ തുടങ്ങി. ചാലിയാറിനെ ആദ്യമായാണ് തൊട്ടറിയുന്നത്. അപകടം മുന്നിൽ കണ്ട സമയം. ഓരോ വിയർപ്പുകണങ്ങളും ഉറ്റി വീഴുന്നത് ശരിക്കും അറിയാൻ കഴിയും. എല്ലാവരുടെയും മുഖത്ത് പേടി കാണാം. തോണിയിൽ രണ്ടു ഇരിപ്പിടമാണ് ഉള്ളത്. ബാക്കിയുള്ളവർ ഓരോരുത്തരായി ഇരു ഭാഗങ്ങളിലായി നിലത്തിരിക്കും. ആ തോണിക്കാരന്റെ മുഖത്ത് നോക്കിയപ്പോൾ അയാൾ വളരെ നിസ്സാര ഭാവത്തോടെ ഇരിക്കുന്നു. മൂപ്പർക്ക് അതൊക്കെ പതിവാണല്ലോ.

രണ്ടു ദിവസം കഴിഞ്ഞു വീണ്ടും തീരുമാനിച്ചു ഇന്നും തോണിയിൽ തന്നെ പോകണം. ഒരു വാശിയായി. പിടുത്തം ഉറപ്പിച്ചുകൊണ്ടായിരിന്നു പിന്നെ ഇരുത്തം. പുഴയുടെ നടുവിൽ എത്തി. മുമ്പത്തെ ദിവസം പോലെ ഇന്ന് അത്ര വലിയ കാറ്റും ഓളവുമില്ല. വലിയ കുഴപ്പങ്ങളൊന്നുമില്ല. പതിയെ ചുറ്റുമുള്ള കാഴ്ചകൾ കണ്ടിരുന്നു. ഗ്വാളിയോർ റയോൺസിന്റെ പഴയ അവശിഷ്ടങ്ങൾ പുഴയിൽ നിന്നും കാണുമ്പോൾ നല്ല ഒരു അനുഭവമാണ്. പിന്നെ പിന്നെ ആ ജലയാത്ര ഒരു പതിവായി. ബസ് നിർത്തി തന്നാലും അതിൽ കയറാതെ തോണിയിൽ വരിക വരെ എത്തി കാര്യങ്ങൾ. പതിയെ തോണിയുടെ മറുഭാഗത്തുള്ള തുഴ മറ്റു യാത്രക്കാരെ പോലെ ഞാനും വലിക്കാൻ തുടങ്ങി. ആലിക്ക (തോണിക്കാരൻ) തുഴയുന്നതും ഇടക്ക് ശ്രദ്ധിക്കും. ഇങ്ങനെയാണ് തോണി തുഴയാൻ പഠിക്കുന്നത്.

ചെറുപുഴ - ഒരു സായാഹ്നക്കാഴ്ച
2018 ൽ വന്ന പ്രളയത്തിൽ, ഞാൻ പഠിക്കുന്ന ദർസിൽ അകപ്പെട്ടു പോയി. പള്ളിയുടെ ചുറ്റുഭാഗത്തും, അതുപോലെ പള്ളിയിലേക്കു വരുന്ന റോഡുകളും വെള്ളം മൂടിയിരിക്കുന്നു. Main റോട്ടിൽ ഒരാൾക്കുള്ള വെള്ളമുണ്ട്. എല്ലാ ദർസുകളും പ്രളയം കാരണം പൂട്ടി. പക്ഷെ നാട്ടിൽ പോകാൻ ഒരു വഴിയുമില്ല. Main റോട്ടിലെല്ലാം ഒരാൾക്കുള്ള വെള്ളമല്ലേ.. പിന്നെങ്ങനെ പോകും. ഓരോ ദിവസവും, ഓരോ മണിക്കൂറിലും പോയി നോക്കും വെള്ളത്തിന്റെ ഗതിയറിയാൻ. ഒരു രക്ഷയുമില്ല. എന്തായാലും വെള്ളം ഇറങ്ങാൻ കാത്തിരിന്നു. അതിനു ശേഷമായിരുന്നു പിന്നെ പോയത്. ഈ പ്രളയത്തിൽ വല്ലിപ്പയുടെ ഒരുപാട് വാഴ വെള്ളത്തിൽ നശിച്ചിരുന്നു. ബാക്കിയുള്ള വാഴക്കുലകൾ സ്വരൂപിക്കാൻ ഒരു തോണിയില്ലാത്തത് കാരണം ഒരു തോണിയങ്ങു വാങ്ങിച്ചു.

തൊട്ടടുത്ത വർഷം 2019-ൽ വീണ്ടും ഉരുൾപൊട്ടൽ. തലേ ദിവസം രാത്രി മുതൽ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. അന്നും ദർസിൽ തന്നെ. പിറ്റേന്ന് രാവിലെ വെള്ളം കാണാൻ ഇറങ്ങി. Main റോഡിൽ മുട്ടിനു വെള്ളമുണ്ട്. വാഴക്കാട് വരെ നടന്നു. ഒരു മണിക്കൂർ കഴിഞ്ഞു തിരിച്ചു വരുമ്പോഴേക്കും റോഡിൽ അരക്ക് താഴെയായി വെള്ളം. പള്ളിയിൽ എത്തിയപ്പോൾ ശക്തമായ മഴയും കാറ്റും ഇടിയും. കഴിഞ്ഞ വർഷത്തെ പോലെയാവർത്തിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഉസ്താദിന്റെ അനുവാദത്തോടെ വെള്ളം അധികം കയറുന്നതിനു മുമ്പ് തന്നെ നാട്ടിലെത്താൻ തീരുമാനിച്ചു.

നേർ റോഡിനു പോകുകയാണെങ്കിൽ വീട്ടിലേക്ക് 7.5 കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ.. പക്ഷെ ആ റോഡിൽ അരക്ക് വെള്ളമല്ലേ.. പിന്നെ പല റോഡിലൂടെയും തിരിഞ്ഞു വീട്ടിൽ എത്തിയപ്പോഴേക്കും 10 - 11 കിലോമീറ്റർ അധികം ഓടി കഴിഞ്ഞിരുന്നു.

ആ വെള്ളത്തിൽ തറവാടും എന്റെ അമ്മായിയുടെ വീടും പകുതി വെള്ളത്തിൽ ആയിക്കഴിഞ്ഞിരുന്നു. എളാപ്പന്റെ വീട്ടിൽ താമസമാക്കി ഒരു വർഷം തികയുന്നതിന് മുമ്പ് തന്നെ അതും ഒരു നില വെള്ളത്തിൽ. ആ പ്രളയകാലത്താണ് ദീർഘ കാലങ്ങൾക്ക് ശേഷം ഞാൻ തോണിയിൽ കയറുന്നത്. വെള്ളം ഇറങ്ങിപ്പോയപ്പോൾ പിന്നെ തോണി വെള്ളത്തിലിറക്കാതെ ഷഡിൽ കയറ്റി. ഇറക്കാൻ ഞാൻ ഒരുപാട് തവണ ശ്രമം നടത്തിയെങ്കിലും ആ ശ്രമങ്ങളെല്ലാം വിഫലം..

മാസങ്ങൾ കടന്നു പോയി. ലോകമാകെ കൊറോണ വൈറസിന്റെ ഭീതിയിൽ കഴിയുന്നു. കേരളത്തിൽ 21 ദിവസത്തേക്ക് ലോക്ക് ഡൌൺ. വീടിന് പുറത്തിറങ്ങരുതെന്നാണ് സർക്കാരിന്റെ കല്പന. പുറത്തിറങ്ങിയാൽ ഒരുപക്ഷെ കേരളപോലീസിന്റെ പുറം പൊളിയുന്ന ലാത്തി ചാർജ്ജ് നമ്മെ കാത്തിരിപ്പുണ്ടാവും. പൊതു നന്മക്ക് വേണ്ടി വീട്ടിൽ തന്നെ കഴിയണമെന്ന് സർക്കാറും സമസ്‌ത നേതാക്കന്മാരും പറയുന്നു. എന്തായാലും വീട്ടിൽ തന്നെ കഴിഞ്ഞു. ഒഴിവു വേളയിൽ പകുതി വെച്ചു നിർത്തിവെച്ചിരുന്ന പല പുസ്തകങ്ങളും വായിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം WhatsApp ൽ എളാപ്പയുടെ status കാണാനിടയായി. ഞാൻ കാണാൻ കൊതിച്ചത് തന്നെ. പുഴക്ക് നേരെ അക്കരെയുള്ള ഗ്രാമവനം.

ഗ്രാമവനം
 മാവൂർ പഞ്ചായത്തിന്റെ സംരക്ഷണത്തിലുള്ളതാണ് ഈ സ്ഥലം. നിറയെ മരങ്ങളും മറ്റു കാട്ടു ചെടികളും ഉൾകൊള്ളുന്ന വളരെ നയന മനോഹരമായ പ്രകൃതിയുടെ തിരുശേഷിപ്പ്. തൊട്ടടുത്ത ഫോട്ടോ വെള്ളത്തിൽ കിടക്കുന്ന ഈ തോണിയും. അടങ്ങിയിരുന്ന് ബോറടിച്ചിട്ടാവാം വെള്ളത്തിലൂടെയുള്ള ചുറ്റൽ.. 11 ദിവസമായി ഞാനും വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ട്. ഇതും കൂടി കണ്ടാൽ പിന്നെ എങ്ങനെ അടങ്ങിയിരിക്കാനാവും...?!

വഞ്ചിയാത്ര
ഒരു ദിവസം രാവിലെ തറവാട്ടിലേക്കു പോയി. സമയം രാവിലെ 8.30 കഴിഞ്ഞു. നല്ല സമയമാണ് വെയിലും ചൂടും വരുന്നതേയുള്ളൂ.. പതിയെ തോണിയിൽ കയറി കെട്ടഴിക്കുന്നതിന് മുമ്പ് തന്നെയൊന്ന് തുഴഞ്ഞ് നോക്കി. കുറേ ആയല്ലോ... കെട്ടഴിച്ച് തുഴഞ്ഞകന്നു.. പ്രകൃതിയിൽ ചാലിച്ച ഒരുപാട് പ്രാപഞ്ചിക സത്യങ്ങൾ. പക്ഷികളുടെ കളകളാരവം. വലിയ നിബിഡ വനങ്ങൾ. റോഡിലൂടെ പ്രകൃതി ആസ്വദിക്കാനിറങ്ങുന്നതും വെള്ളത്തിലൂടെയിറങ്ങുന്നതും രണ്ടും രണ്ടനുഭവങ്ങളാണ്.. അത് അനുഭവിച്ചറിയുക.

എല്ലാ അനുവാചകരെയും പ്രകൃതിയിലേക്ക് ക്ഷണിക്കുന്നു.. ഇത്തരം നല്ല അനുഭവങ്ങൾ ഇനിയുമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.. പ്രത്യാശിക്കുന്നു..



                                                                   

                                                                    - കെ.എം. ജസീലുദ്ധീൻ ചെറൂപ്പ 

ഉരക്കുഴി വെള്ളച്ചാട്ടം

രചന: കെ.എം ജസീലുദ്ധീൻ യമാനി ചെറൂപ്പ  വായനക്കു മുമ്പ്  "പരമകാരുണികനും കരുണാനിധിയുമായ നാഥന്റെ തിരുനാമത്തിൽ ആരംഭിക്കുന്നു." യാത്ര ചെയ...